തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ.സുധാകരന്‍. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു സുധാകരന്റെ പരാമര്‍ശം.
മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കുലത്തൊഴിലാണ് താന്‍ പറഞ്ഞതെന്നും അതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. തന്റെ പരാമര്‍ശത്തെപ്പറ്റി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തിരുന്നുവെന്നും അന്ന് അദ്ദേഹം എതിര്‍ത്തൊന്നും പറഞ്ഞിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.
ഇപ്പോഴുണ്ടായ വിവാദത്തിന് പിന്നില്‍ സി.പി.ഐ.എം അല്ലെന്നും തന്റെ പാര്‍ട്ടിയില്‍ തന്നെയുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു.
ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിന് മറുപടി പറയാന്‍ വ്യാഴാഴ്ച വരെ കാത്തിരുന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയെക്കുറിച്ച് എനിക്ക് വല്യ അഭിപ്രായമൊന്നുമില്ല. ചൊവ്വാഴ്ച രാവിലെ തന്നെ മാധ്യമങ്ങളില്‍ വന്ന പ്രസംഗത്തിന് മറുപടി നല്‍കാന്‍ സി.പി.ഐ.എം രണ്ട് ദിവസമെടുത്തു എന്ന് ഓര്‍ക്കണം. എന്തുകൊണ്ട് എന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. വൈകി വന്ന ബുദ്ധിയാണ് വിജയരാഘവന്റേത്. ആ നിലപാടില്‍ ഉറച്ചു നില്‍ക്കാതിരിക്കാന്‍ അതില്‍ തെറ്റെന്താണെന്ന് നിങ്ങള്‍ ഒന്ന് പറഞ്ഞുതരൂ. ഏത് ജാതിയാണ് നിങ്ങള്‍ പറയുന്നത്? ഞാനും അദ്ദേഹവും ഒരു ജാതിയാണ്. ഞാന്‍ നമ്പൂതിരിയോ ഭട്ടതിരിയോ അല്ല. ഈഴവനാണ്. മുഖ്യമന്ത്രിയും ഈഴവനാണ്. അതില്‍ എവിടെയാണ് ജാതി പറഞ്ഞത്.
നിങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ സംസാരിക്കുകയാണ്. കുലത്തൊഴില്‍ എന്ന് പറഞ്ഞാല്‍ ഈഴവരെല്ലാം തെങ്ങുകയറ്റതൊഴിലാളികള്‍ എന്നാണോ അര്‍ത്ഥം. അതിനകത്ത് എല്ലാ വിഭാഗത്തിലെ ആളുകളും ഉണ്ട്. ആ കുടുംബത്തിന്റെ സാമ്പത്തിക സാഹചര്യത്തെപ്പറ്റി പറയാനാണ് കുലത്തൊഴില്‍ പറയാനുണ്ടായ സാഹചര്യമെന്ന് സുധാകരന്‍ പറഞ്ഞു.
ആ സാഹചര്യത്തില്‍ നിന്ന് വളര്‍ന്നുവന്നൊരു കമ്യൂണിസ്റ്റ് നേതാവ് മുഖ്യമന്ത്രിയായപ്പോള്‍ ആര്‍ഭാടപൂര്‍വ്വം ഒരു ജീവിതം നയിക്കുന്നു. കുടുംബത്തിന്റെ സമ്പന്നതിയില്‍ അദ്ദേഹം തല്‍പരനാണ്. ഈ കുടുംബസാഹചര്യത്തില്‍ നിന്ന് വന്നയാള്‍ മുകളിലേക്ക് പോകുന്തോറും അദ്ദേഹത്തിലുണ്ടാകുന്ന മാറ്റം രാജ്യത്തെ കമ്യൂണിസ്റ്റുകാര്‍ കാണണമെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അതില്‍ എന്താണ് തെറ്റ്?
