| Monday, 7th February 2022, 7:23 pm

മുഖ്യമന്ത്രി സ്ഥാനം നഷ്ടമായേക്കുമെന്ന് പേടിച്ചാണ് സി.പി.ഐ.എം-ബി.ജെ.പി സഖ്യം ലോകായുക്തയ്ക്ക് മൂക്കുകയറിട്ടത്; വിമര്‍ശനവുമായി കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിന് പിന്നാലെ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. അഴിമതി വിരുദ്ധനായ പിണറായിക്ക് വേണ്ടി ഗവര്‍ണര്‍ കുട പിടിക്കുകയാണെന്നും കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതികള്‍ നടത്തിയിട്ടും പിണറായി വിജയന് തുടര്‍ഭരണം ലഭിച്ചത് ബി.ജെ.പിയുമായുള്ള രഹസ്യ സഖ്യത്തിലൂടെയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്.

അഴിമതി കേസുകളില്‍ പെട്ട് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായേക്കുമെന്ന് പേടിച്ചാണ് സി.പി.ഐ.എം-ബി.ജെ.പി സഖ്യം ലോകായുക്തയ്ക്ക് മൂക്കുകയറിട്ടതെന്നും സുധാകരന്‍ പറയുന്നു.

‘അഴിമതിക്കേസില്‍ ലോകായുക്തയുടെ വിധി വന്നു കഴിഞ്ഞാല്‍ അതു കൈമാറേണ്ടത് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ആണ്. 1999ലെ ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് അനുസരിച്ച് ലോകായുക്തയുടെ അന്തിമവിധി അതേപടി അംഗീകരിച്ച്, കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ അധികാര സ്ഥാനത്തുനിന്നു നീക്കം ചെയ്യേണ്ടതുണ്ട്. മൂന്ന് മാസത്തിനകം വിധി നടപ്പിലാക്കിയില്ലെങ്കില്‍ വിധി അംഗീകരിച്ചതായി കണക്കാക്കും.

എന്നാല്‍ പുതിയ ഭേദഗതി ഓര്‍ഡിനന്‍സ് നിലവില്‍ വരുന്നതോടെ ലോകായുക്തയുടെ ഈ അധികാരം അവസാനിക്കുകയാണ്. ഇനി മുതല്‍ കുറ്റാരോപിതര്‍ക്ക് എതിരെ സര്‍ക്കാര്‍ ഹിയറിങ് നടത്തി മൂന്നു മാസത്തിനകം ലോകായുക്തയുടെ വിധി തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാം,’ സുധാകരന്‍ പോസ്റ്റില്‍ പറയുന്നു.

വിരമിച്ച സുപ്രീം കോടതി ജഡ്ജി അല്ലെങ്കില്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എന്നിവരെ മാത്രമേ നിലവില്‍ ഉണ്ടായിരുന്ന ചട്ടം അനുസരിച്ച് ലോകായുക്തയായി നിയമിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ എന്നും എന്നാല്‍ ഹൈക്കോടതി മുന്‍ ജഡ്ജിമാരെയും നിയമിക്കാമെന്ന വ്യവസ്ഥ ഓര്‍ഡിനന്‍സിന്റെ ഭേദഗതിയില്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഒരു ഭാഗത്ത് ലോകായുക്തയുടെ പല്ല് തട്ടിക്കൊഴിക്കുകയും, മറുഭാഗത്ത് ഇഷ്ടക്കാരെ നിയമിക്കാന്‍ ഉള്ള സാധ്യത തുറന്നിടുകയും ചെയ്തു കൊണ്ടാണ് പുതിയ ഓര്‍ഡിനന്‍സ് നിലവില്‍ വന്നിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

പിണറായി വിജയനെ അഴിമതിക്കേസുകളില്‍ നിന്ന് രക്ഷപെടുത്താന്‍ ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് ഒപ്പിടുമ്പോള്‍, പ്രത്യുപകാരമായി ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗത്തെ ഗവര്‍ണറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആക്കാന്‍ സംസ്ഥാന സര്‍ക്കാറും തയ്യാറാകുന്നു.ഘടക കക്ഷിയായ സി.പി.ഐയുടെ അഭിപ്രായത്തെ പോലും ചവറ്റുകുട്ടയില്‍ എറിഞ്ഞു കൊണ്ടാണ് സി.പി.ഐ.എം ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.

