| Monday, 8th May 2023, 12:12 pm

താനൂര്‍ അപകടം യാദൃശ്ചികമായി സംഭവിച്ചതല്ല; സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കൂട്ടക്കൊലയ്ക്ക് തുല്യം: കെ.സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കൂട്ടക്കൊലയ്ക്ക് തുല്യമാണ് താനൂരില്‍ നടന്ന ബോട്ടപകടത്തിലെ ദാരുണ മരണങ്ങളെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. യാദൃശ്ചികമായി സംഭവിച്ച അപകടം എന്ന നിലയിലല്ല താനൂരിലെ ബോട്ട് ദുരന്തത്തെ കാണേണ്ടതെന്നും സുധാകരന്‍ പറഞ്ഞു. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് അപകടത്തിന്റെ ഉത്തരവാദിയെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

വകുപ്പുകളുടെ ഗുരുതര അശ്രദ്ധയും അലംഭാവവുമാണ് അപകടത്തിലേക്ക് നയിച്ചത്. നിഷ്പക്ഷ അന്വേഷണവും ശക്തമായ നടപടിയും ഇക്കാര്യത്തില്‍ സ്വീകരിക്കണം. മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തുടനീളം ബീച്ചുകളില്‍ സാഹസികമായ ബോട്ട് യാത്രകള്‍ നടക്കുന്നുണ്ട്. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഭരണകൂട ഒത്താശയോടു കൂടി ഇത്തരം വിനോദങ്ങള്‍ നടത്തപ്പെടുന്നത്. അത്തരത്തില്‍ അനധികൃതമായി നടത്തിയ ഒരു ബോട്ട് സര്‍വീസ് ആണ് ഇന്നലെ ദുരന്തത്തില്‍ കലാശിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.

എന്തു മാനദണ്ഡപ്രകാരമാണ് ഫിറ്റ്‌നസ് ഇല്ലാത്ത ഇത്തരം ബോട്ടുകള്‍ ജനങ്ങളുടെ ജീവന്‍ പന്താടിക്കൊണ്ട് യാത്രകള്‍ നടത്തുന്നതെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കണമെന്നും സുധാകരന്‍ പറഞ്ഞു.

രാഷ്ട്രീയ ധാര്‍മികത എന്നത് സി.പി.ഐ.എമ്മിന്റെ ഏഴയലത്ത് കൂടി പോയിട്ടില്ലാത്തതുകൊണ്ട് ഈ ദുരന്തത്തില്‍ ടൂറിസം മന്ത്രിയുടെ രാജി ഒന്നും പൊതുസമൂഹം പ്രതീക്ഷിക്കുന്നില്ല. പക്ഷേ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കെടുകാര്യസ്ഥത 22 ജീവനുകള്‍ എടുത്ത കാര്യം പ്രബുദ്ധ കേരളം കണ്ണു തുറന്നു കാണണം. താനൂര്‍ ബോട്ട് അപകടത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ചകളില്‍ ശക്തമായ നടപടി എടുക്കുവാനും സര്‍ക്കാര്‍ തയാറാകണം. മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

താനൂര്‍ ബോട്ടപകടത്തില്‍ ഇതുവരെ ഏഴ് കുട്ടികളും 3 സ്ത്രീകളുമടക്കം 22 മരണമാണ് സ്ഥിരീകരിച്ചത്. ബോട്ട് മുങ്ങിയ സ്ഥലത്ത് എന്‍.ഡി.ആര്‍.എഫും ഫയര്‍ഫോഴ്‌സും തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്. രാവിലെ വെളിച്ചം വീണതോടെയാണ് 21 അംഗ സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചത്. വെള്ളം തെളിഞ്ഞ് തുടങ്ങിയത് രക്ഷാപ്രവര്‍ത്തനത്തിന് പ്രതീക്ഷ നല്‍കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇന്നലെ വൈകീട്ടാണ് താനൂര്‍ തൂവല്‍തീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയത്. കരയില്‍ നിന്നും 300 മീറ്റര്‍ അകലെ വെച്ചാണ് ബോട്ട് മുങ്ങിയത്. ആദ്യം ഒന്ന് ചെരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മുങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അവധിക്കാലം ആഘോഷിക്കാനെത്തിയ 35ലധികം ആളുകളാണ് ബോട്ടുകളിലുണ്ടായിരുന്നത്. ബോട്ടില്‍ ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ ആളുകളെ കയറ്റി സര്‍വീസ് നടത്തിയതാണ് അപകടകാരണമെന്നാണ് വിവരം.

Contenthighlight: K Sudakaran said that tanur accident is gvt sponsered  massacre

We use cookies to give you the best possible experience. Learn more