തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ ജാമ്യത്തില്‍ വിട്ടതിന് പിന്നാലെ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. തനിക്ക് കോടതിയില്‍ വിശ്വാസമുണ്ടെന്നും കോടതിയില്‍ കേസ് നടക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
‘അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യം തന്നു. ചോദ്യം ചെയ്തു, ചോദ്യം പൂര്‍ത്തിയായി. എനിക്ക് ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്. കോടതിയില്‍ വിശ്വാസമുണ്ട്. കോടതിയില്‍ കേസ് വരട്ടെ, കേസ് നടക്കട്ടെ. കോടതി വിലയിരുത്തട്ടെ, അതിനെ ഉള്‍ക്കൊള്ളാന്‍ ഞാന്‍ തയ്യാറാണ്,’ സുധാകരന്‍ പറഞ്ഞു.
തനിക്ക് യാതൊരു ഭയപ്പാടുമില്ലെന്നും ഏത് പ്രതിസന്ധിയേയും അഭിമുഖീകരിക്കാന്‍ താന്‍ മനക്കരുത്തനാണെന്നും അദ്ദേഹം പറഞ്ഞു.
‘അവര്‍ക്ക് കുറച്ച് കാര്യങ്ങള്‍ അറിയണമായിരുന്നു. എന്നോട് ചോദിച്ചതിനൊക്കെ ഞാന്‍ ഉത്തരം പറഞ്ഞിട്ടുണ്ട്. പൊലീസിന് നല്‍കിയ രഹസ്യ മൊഴി വെളിപ്പെടുത്താനാകില്ല. ഞാന്‍ പൂര്‍ണ ആത്മവിശ്വാസത്തിലാണ്. എന്നെ ശിക്ഷിക്കാന്‍ മാത്രമുള്ള ഒരു തെളിവും പൊലീസിന്റെ കയ്യിലില്ലെന്ന് ഇന്ന് ചോദ്യം ചെയ്തപ്പോള്‍ എനിക്ക് മനസിലായി. അതുകൊണ്ട് എനിക്കൊരു ആശങ്കയുമില്ല, ഭയപ്പാടുമില്ല. ഏത് പ്രതിസന്ധിയേയും അഭിമുഖീകരിക്കാന്‍ ഞാന്‍ മനക്കരുത്തനാണ്. മോന്‍സണെ തള്ളി പറഞ്ഞിട്ടുണ്ട്,’ സുധാകരന്‍ പറഞ്ഞു.
പുരാവസ്തു തട്ടിപ്പ് കേസില്‍ എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പിന്നീട് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ 50000 രൂപ ബോണ്ടില്‍ സുധാകരനെ ജാമ്യത്തില്‍ വിടുകയായിരുന്നു.
11 മണിയോട് കൂടിയാണ് സുധാകരന്‍ ഹാജരായത്. ഈ പണമിടപാടുമായി ബന്ധപ്പെട്ട് സുധാകരനെതിരെ നിരവധി തെളിവുകള്‍ നേരത്തെ തന്നെയുണ്ടെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ചോദ്യം ചെയ്തിരിക്കുന്നത്.
പരാതിക്കാരെയും ഓണ്‍ലൈനായി എത്തിച്ച് അവരില്‍ നിന്നും വിശദീകരണം തേടിയിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് സുധാകരന്‍. ഒന്നാം പ്രതി മോന്‍സണ്‍ മാവുങ്കലാണ്.
അതേസമയം അറസ്റ്റിന് പിന്നാലെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇന്നും നാളെയും കേരളത്തില്‍ കരിദിനമാചരിക്കുമെന്നും സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നു കോണ്‍ഗ്രസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കേസിലെ പരാതിക്കാര്‍ നല്‍കിയ പത്ത് ലക്ഷം രൂപ കെ. സുധാകരന്റെ കൈവശം എത്തിയിട്ടുണ്ട് എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. പത്ത് ലക്ഷം രൂപ മോന്‍സണ്‍ സുധാകരന് നല്‍കിയതിനുള്ള തെളിവുണ്ട് എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. 25 ലക്ഷം രൂപ പരാതിക്കാരന്‍ മോന്‍സണ് വീട്ടിലെത്തി കൈമാറുമ്പോള്‍ സുധാകരന്‍ അവിടെ ഉണ്ടായിരുന്നു എന്ന് പരാതിക്കാരന്‍ മൊഴി നല്‍കിയിരുന്നു.
Content Highlight: K sudakan response after his bail