| Tuesday, 19th July 2022, 10:08 pm

സംസ്ഥാനത്ത് നടക്കുന്നത് എതിര്‍ക്കുന്നവരെ മുഴുവന്‍ കള്ളക്കേസില്‍ കുടുക്കുന്ന ഭരണകൂട ഭീകരത, അതിന്റെ അവസാനത്തെ അടവാണ് ശബരിനാഥിന്റെ അറസ്റ്റ്: കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എതിര്‍ക്കുന്നവരെ മുഴുവന്‍ കള്ളക്കേസില്‍ കുടുക്കുന്ന ഭരണകൂട ഭീകരതയാണ് കേരളത്തില്‍ അരങ്ങേറുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ഒരു മുഖ്യമന്ത്രി ഒരിക്കലും ഉള്‍പ്പെടാന്‍ പാടില്ലാത്ത കള്ളക്കടത്ത് കേസില്‍ കുരുക്കിലായ പിണറായി വിജയന്‍ അത് കേരള ജനതയില്‍ നിന്ന് മറയ്ക്കാന്‍ കളിച്ചു കൂട്ടുന്ന കള്ളക്കളികളുടെ അവസാനത്തെ അടവാണ് ശബരിനാഥിന്റെ അറസ്റ്റെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

മുഖ്യമന്ത്രിയെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് കേസില്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരിനാഥിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി കെ. സുധാകരന്‍ രംഗത്തെത്തിയിരിക്കുന്നത്.

താനും മകളും നടത്തിയ കള്ളക്കടത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ജയിലിലടക്കാനാണ് പിണറായി വിജയന്റെ തീരുമാനമെങ്കില്‍ കേരളത്തിലെ ജയിലുകള്‍ പോരാതെ വരുമെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.
ഈ ജനാധിപത്യ വിരുദ്ധതയ്ക്ക് അനുകൂലമായി കൈയ്യടിക്കുന്നവരെ ഓര്‍ത്ത് തങ്ങള്‍ക്ക് സഹതാപമുണ്ടെന്നും കെ. സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘ ഒരു മുഖ്യമന്ത്രി ഒരിക്കലും ഉള്‍പ്പെടാന്‍ പാടില്ലാത്ത കള്ളക്കടത്ത് കേസില്‍ കുരുക്കിലായ പിണറായി വിജയന്‍ അത് കേരള ജനതയില്‍ നിന്ന് മറയ്ക്കാന്‍ കളിച്ചു കൂട്ടുന്ന കള്ളക്കളികളുടെ അവസാനത്തെ അടവാണ് ശബരിനാഥിന്റെ അറസ്റ്റ്.
എതിര്‍ക്കുന്നവരെ മുഴുവന്‍ കള്ളക്കേസില്‍ കുടുക്കുന്ന ഭരണകൂട ഭീകരതയാണ് കേരളത്തില്‍ അരങ്ങേറുന്നത്.
താനും മകളും നടത്തിയ കള്ളക്കടത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ജയിലിലടക്കാനാണ് പിണറായി വിജയന്റെ തീരുമാനമെങ്കില്‍ കേരളത്തിലെ ജയിലുകള്‍ പോരാതെ വരും.

കള്ളക്കടത്ത് നടത്തിയ സംസ്ഥാന മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ ഒരു പൗരന്‍ ആഹ്വാനം ചെയ്താല്‍ എന്താണ് തെറ്റ്? അതിന്റെ പേരില്‍ ‘എന്നെ വധിക്കാന്‍ ശ്രമിച്ചേ ‘ എന്ന് വ്യാജ ആരോപണം ഉന്നയിക്കാന്‍ പിണറായി വിജയന് നാണമില്ലേ?
മുഖ്യമന്ത്രിയും മകളും നടത്തിയെന്ന് പറയപ്പെടുന്ന രാജ്യദ്രോഹത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഇത്തരം കള്ളക്കേസുകള്‍ മതിയാകില്ല. ഈ ജനാധിപത്യ വിരുദ്ധതയ്ക്ക് അനുകൂലമായി കൈയ്യടിക്കുന്നവരെ ഓര്‍ത്ത് ഞങ്ങള്‍ക്ക് സഹതാപമുണ്ട്.
പിണറായി വിജയന്റെ സ്വര്‍ണ്ണക്കള്ളക്കടത്തിനെതിരെ പ്രതിഷേധിച്ച കെ.എസ്. ശബരിനാഥനെ വ്യാജ വധശ്രമക്കേസുണ്ടാക്കി അറസ്റ്റ് ചെയ്ത നടപടിയ്ക്കെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ശക്തമായി പ്രതിഷേധിക്കുക,’

മുഖ്യമന്ത്രിയെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരിനാഥിന് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

മൊബൈല്‍ ഫോണ്‍ പൊലീസിന് മുന്നില്‍ ഹാജരാക്കണം, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാകണമെന്നതുള്‍പ്പെടെയുള്ള ഉപാധികളുടെ അടിസ്ഥാനത്തിലാണ് ജാമ്യം. മൂന്ന് ദിവസങ്ങളിലായി അന്വേഷണ സംഘത്തിന് മുന്നില്‍ ശബരിനാഥ് ഹാജരാകേണ്ടതുണ്ട്. ബോണ്ടും ജാമ്യത്തിന് ബാധകമാക്കിയിട്ടുണ്ട്. 50,000 രൂപയുടെ ആള്‍ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം നിരാകരിച്ചുകൊണ്ടായിരുന്നു ശബരിനാഥിന് ജാമ്യം അനുവദിച്ചത്. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കണമെന്നും മറ്റ് പ്രതികളോടൊപ്പം ചോദ്യം ചെയ്യണമെന്നും പൊലീസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫോണ്‍ താന്‍ നല്‍കാമെന്ന് ശബരിനാഥ് ഉറപ്പുനല്‍കിയതോടയൊണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

Content Highlight: K sudakaran slams pinarayi vijayan over the arrest of ks sabarinath

We use cookies to give you the best possible experience. Learn more