തെളിവുകള്‍ നശിപ്പിക്കാന്‍ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയമുണ്ട്; മന്‍സൂര്‍ വധക്കേസ് പ്രതിയുടെ മരണത്തില്‍ കെ. സുധാകരന്‍
Kerala
തെളിവുകള്‍ നശിപ്പിക്കാന്‍ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയമുണ്ട്; മന്‍സൂര്‍ വധക്കേസ് പ്രതിയുടെ മരണത്തില്‍ കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th April 2021, 12:56 pm

കണ്ണൂര്‍: മന്‍സൂര്‍ വധക്കേസ് പ്രതി തൂങ്ങിമരിച്ചതില്‍ സംശയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. തെളിവുകള്‍ നശിപ്പിക്കാന്‍ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്നാണ് സംശയമെന്നും ഫസല്‍ വധക്കേസിലും രണ്ടു പ്രതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചെന്നും സുധാകരന്‍ ആരോപിച്ചു. മന്‍സൂറിന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരന്‍.

എന്തിന് വേണ്ടിയാണ് ഒരു യുവാവിനെ കൊലചെയ്തതെന്നും അവന്റെ മാതാപിതാക്കളുടെ കണ്ണീരും വേദനയും കാണാന്‍ കഴിയില്ലെന്നും സന്ദര്‍ശന ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ രമേശ് ചെന്നിത്തല പ്രതികരിച്ചു.

യഥാര്‍ത്ഥ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം, എന്നാല്‍ നിലവിലെ അന്വേഷണത്തില്‍ അതിന് കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്നലെയാണ് പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രതീഷ് കൂലോത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വളയം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കാലിക്കുളമ്പ് എന്ന സ്ഥലത്ത് ആളൊഴിഞ്ഞ പറമ്പിലാണ് രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ രതീഷ് ഒളിവില്‍ പോയിരുന്നു. ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസികൂടിയാണ് രതീഷ്.

വോട്ടെടുപ്പ് കഴിഞ്ഞ ഏപ്രില്‍ ആറിനാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൂടിയായ മന്‍സൂറിനും സഹോദരനും വെട്ടേല്‍ക്കുന്നത്. വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ട് പോയാണ് ആക്രമിച്ചതെന്ന് ഗുരുതരമായി പരുക്കേറ്റ സഹോദരന്‍ മുഹ്സിന്‍ പറഞ്ഞിരുന്നു. പ്രതികളെ കണ്ടാല്‍ അറിയാമെന്നും അക്രമിച്ചത് ഇരുപതോളം വരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നും മുഹ്സിന്‍ പറഞ്ഞിരുന്നു.

ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ. ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഡി.വൈ.എഫ്.ഐ നേതാവ് കെ. സുഹൈല്‍ ആണ് മുഖ്യ ആസൂത്രകനെന്നും 25 പേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. പ്രതികളില്‍ 11 പേരെ തിരിച്ചറിഞ്ഞെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

മന്‍സൂറിന്റെ അയല്‍വാസിയായ ഷിനോസിനെ മാത്രമാണ് കേസില്‍ പിടികൂടാനായിട്ടുള്ളത്. മറ്റു പ്രതികളെല്ലാം ഒളിവിലാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K Sudhakaran About Manzoor Murder Case Victim Suicide