ഇന്നലെ ഈ പരാമര്‍ശത്തെപ്പറ്റി പ്രതിപക്ഷ നേതാവിനോട് ചോദിച്ചപ്പോള്‍ അതില്‍ തെറ്റില്ലെന്ന് പറഞ്ഞയാള്‍ ഇന്ന് അത് മാറ്റിപ്പറയുന്നു. അതിന് ഉത്തരം നല്‍കേണ്ടത് പ്രതിപക്ഷ നേതാവാണ്. ഞാന്‍ ചൊവ്വാഴ്ച നടത്തിയ ഒരു പ്രസംഗം വിവാദത്തിലേക്ക് വരുന്നത് എന്റെ പാര്‍ട്ടിയിലെ എം.എല്‍.എ പറഞ്ഞ പ്രയോഗത്തിലാണ്. ആ എം.എല്‍.എയുടെ താല്‍പ്പര്യം എന്താണ് എന്നതില്‍ എനിക്ക് സംശയമുണ്ട്. സി.പി.ഐ.എമ്മിന്റെ പ്രതിനിധികള്‍ ആരും പരാതി പ്രകടിപ്പിക്കാത്ത സമയത്ത് കോണ്‍ഗ്രസിന്റെ എം.എല്‍.എ എനിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ആശങ്കയുണ്ട്. ഷാനിമോള്‍ ഉസ്മാന് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്നും ഞാന്‍ സംശയിക്കുന്നു. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വളരെ വേദനിപ്പിച്ചു. അതില്‍ അദ്ദേഹത്തോട് കടുത്ത വിയോജിപ്പുമുണ്ട്. ഒരു കാരണവശാലും പ്രതിപക്ഷ നേതാവ് ഇത് പറയാന്‍ പാടില്ലാത്തതാണ്. ഔചിത്യമില്ലായ്മയാണ് അദ്ദേഹം ചെയ്തത്.
കെ.പി.സി.സി പ്രസിഡന്റ് പദവി ചര്‍ച്ചയില്‍ തന്റെ പേര് ഉന്നയിക്കപ്പെടുന്ന ഈ സാഹചര്യത്തില്‍ ഇത്തരമൊരു വിവാദമുണ്ടാക്കിയത് ബോധപൂര്‍വ്വമാകാമെന്ന് ഞാന്‍ സംശയിക്കുന്നു. വിവാദത്തെപ്പറ്റി ഹൈക്കമാന്‍ഡ് പ്രതിനിധി തന്നോട് വിശദീകരണം ചോദിക്കാതെയാണ് അഭിപ്രായം പറഞ്ഞതെന്നും അദ്ദേഹത്തെ ആരൊക്കെയോ നിയന്ത്രിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. തിരുത്താന്‍ മാത്രമുള്ള തെറ്റ് താന്‍ പറഞ്ഞിട്ടില്ലെന്നും പ്രസ്താവനയില്‍ ഉറച്ചുതന്നെ നില്‍ക്കുന്നുവെന്നും സുധാകരന്‍ വ്യക്തമാക്കി.
യു.ഡി.എഫിന്റെ ഐശ്വര്യ കേരളയാത്രയ്ക്ക് തലശേരിയില്‍ ഒരുക്കിയ സ്വീകരണ യോഗത്തിലാണ് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ .സുധാകരന്‍ എം.പി വിവാദ പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബ പശ്ചാത്തലത്തെ കുറിച്ച് പറഞ്ഞായിരുന്നു സുധാകരന്‍ രംഗത്തെത്തിയത്.
പിണറായി വിജയന്‍ ആരാ… എനിക്കും നിങ്ങള്‍ക്കും അറിയാം. പിണറായിയുടെ കുടുംബം എന്താ…ചെത്തുകാരന്റെ കുടുംബമാണ്.
ആ ചെത്തുകാരന്റെ കുടുംബത്തില്‍ നിന്നും അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ ചെങ്കൊടി പിടിച്ച് നേതൃത്വം കൊടുത്ത പിണറായി വിജയന്‍ എവിടെ…പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍, ചെത്തുകാരന്റെ വീട്ടില്‍ നിന്നും ഉയര്‍ന്നുവന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്ററെടുത്ത, കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വര്‍ഗത്തിന്റെ അപ്പോസ്തലന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
നിങ്ങള്‍ക്ക് അഭിമാനമാണോ.. അപമാനമാണോ എന്ന് സി.പി.ഐ.എമ്മിന്റെ നല്ലവരായ പ്രവര്‍ത്തകര്‍ ചിന്തിക്കണം എന്നായിരുന്നു സുധാകരന്റെ പ്രസംഗം. ഇത് വിവാദമാകുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ സുധാകരനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് എം.എല്‍.എ ഷാനിമോള്‍ ഉസ്മാനും രംഗത്തെത്തിയിരുന്നു.
അത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. മാധ്യമപ്രവര്‍ത്തകര്‍ സുധാകരന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
സുധാകരന്റെ പരാമര്‍ശത്തോട് ഒരുതരത്തിലും യോജിക്കാനാകില്ലെന്നാണ് ഷാനിമോള്‍ പറഞ്ഞത്.
‘തൊഴിലിനെ അപമാനിച്ച് സുധാകരന്‍ സംസാരിച്ചത് അങ്ങേയറ്റം തെറ്റാണ്. പരാമര്‍ശം പിന്‍വലിച്ച് സുധാകരന്‍ മാപ്പ് പറയണം’, ഷാനിമോള്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക