ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ സന്ദര്‍ശകരെ തകര്‍ത്ത് പ്രോട്ടിയാസ് വിജയം സ്വന്തമാക്കിയിരുന്നു. സെന്റ് ജോര്‍ജ്‌സ് ഓവലില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു പ്രോട്ടിയാസിന്റെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 125 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ബാക്കി നില്‍ക്കെ സൗത്ത് ആഫ്രിക്ക മറികടക്കുകയായിരുന്നു.
ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് സൗത്ത് ആഫ്രിക്ക നല്‍കിയത്. സൂപ്പര്‍ താരം സഞ്ജു സാംസണിനെ പൂജ്യം റണ്‍സിനാണ് പുറത്തായത്. ആദ്യ ഓവറിന് എത്തിയ മാര്‍ക്കോ യാന്‍സന്റെ മൂന്നാം പന്തില്‍ മോശം ഷോട്ടിന് മുതിര്‍ന്ന് ക്ലീന്‍ ബൗള്‍ഡായാണ് സഞ്ജു പുറത്തായത്.
പ്രോട്ടിയാസിനെതിരെയുള്ള ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച സഞ്ജു. രണ്ടാം മത്സരത്തില്‍ ഏവരെയും നിരാശപ്പെടുത്തുകയായിരുന്നു. ഇതോടെ സഞ്ജുവിനെ വിമര്‍ശിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കെ. ശ്രീകാന്ത്.
‘എത്ര ഗംഭീരമായിട്ടാണ് ആദ്യത്തെ ടി-20 മത്സരത്തില്‍ സഞ്ജു സാംസണ്‍ ബാറ്റ് ചെയ്തത്. പക്ഷെ ഈ കളിയില്‍ അദ്ദേഹം പുറത്തായത് നോക്കൂ. അമിതാവേശത്തോടെയുള്ള ഷോട്ടാണ് സഞ്ജു കളിച്ചത്. ടി-20 മത്സരത്തില്‍ ഈ തരത്തിലുള്ള അശ്രദ്ധമായ ഷോട്ടുകളൊന്നും കളിക്കാന്‍ പാടില്ല. ക്ഷമ കാണിക്കണമായിരുന്നു.
ചില സമയത്തെ ആത്മവിശ്വാസം ദോഷം ചെയ്യും. തീര്‍ത്തും വ്യത്യസ്തമായാണ് അവനിപ്പോള്‍ ബാറ്റ് വീശുന്നത്. ഔട്ടായ രീതി കണ്ടില്ലേ. അമിത ആത്മവിശ്വാസം ഈ ഷോട്ടില്‍ വളരെ വ്യക്തമായി തന്നെ കാണാന്‍ സാധിച്ചു,’ കെ. ശ്രീകാന്ത് പറഞ്ഞു.
മാത്രമല്ല ബാക് ടു ബാക് സെഞ്ച്വറി നേടിയ ഏക ഇന്ത്യക്കാരനെന്ന നേട്ടമുള്‍പ്പെടെ പല റെക്കോഡുകളും സ്വന്തമാക്കിയ സഞ്ജുവിന്റെ തിരിച്ചുവരവിനാണ് ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ മൂന്നാം മത്സരം നാളെ (ബുധന്‍) സൂപ്പര്‍ സ്‌പോര്‍ട്‌സ് പാര്‍ക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക.
Content Highlight: K. Srikkanth Criticize Sanju Samson