| Wednesday, 10th January 2018, 7:27 am

എ.കെ.ജി കണ്ണൂരില്‍ അക്രമങ്ങള്‍ക്ക് വഴിയൊരുക്കിയ സി.പി.ഐ.എം നേതാവ്; അദ്ദേഹം മാതൃകാപുരുഷനോ മഹാനോ ആണെന്നു പറയാന്‍ കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ക്കാവില്ലെന്നും കെ സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: വി.ടി ബല്‍റാമിന്റെ എ.കെ.ജി വിരുദ്ധ പരാമര്‍ശം ചര്‍ച്ചയാകുമ്പോള്‍ കണ്ണൂരില്‍ അക്രമങ്ങള്‍ക്ക് വഴിയൊരുക്കിയ ആദ്യ സി.പി.ഐ.എം നേതാവാണ് എ.കെ.ജിയെന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ജില്ലയിലെ ജനാധിപത്യം തകര്‍ക്കാന്‍ ആദ്യം നേതൃത്വംകൊടുത്തയാളാണ് എ.കെ.ജിയെന്നും സുധാകരന്‍ കണ്ണൂരില്‍ ജില്ലാ കോണ്‍ഗ്രസിന്റെ എക്സിക്യുട്ടീവ് യോഗം ഉദ്ഘാടനംചെയ്യവ്വേ പറഞ്ഞു.

“എ.കെ.ജി.യെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് എന്തുകൊണ്ടാണ് പറയുന്നത്? അദ്ദേഹം ദിവ്യനോ മാതൃകാപുരുഷനോ മഹാനോ ആണെന്നു പറയാന്‍ കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ക്കാവില്ല” സുധാകരന്‍ പറഞ്ഞു. എ.കെ.ജി.യെ സി.പി.ഐ.എം പര്‍വതീകരിക്കുകയാണെന്നും കോണ്‍ഗ്രസിന് അതിന്റെയാവശ്യമില്ലെന്നും പറഞ്ഞ അദ്ദേഹം ഒരു രാഷ്ട്രീയനേതാവ് എന്ന നിലയില്‍ എ.കെ.ജി.യെ ബഹുമാനിക്കുന്നെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍ ഒരു ബഹുമാനവും ഇല്ലെന്നും
പറഞ്ഞു.

“പെരളശ്ശേരിയിലും പരിസരത്തും പാര്‍ട്ടിഗ്രാമമുണ്ടാക്കാനും വീടുകള്‍ ആക്രമിക്കാനും ജനങ്ങളെ ഭയപ്പെടുത്തി അക്രമം നടത്താനും നേതൃത്വംകൊടുത്ത നേതാവാണ് എ.കെ.ജി. എന്നുപറയാന്‍ ഒരു മടിയുമില്ല. ബല്‍റാമിന് തെറ്റുപറ്റിയെങ്കില്‍ അത് പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടുണ്ട്. അതിന് അദ്ദേഹത്തിന്റെ ഓഫീസ് എറിഞ്ഞുതകര്‍ക്കുന്നത് എന്തു നീതിയാണ്” കെ.സുധാകരന്‍ ചോദിച്ചു.

“വിശ്വനേതാവായ ഗാന്ധിജിയുള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ തെറിവിളിച്ചവരാണ് സി.പി.ഐ.എം ആ പാര്‍ട്ടിയെടുത്ത നിലപാട് എം.എം. മണിയോട് കോണ്‍ഗ്രസ് കാണിച്ചെങ്കില്‍ ഇടുക്കിയില്‍ ഒറ്റ പാര്‍ട്ടി ഓഫീസും കാണില്ലായിരുന്നു”. സുധാകരന്‍ പറഞ്ഞു. ബല്‍റാമിനെതിരായ പ്രതികരണങ്ങളോട് പ്രതികരിച്ച സുധാകരന്‍ സംസ്ഥാനത്തെ സി.പി.ഐ.എം-സി.പി.ഐ പോരില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ വി.ടി.ബല്‍റാമിനെപ്പോലുള്ള നേതാവിനെ വേട്ടയാടുകയാണെങ്കില്‍ അത് അംഗീകരിക്കാന്‍ കോണ്‍ഗ്രസിനാവില്ലെന്നും പറഞ്ഞു.

We use cookies to give you the best possible experience. Learn more