| Sunday, 26th March 2023, 4:02 pm

'രാഹുല്‍ ഗാന്ധിക്കല്ലെങ്കില്‍ പിന്നെയാര്‍ക്കാണ് പിന്തുണ'; എം.വി ഗോവിന്ദനെതിരെ കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി.

രാഹുലിനല്ലെങ്കില്‍ പിന്നെയാര്‍ക്കാണ് സി.പി.ഐ.എമ്മിന്റെ പിന്തുണയെന്ന് എം.വി ഗോവിന്ദന്‍ വ്യക്തമാക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. രാഹുലിനല്ല പിന്തുണയെന്ന് പറയുന്നെങ്കില്‍ അദ്ദേഹത്തിന്റെ ബുദ്ധിക്ക് സാരമായ പ്രശ്‌നമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയെന്ന വ്യക്തിക്കല്ല പിന്തുണ നല്‍കുന്നതെന്ന് പറഞ്ഞ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ക്കെതിരായ പ്രതിരോധങ്ങള്‍ക്കുള്ള പിന്തുണയാണ് പാര്‍ട്ടി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനോടായിരുന്നു സുധാകരന്റെ പ്രതികരണം.

ഏത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ബി.ജെ.പി ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിച്ചാലും സി.പി.ഐ.എം സമാന നിലപാട് കൈക്കൊള്ളുമെന്നും ലക്ഷദ്വീപ് എം.പിയെ അയോഗ്യനാക്കിയ നടപടിയിലും തങ്ങളുടെ നിലപാട് മറ്റൊന്നായിരുന്നില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ ദല്‍ഹിയില്‍ നടന്ന പ്രതിഷേധത്തില്‍ നിന്ന് കോണ്‍ഗ്രസ് എം.പിമാര്‍ വിട്ടു നിന്ന കാര്യം അന്വേഷിക്കുമെന്നും വിഷയത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി റിപ്പോര്‍ട്ട് വന്ന ശേഷം പ്രതികരിക്കാമെന്നും സുധാകരന്‍ വ്യക്തമാക്കി.

രാഹുലിനെതിരായ നടപടികളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ അറസ്റ്റ് വരിക്കുന്നതില്‍ നിന്ന് പല കോണ്‍ഗ്രസ് എം.പിമാരും ഒഴിഞ്ഞു മാറിയിരുന്നു. നാട്ടിലേക്കുള്ള മടക്കയാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്തെന്ന കാരണം പറഞ്ഞാണ് എം.പിമാര്‍ അറസ്റ്റില്‍ നിന്നൊഴിഞ്ഞതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്നാണ് സുധാകരന്‍ വ്യക്തമാക്കിയത്.

കോണ്‍ഗ്രസിനെ കൂടാതെ ഡി.എം.കെ, ആംആദ്മി എന്നിവരും ഇടതു പാര്‍ട്ടികളും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. സി.പി.ഐ.എം എം.പിമാരായ എ.എം ആരിഫ്, എ.എ റഹിം, വി. ശിവദാസ്, സി.പി.ഐ എം.പിയായ പി. സന്തോഷ് കുമാര്‍ എന്നിവര്‍ മാര്‍ച്ചിനിടെ അറസ്റ്റ് വരിച്ചിരുന്നു.

ഇടത് എംപിമാര്‍ പോലും അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍, കോണ്‍ഗ്രസ് എം.പിമാര്‍ വിട്ടു നിന്നതാണ് ചര്‍ച്ചക്ക് വഴി വെച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാരായ രമ്യ ഹരിദാസ്, ജെബി മേത്തര്‍, കെ.സി വേണുഗോപാല്‍, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ. മുരളീധരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ആന്റോ ആന്റണി, വി.കെ ശ്രീകണ്ഠന്‍ എന്നിവരും അറസ്റ്റ് വരിച്ചിരുന്നു.

Content Highlights: K. Sudhakaran against CPI(M) stand on Rahul Gandhi’s disqualification issue

We use cookies to give you the best possible experience. Learn more