|

സ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാവും; മകളോ മകനോയെന്നത് കുടുംബം തീരുമാനിക്കും: സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെയാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഇക്കാര്യം കുടുംബവുമായി ചര്‍ച്ച ചെയ്യുമെന്നും മകളാണോ മകനാണോ മത്സരിക്കേണ്ടതെന്ന് കുടുംബത്തിന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ച് അനിശ്ചിതത്ത്വമൊന്നുമില്ല. സ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെയായിരിക്കും. കുടുംബവുമായുള്ള ചര്‍ച്ച അനുശോചന യോഗത്തിന് ശേഷമായിരിക്കും നടക്കുക. ഉമ്മന്‍ചാണ്ടിയുടെ മകനാണോ മകളാണോ മത്സരിക്കേണ്ടതെന്ന് കുടുംബവുമായി ആലോചിച്ച് തീരുമാനിക്കും. പാര്‍ട്ടിയല്ല ഇക്കാര്യം തീരുമാനിക്കേണ്ടത്, കുടുംബം നിര്‍ദേശിക്കുന്ന പേരായിരിക്കും പാര്‍ട്ടി സ്വീകരിക്കുക,’ കെ. സുധാകരന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയോട് ആദരവും ബഹുമാനവും ഉണ്ടെങ്കില്‍ ഭരണപക്ഷം മത്സരം ഒഴിവാക്കണമെന്നും അത് അവര്‍ കാണിക്കേണ്ട ഔചിത്യമാണെന്നും സുധാകരന്‍ പറഞ്ഞു. ഗുണകരമല്ലാത്ത വാക്കുകള്‍ ചെവിക്ക് പുറത്ത് എന്ന ഒരു വാക്യമുണ്ട് മലയാളത്തില്‍. അതാണ് ഉമ്മന്‍ ചാണ്ടിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച വിനായകന്റെ കാര്യത്തില്‍ പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: K Sudhakaran about puthuppalli election