തിരുവനന്തപുരം: ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ധീരജിനെ കുത്തികൊലപ്പെടുത്തിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി അല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍.
നിഖില്‍ പൈലി ധീരജിനെ കുത്തുന്നത് ആരും കണ്ടിട്ടില്ല. ജയിലില്‍ കിടക്കുന്നത് നിരപരാധികളാണ്. കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും കെ. സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനുവേണ്ടിയല്ല കുടുംബത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുതലാളിത്തത്തെ താലോലിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലക്ക് വേണ്ടിയുള്ള ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിണറായി തുരങ്കം വെച്ചു.
ഒന്നാം സര്‍ക്കാറിന്റെ കാലത്ത് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ചെറുതല്ല. ചെന്നിത്തല ഉയര്‍ത്തിയ ഈ ആരോപണങ്ങള്‍ പരിഹരിക്കപ്പെടാതെ ഇന്നും നില്‍ക്കുന്നു. ബി.ജെ.പികാര്‍ക്ക് നട്ടെല്ലുണ്ടോ, നിങ്ങളുടെ ഏജന്‍സി എടുത്ത കേസുകള്‍ എന്താണ് അന്വേഷിക്കാത്തതെന്നും സുധാകരന്‍ ചോദിച്ചു.
അതേസമയം, ധീരജിന്റെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വിരോധമാണെന്ന് എഫ്.ഐ.ആര്‍ പുറത്തുവന്നിരുന്നു. ധീരജിനെ കുത്തികൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
നിഖില്‍ പൈലിയോടൊപ്പം ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വധശ്രമത്തിനും സംഘം ചേര്‍ന്നതുമാണ് ജോജോക്കെതിരെ ചുമത്തിയ കേസ്.
ധീരജിന്റേത് ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. സാധാരണ ഗതിയില്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ കോണ്‍ഗ്രസിന്റെ പ്രാധിനിത്യം കുറവാണെന്നും എന്നാല്‍ ഇത്തവണ അതല്ല സ്ഥിതിയെന്നും കെ. സുധാകരന്‍ പറഞ്ഞിരുന്നു.
ധീരജിന്റെ കൊലപാതകം കേരളത്തിലെ കലാലയങ്ങളില്‍ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ സംയുക്തമായുണ്ടാക്കിയ കലാപത്തിന്റെ രക്തസാക്ഷിയാണ് ധീരജ്. ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേത്. അതിലവര്‍ക്ക് ദുഖമല്ല ആഹ്ലാദമാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
Content Highlights: K Sudakaran says Nikhil Paili did not killed Dheeraj