| Thursday, 13th June 2019, 3:26 pm

'വിധിയും പ്രഖ്യാപിച്ച് ജഡ്ജി വീട്ടില്‍ ചെല്ലുമ്പോള്‍ ഭാര്യ വേറൊരാളുടെ ഒപ്പം കിടക്ക പങ്കിടുന്നത് കണ്ടാലെന്താ തോന്ന്വാ' ജഡ്ജിമാരെ അധിക്ഷേപിച്ച് കെ. സുധാകരന്‍; കയ്യടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ശബരിമല യുവതീ പ്രവേശനമടക്കുമുള്ള വിധികള്‍ പ്രസ്താവിച്ചതിന് ജഡ്ജിമാരെ അധിക്ഷേപിച്ച് നിയുക്ത എം.പി കെ. സുധാകരന്‍. സി.ഓ.ടി നസീറിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല യുവതീ പ്രവേശനം, ദാമ്പത്യേതര ബന്ധം, സ്വര്‍ഗ വിവാഹം എന്നീ വിഷയങ്ങളില്‍ കോടതി സ്വീകരിച്ച നിലപാട് ഉയര്‍ത്തിക്കാട്ടിയാണ് കെ. സുധാകരന്‍ ജഡ്ജിമാരെ അധിക്ഷേപിച്ചത്.

‘തലയും വാലും മൂക്കും ചെവിയും അടക്കപ്പെട്ട നീതി പീഠത്തിന്റെ മനസിനകത്ത് ഒരു ജഡ്ജ്‌മെന്റ് പ്രഖ്യാപിക്കുമ്പോള്‍ ആ വിധി സമൂഹത്തില്‍ എന്ത് പ്രതികരണമുണ്ടാക്കും എന്ന് ചിന്തിക്കേണ്ട ഉത്തരവാദിത്തം ജഡ്ജിമാര്‍ക്കുണ്ട്. തന്റെ ജഡ്ജിമെന്റ് സമൂഹത്തിലുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതമെന്താണെന്ന് ജഡ്ജി ആലോചിക്കണം. അതോര്‍ക്കേണ്ടേ. അതിനു മുമ്പ് രണ്ട് വിധി വന്നു. ഒന്ന് ദാമ്പത്യേതര ബന്ധം. രണ്ട് സ്വവര്‍ഗ കല്ല്യാണം. ഞാന്‍ ചോദിച്ചു, ഈ ജഡ്ജി ഈ ജഡ്ജ്‌മെന്റും പ്രഖ്യാപിച്ച് വീട്ടില്‍ ചെല്ലുമ്പോള്‍ ഭാര്യ വേറൊരാളുടെ ഒപ്പം ഒരു കിടക്ക പങ്കിടുന്നത് കണ്ടാല്‍ ഇയാള്‍ക്കെന്താ തോന്ന്വാ. ഇയാളവിടെ ഇയാള് പ്രഖ്യാപിച്ച വിധിയും പറഞ്ഞ് പോകുകയാണോ ചെയ്യുക. നിനക്ക് സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞിട്ട്’ എന്നാണ് കെ. സുധാകരന്‍ പറഞ്ഞത്. കയ്യടിയോടെയാണ് സുധാകരന്റെ പ്രസ്താവനയെ സദസിലുള്ളവര്‍ എതിരേറ്റത്.

കുടുംബ ജീവിതത്തിന്റെ ഭദ്രതയില്‍ കെട്ടിയുറപ്പിച്ച നാടാണ് ഇന്ത്യ. ലോകത്തെവിടെയും ഇതുപോലെ കുടുംബ ബന്ധമില്ല, കുടുംബ ജീവിതമില്ല. ആ കുടുംബ ബന്ധം തകരുന്ന ഒരു വിധി പ്രഖ്യാപിച്ച ആ ജഡ്ജി ഈ സമൂഹത്തോട് നീതിയാണോ കാട്ടിയത്, അനീതിയാണോയെന്ന് പരിശോധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചതിനെയും സുധാകരന്‍ എതിര്‍ത്തു. ‘വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ഒരു ഭരണകൂടത്തിനും അവകാശമില്ല. ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ ഭരണഘടനയില്‍ വ്യക്തമായ ചട്ടങ്ങളുണ്ട്. ആ വകുപ്പിലേക്കൊന്നും കോടതി പോയിട്ടില്ല. കോടതി തീരുമാനമെടുക്കുമ്പോള്‍ നേരത്തെയുള്ള ദേവസ്വം ബോര്‍ഡിന്റെ സത്യവാങ്മൂലം, സംസ്ഥാന സര്‍ക്കാറിന്റെ സത്യവാങ്മൂലങ്ങള്‍, അവസാനത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യവാങ്മൂലം ഇതെല്ലാം അവിടെ സ്ത്രീ പ്രവേശനം നിരോധിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. പക്ഷേ ശബരിമലയില്‍ സ്ത്രീ പ്രവേശനം നിഷേധിച്ചിട്ടുണ്ടോ? എന്താണ് സത്യം, നിയന്ത്രിച്ചിട്ടേയുള്ളൂ. നിഷേധിച്ചിട്ടില്ല. നിരോധിച്ചിട്ടില്ല. പത്തു മുതല്‍ അമ്പതു വയസുവരെ പ്രായമുള്ളവര്‍ക്ക് പോകാന്‍ പറ്റില്ല. അത് നിരോധനമല്ല നിയന്ത്രണമാണ്. കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഇത്തരം നിയന്ത്രണങ്ങളുണ്ട്. ‘ സുധാകരന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more