| Wednesday, 9th June 2021, 10:54 am

എനിക്കു പ്രത്യേകിച്ചു ഒരു ഗ്രൂപ്പുമില്ല; പ്രത്യേക സാഹചര്യം മനസിലാക്കി കോണ്‍ഗ്രസിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നു കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ഗ്രൂപ്പിനതീതനായി ആയിരിക്കും താന്‍ പ്രവര്‍ത്തിക്കുകയെന്നു നിയുക്ത കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. താന്‍ പ്രത്യേകം ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ലെന്നും സുധാകരന്‍ പറഞ്ഞു.

കഴിവും പ്രാപ്തിയുമില്ലാത്ത ആളുകളെ ഭാരവാഹികളാക്കി വെച്ചതാണു നേതൃസ്ഥാനത്തു വന്ന അപചയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എനിക്കു ഗ്രൂപ്പില്ല. എനിക്കു നേരത്തെയും ഗ്രൂപ്പൊന്നുമില്ല. രമേശ് ചെന്നിത്തലയുമായി സഹകരിച്ചാണു പോയതെന്നു മാത്രം. ഒരു ഗ്രൂപ്പിന്റെ വക്താവായൊന്നും നിന്നിട്ടില്ല. 1992ലെ തെരഞ്ഞെടുപ്പില്‍ രണ്ടു ഗ്രൂപ്പുകളും എനിക്കു എതിരെ നിന്നിട്ടാണു ഞാന്‍ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് ആകുന്നത്. അന്നു മുതല്‍ രാഷ്ട്രീയത്തില്‍ വലിയൊരു ഗ്രൂപ്പിന്റെ പിന്തുണയില്ലാതെയാണു പ്രവര്‍ത്തിക്കുന്നത്. ഗ്രൂപ്പിനു അതീതമായി പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടു പോവുകയാണ് എന്റെ ദൗത്യം എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെ ഒറ്റക്കെട്ടായി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട സവിശേഷമായ കാലഘട്ടമാണിത്,’ സുധാകരന്‍ പറഞ്ഞു.

നേതാക്കളുടെ അക്കൗണ്ടബിലിറ്റിയെക്കുറിച്ചു കൃത്യമായി പരിശോധിക്കാത്തതാണു കോണ്‍ഗ്രസിന്റെ പരാജയത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.

‘ഈ കാലത്തിന്റെ പ്രത്യേകത എല്ലാ ഗ്രൂപ്പു നേതാക്കളും ഉള്‍ക്കൊള്ളുമെന്നു കരുതുന്നു. നേതൃസ്ഥാനത്തു വന്ന അപചയം കഴിവില്ലാത്ത, പ്രാപ്തിയില്ലാത്ത ആളുകളെ ഭാരവാഹികളാക്കി വെച്ചു എന്നതാണ്. ജംബോ കമ്മിറ്റികളുണ്ടാക്കി. ഒരു നേതാവിന്റെയും അക്കൗണ്ടബിലിറ്റി പരിശോധിക്കാന്‍ പറ്റിയില്ല. ആ പോരായ്മകളാണു കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം,’ സുധാകരന്‍ പറഞ്ഞു.

കഴിവുള്ളവരും ഇല്ലാത്തവരും അതിനകത്ത് ഉണ്ടായിരുന്നു. സ്വന്തക്കാരെ കുത്തിതിരുകിയപ്പോള്‍ പാര്‍ട്ടിയുടെ പ്രാപ്തി നഷ്ടപ്പെട്ടു. ഇനി അങ്ങനൊരു അപചയം ഇല്ലാതിരിക്കാനുള്ള നടപടികള്‍ എടുക്കും. നേതാക്കളുടെ എണ്ണത്തിലല്ല, വണ്ണത്തിലാണു കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

മണ്ഡലം കമ്മിറ്റിയും വാര്‍ഡു കമ്മിറ്റിയിലും മികച്ച നേതാക്കളുണ്ടായാല്‍ ജനങ്ങളുമായുള്ള ബന്ധം കെട്ടുറപ്പുള്ളതാവും. ദുര്‍ബലര്‍ വന്നാല്‍ പാര്‍ട്ടിയുടെ താളം തെറ്റും. അതുകൊണ്ടു ബൂത്ത് തലം തൊട്ടു മാറ്റമുണ്ടാകും.

അടിത്തട്ടില്‍ നിന്നും പ്രവര്‍ത്തിച്ചു വന്നിട്ടുള്ള ആളാണു താനെന്നും മുകളില്‍ നിന്നു വന്നതല്ല എന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ആരും ഗ്രൂപ്പിന് അതീതരല്ല എന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് കെ.സി. ജോസഫ് പറഞ്ഞിരുന്നു. കെ. സുധാകരനടക്കം ആരും ഗ്രൂപ്പിനതീതരല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: K Sudhakaran about KPCC presidential position and group

Latest Stories

We use cookies to give you the best possible experience. Learn more