| Monday, 13th March 2023, 3:08 pm

ബ്രഹ്‌മപുരം വിഷയത്തിൽ മൗനം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വേസ്റ്റിന് തുല്യം: കെ. സുധാകരൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബ്രഹ്‌മപുരം വിഷയത്തിൽ മൗനം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വേസ്റ്റിന് തുല്യമാണെന്ന പരാമർശവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. തീപിടിത്തം നടന്ന സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശത്തെ മാലിന്യസംസ്‌കരണം പഠിച്ച് വന്നിട്ടും മുഖ്യമന്ത്രിക്ക് ബ്രഹ്‌മപുരം വിഷയത്തിൽ പ്രതികരിക്കാനാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ശ്വാസകോശ രോഗിയായ വാഴക്കാല സ്വദേശിയുടെ മരണം വിഷപ്പുക ശ്വസിച്ചത് മൂലമാണെന്ന ആരോപണം കുടുംബം ഉന്നയിച്ചിട്ടുണ്ട്. വാഴക്കാല സ്വദേശി ലോറൻസ് ആണ് മരണപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി രോഗം മൂർച്ഛിച്ചിരുന്നുവെന്നും കുടുംബം കൂട്ടിച്ചേർത്തു.

അതേസമയം ബ്രഹ്‌മപുരത്തെ സാഹചര്യങ്ങൾ നിയന്ത്രണത്തിലാണെന്ന് എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു. ഏഴ് ഭാഗങ്ങളായി തിരിച്ച് നടത്തിയ രക്ഷാപ്രവർത്തനത്തിൽ അഞ്ച് പ്രദേശങ്ങളും നിയന്ത്രണത്തിലായെന്നും കളക്ടർ വ്യക്തമാക്കി.

അവശേഷിക്കുന്നവ ഇന്നത്തോടെ നിയന്ത്രണത്തിൽ കൊണ്ടുവരുമെന്നും കളക്ടർ അറിയിച്ചു.

തീ അണഞ്ഞ ഭാഗങ്ങളിൽ വീണ്ടും തീയും പുകയും വമിക്കാനുള്ള സാധ്യതയുള്ളതിനാൽ നിരന്തര നിരീക്ഷണം നടത്തും. ഏതു സമയത്തും ഉപയോഗത്തിനെടുക്കാവുന്ന തരത്തിൽ അഗ്‌നിശമന ഉപകരണങ്ങൾ സജ്ജമായിരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

തീ അണച്ച കൂനകളിൽ ചെറിയ രീതിയിൽ പോലും പുക ഉയരുന്നുണ്ടെങ്കിൽ കണ്ടെത്താൻ പട്രോളിംഗ് സംഘം രംഗത്തുണ്ട്. കൂടാതെ മാലിന്യക്കൂനയിലെ കനലുകൾ കണ്ടെത്തുന്നതിന് തെർമൽ ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും വിന്യസിക്കും.

ഇന്നുതന്നെ പൂർണമായും പുക നിയന്ത്രണവിധേയമാക്കാൻ സാധിക്കുമെന്നും ഉദ്യമം അവസാനിപ്പിക്കാമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും കളക്ടർ കൂട്ടിച്ചേർത്തു.

Content Highlight: K. Sudakaran slams Pinarayi vijayan, says he is similar to waste

We use cookies to give you the best possible experience. Learn more