| Sunday, 20th August 2023, 10:38 pm

"ചോരപ്പുഴകള്‍ നീന്തികേറിയ പിണറായി ഒരു യുവ എം.എല്‍.എയുടെ ചോദ്യങ്ങളെ ഭയന്ന് ഒളിച്ചിരിപ്പാണ്"

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാത്യു കുഴല്‍നാടന്‍ എണ്ണിയെണ്ണി ചോദിച്ച ചോദ്യങ്ങള്‍ക്ക് തന്റേടമുണ്ടെങ്കില്‍ സി.പി.ഐ.എം സംസ്ഥാന നേതൃത്വം ഉത്തരം പറയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. മുഖ്യമന്ത്രി വിജയന്റെ മടിയില്‍ കനമുണ്ടെന്നും അതിന്റെ പേരില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും ഒന്നടങ്കം ഭയപ്പെടുകയാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ സുധാകരന്‍ പറഞ്ഞു.

‘എത്ര അന്വേഷണ ഏജന്‍സികളെ പുറകെ വിട്ടാലും, മാത്യുവിന്റെ സത്യസന്ധതയ്ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കില്ല, കേട്ടോ പിണറായി വിജയാ.

കോടിക്കണക്കിന് രൂപയാണ് മുഖ്യമന്ത്രിയുടെ മകള്‍ അനധികൃതമായി കൈപ്പറ്റിയതായി രേഖകള്‍ പുറത്തുവരുന്നത്. ആ പണം എങ്ങനെ സ്വന്തമായെന്നോ, ആ പണത്തിന് നികുതി അടച്ചെന്നോ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കോ മുഖ്യമന്ത്രിക്കോ മകളുടെ ഭര്‍ത്താവിനോ കഴിയാതെ പോകുന്നു. ഇതിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ പോലും കഴിയാതെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി എഴുന്നേറ്റ് ഓടിയത് സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ ജീര്‍ണത വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി വിജയന്റെ മടിയില്‍ കനമുണ്ട്. അതിന്റെ പേരില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും ഒന്നടങ്കം ഭയപ്പെടുകയാണ്. മാത്യു കുഴല്‍നാടന്‍ എണ്ണിയെണ്ണി ചോദിച്ച ചോദ്യങ്ങള്‍ക്ക് തന്റേടം ഉണ്ടെങ്കില്‍ സി.പി.ഐ.എം സംസ്ഥാന നേതൃത്വം ഉത്തരം പറയണം,’ സുധാകരന്‍ പറഞ്ഞു.

സത്യസന്ധതയുണ്ടെങ്കില്‍ ആരോപണങ്ങള്‍ക്ക് ഉത്തരം പറയാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

‘ചോരപ്പുഴകള്‍ നീന്തികേറി എന്നൊക്കെ കള്ളക്കഥകള്‍ പറഞ്ഞ് അണികളെ രോമാഞ്ചപ്പെടുത്തുന്ന മുഖ്യമന്ത്രി ഒരു യുവ എം.എല്‍.എയുടെ ചോദ്യങ്ങളെ ഭയന്ന് ക്ലിഫ് ഹൗസിന്റെ അട്ടത്ത് കേറി ഒളിച്ചിരിക്കുകയാണ്. ജീവിതത്തില്‍ അല്‍പമെങ്കിലും സത്യസന്ധതയുണ്ടെങ്കില്‍ ആരോപണങ്ങള്‍ക്ക് ഉത്തരം പറയണം പിണറായി വിജയന്‍.

കൈയ്യിലുള്ള അന്വേഷണ ഏജന്‍സികളെ വിട്ട് ഭയപ്പെടുത്തിയാല്‍ നെഞ്ചുവേദന അഭിനയിച്ച് ബോധംകെട്ട് വീഴുന്ന രാഷ്ട്രീയക്കാരെ ആയിരിക്കും സിപിഎം നേതാക്കള്‍ കണ്ടിട്ടുണ്ടാകുക. ഇത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. പിണറായി വിജയന്റെ ഉമ്മാക്കികള്‍ക്ക് പുല്ലുവില പോലും കല്‍പ്പിക്കാത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്,’ സുധാകരന്‍ പറഞ്ഞു.

Content Highlight: K. Sudhakaran against CM Pinarayi Vijayan 
We use cookies to give you the best possible experience. Learn more