പാലക്കാട്: പാലക്കാട് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി.സരിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്. മണ്ണിനും പുണ്ണിനും കൊള്ളാത്ത ആണോ പെണ്ണോ എന്ന് തിരിയാത്ത രീതിയില്‍ സി.പി.ഐ.എം സരിനെ മാറ്റിയെടുത്തുവെന്നാണ് സുധാകരന്റെ പരാമര്‍ശം.
സരിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരമായി വാര്‍ത്താ സമ്മേളനത്തിലാണ് കെ.സുധാകരന് സരിനെ അധിക്ഷേപിച്ചത്. സരിന് അവസരവാദ സ്ഥാനാര്‍ത്ഥിയാണെന്നും മണ്ണിനും പുണ്ണിനും കൊള്ളാത്ത ആളാക്കി മാറ്റുകയും ആണോ പെണ്ണോ എന്നറിയാത്ത അവസ്ഥയിലാക്കിയെന്നുമാണ് സുധാകരന് പറയുന്നത്.
‘സരിന് അവസരവാദ സ്ഥാനാര്‍ത്ഥിയാണ്. രണ്ട് ദിവസം മുമ്പ് സി.പി.എ.എമ്മിന്റെ മുഖ്യമന്ത്രിക്കെതിരായി സോഷ്യല്‍ മീഡിയയില്‍ എഴുതിയ ആളെ പിടിച്ച് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാക്കി. ചിഹ്നം കൊടുത്തില്ല, സ്ഥാനാര്‍ത്ഥിയുമാക്കി. എന്നിട്ടവനെ മണ്ണിനും പുണ്ണിനും കൊള്ളാത്ത ആണോ പെണ്ണോ എന്ന് തിരിയാത്ത ആളായി മാറ്റിയെടുത്തത് എന്തിനാണെന്ന് എനിക്കറിയില്ല,’ കെ.സുധാകര്‍ വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ചു.
സരിനെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ഇടതുപക്ഷത്തുള്ളവര്‍ക്ക് തന്നെ അമര്‍ഷമുണ്ടെന്നും സി.പി.ഐ.എമ്മിലെ പലരുമായും താന്‍ സംസാരിച്ചിട്ടുണ്ടെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
തങ്ങളൊക്കെ ഉണ്ടായിട്ടും ഇന്നലെ വന്നവനെ സ്ഥാനാര്‍ത്ഥിയാക്കിയെന്ന അമര്‍ഷമാണ് ജനങ്ങളില്‍ ഉള്ളതെന്നും ഇതൊക്കെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സുധാകരന് പറയുന്നുണ്ട്.
Content Highlight: k. sudakaran insults palakkad left candidate p. sarin