സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി; സഹകരിക്കാന്‍ തയ്യാറെന്ന് കെ. സുധാകരന്‍
Kerala News
സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി; സഹകരിക്കാന്‍ തയ്യാറെന്ന് കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th June 2023, 11:27 am

ന്യൂദല്‍ഹി: കേരള പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും തനിക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. തന്നെ കേന്ദ്രീകരിച്ചല്ലെങ്കിലും ഭാര്യയുടെ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും സുധാകരന്‍ ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയെ കണ്ട് പാര്‍ട്ടിയിലെ ആഭ്യന്തര കാര്യങ്ങള്‍ വിശദീകരിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

‘ഭാര്യ ജോലി ചെയ്യുന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെ പേരിലാണ് ഒരു കത്ത് വന്നിരിക്കുന്നത്. ഭാര്യയുടെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് നിന്നുള്ള ഒരു പൊലീസ് സംഘമെത്തി. ഇതേ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തനിക്കറിയില്ല. സ്‌കൂളിലൊരു കത്ത് കിട്ടിയെന്ന വിവരം മാത്രമാണുള്ളത്.

എന്റെ സാമ്പത്തിക വരുമാനത്തെക്കുറിച്ചോ വരുമാന സ്രോതസിനെ കുറിച്ചോ എന്ത് അന്വേഷണം നടത്തിയാലും അതുമായി സഹകരിക്കാന്‍ ഞാന്‍ തയ്യാറാണ്. എവിടെയെങ്കിലും കള്ളപ്പണമോ മറ്റോ ഉണ്ടെങ്കില്‍ കണ്ടെടുത്തോട്ടെ, ശിക്ഷിച്ചോട്ടെ. ശിക്ഷ വാങ്ങാനും ഞാന്‍ തയ്യാറാണ്,’ സുധാകരന്‍ പറഞ്ഞു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരായ മാനനഷ്ടക്കേസില്‍ നിയമപരമായ രീതിയില്‍ തന്നെ മുന്നോട്ടുപോകുമെന്നും രണ്ട് ദിവസത്തിനകം തന്നെ ഫയല്‍ ചെയ്യുമെന്നും കെ. സുധാകരന്‍ പറഞ്ഞു.

‘അതിന് ഗോവിന്ദന്‍ വിറയ്‌ക്കേണ്ട കാര്യമൊന്നുമില്ല. ഒരാള്‍ ആരോപണമുന്നയിച്ചാല്‍ അത് വ്യവസ്ഥാപിതമായ മാര്‍ഗത്തിലൂടെ ചോദ്യം ചെയ്യേണ്ടത് എന്റെ ധര്‍മമാണ്, എന്റെ ആവശ്യവുമാണ്. അതുകൊണ്ട് അത് ഞാന്‍ തുടരും. അയാളുടെ ഉപദേശം വാങ്ങിയിട്ടല്ലല്ലോ ഞാനെന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്,’ സുധാകരന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ കണ്ട് പാര്‍ട്ടിയിലെ ആഭ്യന്തര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ദല്‍ഹിയില്‍ എത്തിയിരിക്കുന്നതെന്നും തനിക്കെതിരായ കേസിന്റെ വിവരങ്ങള്‍ അദ്ദേഹത്തെ ധരിപ്പിക്കുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.

അതേസമയം, കെ. സുധാകരന്റെ മുന്‍ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബുവാണ് സുധാകരന്‍ മോന്‍സണിന്റെ പക്കല്‍ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയെന്ന പരാതി വിജിലന്‍സിന് നല്‍കിയത്. കണ്ണൂരില്‍ ഓഫീസ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്നടക്കം സുധാകരന്‍ വന്‍തോതില്‍ പണം പിരിച്ചിരുന്നു.

ഇതില്‍ വലിയ തട്ടിപ്പ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ ഡ്രൈവര്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് വിജിലന്‍സ് നടത്തുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlights: k sudhakaran admits economical crime unit of kerala police is investigating his assets