| Tuesday, 16th April 2019, 1:58 pm

'ഓളെക്കൊണ്ട് കാര്യം നടക്കൂല, ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി' ; കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കെ. സുധാകരന്റെ തെരഞ്ഞെടുപ്പ് വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിന് സ്ത്രീവിരുദ്ധത നിറഞ്ഞ പരസ്യചിത്രവുമായി കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍. സ്ത്രീകള്‍ പോയാല്‍ ഒന്നും നടക്കില്ലെന്നും കാര്യം നടക്കണമെങ്കില്‍ ആണ്‍കുട്ടി പോകണമെന്നും പറഞ്ഞുവെക്കുന്നതാണ് പരസ്യം.

എതിര്‍സ്ഥാനാര്‍ത്ഥിയായ പി.കെ ശ്രീമതി ടീച്ചറെ പരോക്ഷമായി ലക്ഷ്യമിടുന്ന പരസ്യത്തില്‍ സ്ത്രീയെന്ന നിലയില്‍ മാത്രം എതിരാളിയെ ടാര്‍ഗറ്റ് ചെയ്യുന്നു. പി.കെ ശ്രീമതിയെന്ന എതിരാളി സ്ത്രീയാണെന്നും സ്ത്രീകളെക്കൊണ്ട് ഒന്നും നടക്കില്ലെന്നും അതിനാല്‍ ‘ആണ്‍കുട്ടിയായ ഓന്‍ പോണം’ എന്നുമാണ് പരസ്യ ചിത്രത്തിലൂടെ പറഞ്ഞുവെക്കുന്നത്.

പരസ്യ ചിത്രത്തിലെ ഡയലോഗായ ‘ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി’ എന്ന ക്യാപ്ഷനോടെയാണ് കെ. സുധാകരന്‍ ഈ വീഡിയോ അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

‘ ഓള് പോയി സംസാരിച്ചിട്ട് കാര്യം നടക്കൂല രാമാ, ഒരുവട്ടം പോയതല്ലേ, ആടപ്പോയിട്ട് ഓള് പറഞ്ഞത് ഓക്കും മനസിലായില്ല. അതാണെങ്കില്‍ ഓക്കൊട്ട് പിടീല്ല. ഓള പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി’ എന്നാണ് പി.കെ ശ്രീമതിയെ പരോക്ഷമായി സൂചിപ്പിച്ചുള്ള ഒരു പരാമര്‍ശം.

‘ഇനി ഓന്‍തന്നെ പോണം. ഓന്‍ ആണ്‍കുട്ടിയാണ് അനന്തേട്ടാ. ഓന്‍ പോയാല്‍ കാര്യം സാധിപ്പിച്ചിട്ടേ വരൂ’ എന്നു പറയുന്നിടത്താണ് പരസ്യം അവസാനിക്കുന്നത്.

അടുക്കളയില്‍ നിന്നും ചായയുമായെത്തുന്ന ഒരു പെണ്‍കുട്ടിയെ പ്രതീകാത്മകമായി നിര്‍ത്തിയാണ് ഈ പരസ്യം.

നേരത്തെയും കെ. സുധാകരന്റെ പ്രചരണ വീഡിയോ വിവാദമായിരുന്നു. ഇറച്ചിവെട്ടുന്നവരെ അധിക്ഷേപിക്കുന്ന വീഡിയോയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ജയിച്ചാല്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്നതായിരുന്നു നേരത്തെ പുറത്തിറങ്ങിയ വീഡിയോയുടെ ഉള്ളടക്കം. ഓന്‍ കാലുമാറും എന്ന് ഇറച്ചി വെട്ടുകാരന്‍ പറയുമ്പോള്‍ മറ്റുള്ളവര്‍ അതിനെ എതിര്‍ക്കും. ഇന്നും ഇന്നലെയും അല്ല കെ.സുധാകരനെ കാണാന്‍ തുടങ്ങിയതെന്നും വിരിഞ്ഞു നിന്നപ്പോള്‍ പോലും ആ പൂ പറിക്കാന്‍ അദ്ദേഹം പോയിട്ടില്ലെന്നും അപ്പോഴാണോ വാടിയപ്പോള്‍ എന്നും ആളുകള്‍ തിരിച്ചു ചോദിക്കുന്നു. ‘നീ പച്ച ഇറച്ചി വെട്ടുന്നവനാണ് നീ ഇങ്ങനെയെ പറയൂ’ എന്നായിരുന്നു വീഡിയോയില്‍ പറഞ്ഞത്.

We use cookies to give you the best possible experience. Learn more