| Monday, 14th February 2022, 5:59 pm

ബോംബേറിന്റെ ദൃശ്യങ്ങളില്ലായിരുന്നെങ്കില്‍ എന്തിന് കൊന്നു കോണ്‍ഗ്രസേ? എന്ന് പറഞ്ഞു സഖാക്കള്‍ വന്നേനേ: കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ വിവാഹ സംഘത്തിന് നേരെയുണ്ടായ ബോംബേറില്‍ സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. കണ്ണൂരില്‍ ബോംബുനിര്‍മാണം കുടില്‍വ്യവസായം പോലെ സി.പി.ഐ.എം കൊണ്ടുനടക്കുന്നതിന്റെ പ്രത്യക്ഷ തെളിവാണ് ഇതെന്ന് സുധാകരന്‍ പറഞ്ഞു.

ദൈവത്തിന്റെ സ്വന്തം നാടിനെ പിണറായി വിജയന്‍ എന്ന കഴിവുകെട്ട ഭരണാധികാരി ക്രിമിനലുകളുടെ സ്വന്തം നാട് ആക്കി മാറ്റിയിരിക്കുന്നു. കണ്ണൂരില്‍ വിവാഹത്തിനിടയില്‍ നടന്ന ബോംബേറ് കേരള സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷ്യം വെച്ചത് മറ്റാരെയോ ആണെങ്കിലും ബോംബെറിയാന്‍ വന്ന സഖാവ് തന്നെ ദാരുണമായി കൊല്ലപ്പെട്ടു. ദൃശ്യങ്ങള്‍ പുറത്തുവന്നില്ലായിരുന്നെങ്കില്‍ ‘എന്തിന് കൊന്നു കോണ്‍ഗ്രസേ?’ എന്ന നുണപ്രചാരണവുമായി നാണവും മാനവുമില്ലാതെ സഖാക്കള്‍ രംഗത്തുവന്നേനേയെന്നും സുധാകരന്‍ പരിഹസിച്ചു.

കുടില്‍ വ്യവസായം പോലെ സി.പി.ഐ.എമ്മിന്റെയും ബി.ജെ.പിയുടെയും ബോംബ് നിര്‍മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിട്ടും സംസ്ഥാന പൊലീസ് ഇന്റലിജന്‍സ് സംവിധാനം നോക്കുകുത്തിയായി നില്‍ക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.

‘വിവാഹത്തിന് ഒരേ വേഷത്തില്‍ എത്തിയ യുവാക്കള്‍ മുന്‍കൂട്ടി ബോംബ് എറിയാന്‍ പദ്ധതി ഇട്ടിരുന്നോ? ബോംബ് ശേഖരം എവിടെയാണ്? എവിടെയാണ് ബോംബ് നിര്‍മാണ യൂണിറ്റ്? തുടങ്ങിയ എല്ലാ കാര്യങ്ങളും ഉടന്‍ തന്നെ അന്വേഷണവിധേയമാക്കണം. രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്തുള്ളത്.

ജയിലില്‍ കിടന്ന് മരിച്ച കൊലയാളിയ്ക്ക് വരെ സ്മാരകം പണിയുന്ന, കൊലപാതകികളെ ജയിലില്‍ നിന്നിറക്കി കല്യാണം നടത്തിക്കൊടുക്കുന്ന, ക്വട്ടേഷന്‍ ഗുണ്ടകള്‍ക്ക് വീട് വെച്ചു കൊടുക്കുന്ന സി.പി.ഐ.എമ്മിനെ പോലുള്ള ക്രിമിനല്‍ പാര്‍ട്ടികള്‍ ബോംബ് നിര്‍മിക്കുന്നതിലും കൂട്ടത്തിലൊരുത്തനെ ബോംബെറിഞ്ഞ് കൊല്ലുന്നതിലും അത്ഭുതമൊന്നുമില്ല. പക്ഷേ സാധാരണക്കാരന്റെ ജീവന്‍ തുലാസിലാക്കുന്ന തീവ്രവാദ പ്രവര്‍ത്തങ്ങളെ ഉന്മൂലനം ചെയ്യേണ്ട ബാധ്യത ഭരണകൂടങ്ങള്‍ക്കുണ്ട്.

ഒരു കാര്യം ഉറപ്പാണ്, കല്യാണ വീടിന് കാവല്‍ നില്‍ക്കുമ്പോള്‍ രാഷ്ട്രീയ എതിരാളികളാല്‍ കൊല്ലപ്പെട്ട ധീര രക്തസാക്ഷി എന്ന വീരപരിവേഷം നല്‍കി, സ്വന്തം പാര്‍ട്ടിക്കാര്‍ ബോംബെറിഞ്ഞ് തല ചിതറിച്ച് കൊന്ന ഈ സഖാവിനെ നാളെ ഒരു കാലത്ത് സി.പി.ഐ.എം തന്നെ വ്യാജ രക്തസാക്ഷിപ്പട്ടികയില്‍ അവതരിപ്പിച്ചിരിക്കും,’ കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS:  K Sudakaran has lashed out at the CPIM in the bomb blast at a wedding party in Kannur Thottada.

Latest Stories

We use cookies to give you the best possible experience. Learn more