അതേസമയം, ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചത്.

ഇതോടെ ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി പ്രാബല്യത്തിലായി. ഒപ്പിടാതെ മടക്കിയാല്‍ സര്‍ക്കാരിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകുമായിരുന്നു.

അങ്ങനെയെങ്കില്‍ നിയമസഭ സമ്മേളനത്തില്‍ ബില്‍ ആയി കൊണ്ടുവരാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ലോകായുക്ത ഓര്‍ഡിനന്‍സില്‍ പരസ്യ എതിര്‍പ്പ് അറിയിച്ച സി.പി.ഐയെ സി.പി.ഐ.എം കാര്യങ്ങള്‍ ബോധ്യപ്പെടുത്തും.

ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം ശക്തമായി എതിര്‍പ്പുയര്‍ത്തിയിരുന്നു. ലോകായുക്തയുടെ പല്ലും നഖവും പിഴുതെടുക്കുന്നതാണ് ഓര്‍ഡിനന്‍സെന്ന് ആരോപിച്ചാണ് പ്രതിപക്ഷം എതിര്‍പ്പുയര്‍ത്തിയത്

ഓര്‍ഡിനന്‍സിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഭരണഘടനക്ക് വിരുദ്ധമായ അധികാരം ലോകായുക്തയ്ക്ക് നല്‍കേണ്ടതില്ലെന്നാണു നിയമോപദേശമെന്നുമാണ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വിശദീകരിച്ചത്.

മറ്റ് സംസ്ഥാനങ്ങളില്‍ ലോകായുക്തയ്ക്ക് ഈ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി. തന്റെ പരിശോധനയിലും അക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നു ഗവര്‍ണര്‍ മറുപടി നല്‍കിയെന്നാണ് വിവരം.

കെ. സുധാകരന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

അഴിമതി വീരനായ മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കുട പിടിക്കുന്നു.

കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതികള്‍ നടത്തിയിട്ടും പിണറായി വിജയന് തുടര്‍ഭരണം ലഭിച്ചത് ബിജെപിയുമായുള്ള രഹസ്യ സഖ്യത്തിലൂടെയാണ്. ഇപ്പോളിതാ അഴിമതി കേസുകളില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടമായേക്കുമെന്ന് ഭയന്ന് സി.പി.ഐ.എം-ബി.ജെ.പി സഖ്യം ലോകായുക്തയ്ക്ക് മൂക്കുകയറിട്ടിരിക്കുന്നു.

ലോകായുക്തയെ ഒരു കടലാസ് പുലി ആക്കുന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടു കഴിഞ്ഞു.

അഴിമതിക്കേസില്‍ ലോകായുക്തയുടെ വിധി വന്നു കഴിഞ്ഞാല്‍ അതു കൈമാറേണ്ടത് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ആണ്. 1999ലെ ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് അനുസരിച്ച് ലോകായുക്തയുടെ അന്തിമവിധി അതേപടി അംഗീകരിച്ച്, കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ അധികാര സ്ഥാനത്തുനിന്നു നീക്കം ചെയ്യേണ്ടതുണ്ട്. മൂന്ന് മാസത്തിനകം വിധി നടപ്പിലാക്കിയില്ലെങ്കില്‍ വിധി അംഗീകരിച്ചതായി കണക്കാക്കും.

