| Friday, 13th May 2022, 8:08 pm

പിണറായി കമ്മ്യൂണിസ്റ്റ് ഭീകരതയുടെ കേരളത്തിലെ മുഖം; പാറപ്രത്തെ പഴയ ക്രിമിനല്‍ രാഷ്ട്രീയക്കാരനില്‍ നിന്ന് തരിമ്പും മാറിയിട്ടില്ല: കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: മറ്റുള്ളവരുടെ ദുഃഖങ്ങളില്‍ സന്തോഷം കണ്ടെത്താന്‍ കഴിയുന്ന അപൂര്‍വം ക്രൂര ജന്മങ്ങളില്‍ ഒന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.

പാറപ്രത്തെ പഴയ ക്രിമിനല്‍ രാഷ്ട്രീയക്കാരനില്‍ നിന്ന് തരിമ്പും മാറാന്‍ അദ്ദേഹത്തിനിന്നും കഴിഞ്ഞിട്ടില്ലെന്നും കെ. സുധാകരന്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുധാകരന്റെ പ്രതികരണം.

ജനങ്ങളുടെ കണ്ണീരും നാട്ടില്‍ നടക്കുന്ന കൊലപാതകങ്ങളും സഹപ്രവര്‍ത്തകരുടെ മരണങ്ങളും കണ്ട് ഇത്രയധികം സന്തോഷിക്കുന്ന മറ്റൊരു മുഖ്യമന്ത്രിയെ കേരളം ഇന്നോളം കണ്ടിട്ടില്ല. ഇന്നേവരെ ജയ് വിളിച്ചു കൂടെ നടന്ന കമ്മ്യൂണിസ്റ്റ് കുടുംബങ്ങള്‍ പോലും താങ്കളെക്കുറിച്ചു പറയുന്നതെന്താണെന്നറിയാന്‍ കഴിഞ്ഞ നാളുകളിലെ ദൃശ്യ മാധ്യമങ്ങള്‍ കണ്ടാല്‍ മാത്രം മതിയാകുമെന്നും സുധാകരന്‍ പറഞ്ഞു.

‘കമ്മ്യൂണിസ്റ്റ് ഭീകരതയുടെ കേരളത്തിലെ മുഖമായ താങ്കള്‍, ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ മരിക്കുവോളം മുറുകെ പിടിച്ച പി ടി തോമസിന്റെ നിഴലാകാന്‍ പോലും അര്‍ഹനല്ല. ഒരുപിടി കൊലയാളികളുടെ നേതാവായ താങ്കള്‍ക്ക്, ജനങ്ങളുടെ നേതാവായ പി.ടിയെ മനസിലാകണമെന്നുമില്ല.

വെറുക്കാനും കൊല്ലാനും പഠിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും സ്‌നേഹിക്കാനും ഒന്നിച്ചു ജീവിക്കാനും ഒത്തൊരുമിച്ചു വളരാനും പഠിപ്പിക്കുന്ന ജനാധിപത്യവും തമ്മിലുള്ള വത്യാസം തിരിച്ചറിയാത്തതാണ് യഥാര്‍ത്ഥ ‘അബദ്ധം’. പി.ടി തൃക്കാക്കരക്കാര്‍ക്ക് ആരായിരുന്നുവെന്ന് വരുന്ന ദിവസങ്ങളില്‍ അവര്‍ തന്നെ പറയും,’ കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

പി.ടി. തോമസിനെ തെരഞ്ഞെടുത്തത് തൃക്കാക്കരയ്ക്ക് പറ്റിയ അബദ്ധമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കെ. സുധാകരന്റെ പ്രതികരണം.

തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് മണ്ഡലം കണ്‍വെന്‍ഷന്റെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

‘പറ്റിയ അബദ്ധം തിരുത്തുന്നതിനുള്ള ഒരവസരം കൂടി തൃക്കാക്കരക്ക് ഒരു സൗഭാഗ്യമായി കൈവന്നിരിക്കുന്നു’ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

CONTENT HIGHLIGHTS: K. Sudakaran says  Pinarayi Vijayan is the face of communist terrorism in Kerala

We use cookies to give you the best possible experience. Learn more