തിരുവനന്തപുരം: താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് പാര്‍ട്ടിയിലെ ചിലര്‍ പ്രചരിപ്പിക്കുന്നതായി കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. ശബരിമലയില്‍ യുവതികളെ തടയുമെന്ന് താന്‍ പറഞ്ഞതായി ആരോപണമുണ്ടെന്നും അത്തരത്തിലോരു പ്രസ്താവന തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലാണ് സുധാകരന്‍ ഇക്കാര്യം പറഞ്ഞത്. ശബരിമലയില്‍ യുവതികളെ തടയുമെന്ന് പറഞ്ഞിട്ടില്ലെന്ന് കെ.സുധാകരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ അവകാശപ്പെട്ടു. ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ കോണ്‍ഗ്രസ് തടയാന്‍ തയാറാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും പറഞ്ഞു. സമരങ്ങള്‍ അക്രമപാതയിലേക്ക് പോകരുതെന്നും യോഗം അഭിപ്രായപ്പെട്ടു.
നേരത്തെ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധ വന്നയുടനെ കോടതിയെ വിമര്‍ശിച്ച് സുധാകരന്‍ രംഗത്തെത്തിയിരുന്നു. ക്ഷേത്രവിശ്വാസം നിയമം കൊണ്ട് വ്യാഖ്യാനിക്കേണ്ടതല്ല. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിധി കോടതി പുനപരിശോധിക്കണമെന്നുമായിരുന്നു സുധാകരന്റെ നിലപാട്.
പിന്നീട് പുനപരിശോധനാ ഹരജി തള്ളിയാലും പ്രതിഷേധം തുടരുമെന്നും ആവശ്യമെങ്കില്‍ ശബരിമലയിലേക്ക് പോകുമെന്നും വരെ സുധാകരന്‍ പരസ്യമായി പറഞ്ഞിരുന്നു.
നേരത്തെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും എ.ഐ.സി.സി. അംഗവുമായ ജി. രാമന്‍ നായര്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. അതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് നിരവധി നേതാക്കള്‍ ബി.ജെ.പിയില്‍ എത്തുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.