എന്നാല്‍ പുതിയ ഭേദഗതി ഓര്‍ഡിനന്‍സ് നിലവില്‍ വരുന്നതോടെ ലോകായുക്തയുടെ ഈ അധികാരം അവസാനിക്കുകയാണ്. ഇനി മുതല്‍ കുറ്റാരോപിതര്‍ക്ക് എതിരെ സര്‍ക്കാര്‍ ഹിയറിങ് നടത്തി മൂന്നു മാസത്തിനകം ലോകായുക്തയുടെ വിധി തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാം.

കഴിഞ്ഞ ഭരണകാലത്ത് നടന്ന എണ്ണമറ്റ അഴിമതികളില്‍ പിണറായി വിജയനെതിരെ ലോകായുക്ത വിധി വന്നാല്‍ ഇനി നടപ്പിലാക്കേണ്ടതില്ല. കെ റെയില്‍ പദ്ധതിയിലടക്കം വന്‍കിട അഴിമതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നുവെന്ന് ഈ ഓര്‍ഡിനന്‍സ് ഭേദഗതി വ്യക്തമാക്കുന്നു.

വിരമിച്ച സുപ്രീം കോടതി ജഡ്ജി, ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എന്നിവരെ മാത്രമേ നിലവില്‍ ഉണ്ടായിരുന്ന ചട്ടം അനുസരിച്ച് ലോകായുക്തയായി നിയമിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.എന്നാല്‍ ഹൈക്കോടതി മുന്‍ ജഡ്ജിമാരെയും നിയമിക്കാമെന്ന വ്യവസ്ഥ ഓര്‍ഡിനന്‍സിന്റെ ഭേദഗതിയില്‍ വന്നിരിക്കുന്നു. ഒരു ഭാഗത്ത് ലോകായുക്തയുടെ പല്ല് തട്ടിക്കൊഴിക്കുകയും, മറുഭാഗത്ത് ഇഷ്ടക്കാരെ നിയമിക്കാന്‍ ഉള്ള സാധ്യത തുറന്നിടുകയും ചെയ്തു കൊണ്ടാണ് പുതിയ ഓര്‍ഡിനന്‍സ് നിലവില്‍ വന്നിട്ടുള്ളത്.

നിയമസഭ സമ്മേളനം പ്രഖ്യാപിക്കുന്നത് പോലും നീട്ടി വച്ചു കൊണ്ടാണ് ജനാധിപത്യ സംവിധാനത്തെ, മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ചേര്‍ന്ന് ഇത്തരത്തിലൊരു ഭരണഘടനാ വിരുദ്ധ ഓര്‍ഡിനന്‍സ് വഴി കശാപ്പ് ചെയ്യുന്നത്. പിണറായി വിജയനെ അഴിമതിക്കേസുകളില്‍ നിന്ന് രക്ഷപെടുത്താന്‍ ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് ഒപ്പിടുമ്പോള്‍, പ്രത്യുപകാരമായി ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗത്തെ ഗവര്‍ണ്ണറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആക്കാന്‍ സംസ്ഥാന സര്‍ക്കാറും തയ്യാറാകുന്നു.ഘടക കക്ഷിയായ സി.പി.ഐയുടെ അഭിപ്രായത്തെ പോലും ചവറ്റുകുട്ടയില്‍ എറിഞ്ഞു കൊണ്ടാണ് സി.പി.ഐ.എം ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

നിയമ സംവിധാനങ്ങള്‍ക്ക് മുകളില്‍ രാജാവിനെ പോലെ സ്വയം അവരോധിക്കാന്‍ വ്യാമോഹിക്കുന്ന ഏകാധിപതിയായാല്‍, ഇത് ജനാധിപത്യ രാജ്യമാണെന്നും ജനങ്ങളാണ് പരമാധികാരികളെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിണറായി വിജയനെ ബോധ്യപ്പെടുത്തിയിരിക്കും

Content Highlight: K Sudakaran against Pinarayi Vijayan and Governor Arif Muhammed  Khan about Lokayukta Ordinance

We use cookies to give you the best possible experience. Learn more