പിണറായിയോളം കള്ളനായ മറ്റൊരു രാഷ്ട്രീയ നേതാവിനെ കേരളം കണ്ടിട്ടില്ല: കെ.സുധാകരന്‍
Kerala News
പിണറായിയോളം കള്ളനായ മറ്റൊരു രാഷ്ട്രീയ നേതാവിനെ കേരളം കണ്ടിട്ടില്ല: കെ.സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd July 2022, 10:17 pm

തിരുവനന്തപുരം: അഭിമാനബോധമുള്ളവര്‍ക്ക് കേരളാ പൊലീസില്‍ തുടരാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ആ അവസ്ഥ നാട്ടില്‍ ഉണ്ടാക്കുന്നത് ആഭ്യന്തര മന്ത്രിക്കസേരയില്‍ ഇരിക്കുന്ന ആളാണെന്നത് നിരാശാജനകമാണെന്നും സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുധാകരന്റെ പ്രതികരണം.

വിമാനക്കമ്പനി യാത്രാവിലക്കേര്‍പ്പെടുത്തിയത് പോലെ, ഇനിയുള്ള കാലം ‘പടക്കം’ വാങ്ങുന്നതില്‍ നിന്നും പൊട്ടിക്കുന്നതില്‍ നിന്നും എല്‍.ഡി.എഫ് കണ്‍വീനറെ വിലക്കാന്‍ നാട്ടിലെ കോടതികള്‍ തയ്യാറാകണം. അങ്ങനെയെങ്കിലും സി.പി.ഐ.എം ഓഫീസ് ജീവനക്കാര്‍ക്ക് ജീവഭയമില്ലാതെ അവിടങ്ങളില്‍ പണിയെടുക്കാമല്ലോ. അടുത്തുള്ള നേതാക്കന്മാര്‍ക്ക് കുലുങ്ങാതെ പുസ്തകം വായിക്കുകയും ചെയ്യാം!

സി.പി.ഐ.എമ്മില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തരോടും അല്‍പം ശ്രദ്ധയോടുകൂടി ജീവിക്കാന്‍ മാത്രമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ മൂര്‍ച്ച ഏറുന്നതനുസരിച്ച് നിങ്ങളില്‍ ആരെ വേണമെങ്കിലും രക്തസാക്ഷിയാക്കി ശ്രദ്ധ തിരിക്കാന്‍ മടിക്കാത്ത രാക്ഷസന്‍മാരാണ് സി.
പി.ഐ.എം നേതൃത്വത്തിലുള്ളത്. സ്വന്തം ഓഫീസ് കത്തിച്ചും ഇരവാദം കളിക്കാന്‍ മുതിരുന്നവര്‍ക്ക് ഒന്നിനും മടിയുണ്ടാകില്ലെന്നും സുധാകരന്‍ പറഞ്ഞു.

സ്വര്‍ണ്ണക്കള്ളക്കടത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സി.പി.ഐ.എം എ.കെ.ജി സെന്ററിന് പടക്കമെറിഞ്ഞത്. എന്നിട്ടിപ്പോള്‍ യാതൊരുളുപ്പുമില്ലാതെ അന്വേഷണം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നു. എന്തായാലും പി.കെ. ശ്രീമതിക്ക് മികച്ച നടിയുടെയും ഇടതുമുന്നണി കണ്‍വീനര്‍ക്ക് മികച്ച ഹാസ്യനടന്റെയും അവാര്‍ഡുകള്‍ നല്‍കിയ ശേഷം വേണം കേസന്വേഷണം അവസാനിപ്പിക്കാന്‍. നാട് നിങ്ങളെ വിലയിരുത്തുന്നുണ്ട് പിണറായി വിജയന്‍. നിങ്ങളോളം കള്ളനായ മറ്റൊരു രാഷ്ട്രീയ നേതാവിനെ കേരളം കണ്ടിട്ടില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, എ.കെ.ജി സെന്റര്‍ ആക്രമണക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുകയാണ്. സംഭവം നടന്ന് 23 ദിവസം പിന്നിട്ടിട്ടും പൊലീസ് പ്രതിയെ പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ശനിയാഴ്ച ഡി.ജി.പി പുറത്തിറക്കി.

സംഭവം നടന്ന് ആഴ്ച്ചകള്‍ പിന്നിട്ടിട്ടും പ്രതിയെ പിടിക്കാനായില്ല എന്നത് പൊലീസിനെയും സി.പി.ഐ.എം നേതൃത്വത്തെയും വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.

ജൂണ്‍ 30 രാത്രി 11.24നാണ് എ.കെ.ജി സെന്ററിന്റെ രണ്ടാമത്തെ കവാടത്തിലേക്ക് അക്രമി സ്ഫോടക വസ്തു എറിഞ്ഞത്. ബൈക്കില്‍ ഒറ്റക്ക് വന്ന ഇയാള്‍ വേഗത്തില്‍ രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് സി.പി.ഐ.എം ആരോപിച്ചത്.