| Friday, 1st July 2022, 2:06 pm

മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും മാന്യത തകരുന്ന ഘട്ടമെത്തിയപ്പോള്‍ ഒരു ബോംബേറ്: പ്രതികരിച്ച് സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: എ.കെ.ജി സെന്ററിനെതിരായ ബോംബേറ് സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ നാടകമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും മാന്യത തകരുമെന്ന ഒരു ഘട്ടമെത്തിയപ്പോള്‍ അതില്‍ നിന്നെല്ലം ശ്രദ്ധതിരിക്കാനുള്ള സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ നീക്കമാണ് ഈ ആക്രമണമെന്നും സുധാകരന്‍ പറഞ്ഞു.

ഇ.പി. ജയരാജന്‍ നടത്തിയ രാഷ്ട്രീയ അടവാണ് ഇത്. കെ. സുധാകരന് എന്നല്ല കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തകന് പോലും ഈ ആക്രമണത്തില്‍ പങ്കില്ല. സാമാന്യ ബുദ്ധിയുള്ള ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടി അവരുടെ ദേശീയ നേതാവ് ഈ സംസ്ഥാനത്ത് എത്തുന്ന ദിവസം, പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഓഫീസ് തകര്‍ത്ത സാഹചര്യത്തില്‍ ഇങ്ങനെ ഒരു ആക്രമണം നടത്തുമോ?

അദ്ദേഹത്തിന്റെ വരവിന്റെ ഒരു പ്രചരണവും ഗാംഭീര്യവും തകര്‍ക്കാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറാകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവരാണ് മണ്ടന്‍മാര്‍. അത്തരമൊരു ആക്രമണം നടത്തി ആ വരവിന്റെ പ്രാധാന്യം കുറക്കാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും തയ്യാറാവില്ല.

ഇ.പി ജയരാജന്‍ കണ്ടതുപോലെ ഉറപ്പിച്ചു പറയുന്നു ഇതിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന്. സി.സി.ടി.വി ക്യാമറയില്‍ മുഖം പതിയാതെ ആക്രമണം നടത്താന്‍ ഒരാള്‍ക്ക് കഴിയുമെങ്കില്‍ അത് എ.കെ.ജി സെന്ററുമായി ബന്ധമുള്ളവര്‍ക്കേ കഴിയൂ. കോണ്‍ഗ്രസുകാരാണെന്ന് അറിയാതെ എങ്ങനെ ഉറപ്പിച്ചും തറപ്പിച്ചും പറയാന്‍ ജയരാജന് കഴിയും.

അദ്ദേഹമാണ് എല്ലാത്തിന്റേയും നായകനും നേതൃത്വവും. വിമാനത്തിലെ കഥയും തിരക്കഥയും അദ്ദേഹത്തിന്റേതാണ്. കോണ്‍ഗ്രസിന്റെ പുറത്ത് കെട്ടിവെച്ച് രാഹുലിന്റെ വരവിന്റെ പ്രതിച്ഛായ തകര്‍ക്കാനും വേണ്ടി അദ്ദേഹം പേഴ്‌സണലായി നടത്തിയ നീക്കമാണ് ഇത്. ഞാന്‍ സി.പി.ഐ.എം എന്നുപോലും പറയുന്നില്ല. ഇ.പി ജയരാജന്റെ നാടകമാണ് ഇത്.

രാഹുല്‍ ജിയുടെ ഓഫീസ് തകര്‍ത്തിട്ട് വൈകാരികമായി പ്രതികരിക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തകരെ അനുവദിച്ചിട്ടില്ല. അക്രമത്തിന്റെ മുന്നില്‍ എന്നും സി.പി.ഐ.എമ്മാണ്. മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും എതിരെ മാത്യു കുഴല്‍നാടന്റെ വെളിപ്പെടുത്തല്‍ വരുന്നു. അദ്ദേഹം പത്രസമ്മേളനം നടത്തുന്നു. അത് ഉണ്ടാക്കിയ വലിയ രാഷ്ട്രീയ ചിത്രമുണ്ട്. അവിടെ തകരാന്‍ പോകുന്നത് മുഖ്യമന്ത്രിയും കുടുംബവും അവരുടെ മാന്യതയുമാണ്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ ജയരാജന്റെ നേതൃത്വത്തില്‍ നടത്തിയ രാഷ്ട്രീയ നീക്കമാണ് ഇത്, സുധാകരന്‍ പറഞ്ഞു.

വ്യാഴാഴ്ച രാത്രി 11:30ഓടെയായിരുന്നു എ.കെ.ജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിലേക്ക് ബോംബെറിഞ്ഞത്. ബൈക്കിലെത്തിയ ആളാണ് ബോംബെറിഞ്ഞത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ആക്രമണത്തെ അപലപിക്കുന്നുവെന്നും കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകര്‍ക്കാനുമുള്ള ശ്രമമാണിതെന്നും കുറ്റം ചെയ്തവരെയും അവര്‍ക്ക് പിന്നിലുള്ളവരെയും കണ്ടെത്തുമെന്നും പറഞ്ഞ മുഖ്യമന്ത്രി പ്രകോപനങ്ങള്‍ക്ക് അടിപ്പെടാതെ സമാധാനം സംരക്ഷിക്കാന്‍ ഉയര്‍ന്ന ബോധത്തോടെ മുന്നില്‍ നില്‍ക്കണമെന്നും ആവശ്യപ്പെട്ടു.

Content Highlight: K Sudhakaran about AKG Centre attack and EP Jayarajan Involvent

We use cookies to give you the best possible experience. Learn more