തിരുവനന്തപുരം: എ.ഐ.സി.സി സെക്രട്ടറി ആയി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി കെ.ശ്രീനിവാസന്‍ രംഗത്തെത്തി. തന്റെ നിയമനവുമായി ബന്ധപ്പെട്ട് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഉയര്‍ത്തിയ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു കെ. ശ്രീനിവാസന്‍.
എ.ഐ.സി.സി പ്രസിഡന്റ് ആരാകണം എന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസ് പ്രസിഡന്റാണ്. ആ തീരുമാനത്തെ മാനിക്കണം. കെ.ശ്രീനിവാസന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്നങ്ങളും വിയോജിപ്പുകളും പറഞ്ഞ് തീർക്കാം.
താന്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി പിടിവലി നടത്തിയിട്ടില്ലെന്നും യുവാക്കളും പുതുമുഖങ്ങളും നേതൃസ്ഥാനത്തേക്ക് വരുമ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിക്കണമെന്നും , കെ.ശ്രീനിവാസന്‍ പറഞ്ഞു. തന്നെ കോണ്‍ഗ്രസുകാര്‍ക്ക് പരിചയമില്ലെന്ന വി.എം സുധീരന്റെ ആരോപണത്തോട് തൽക്കാലം പ്രതികരണത്തിനില്ലെന്നും കെ.ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
ഇന്നലെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വി.എം സുധീരന്‍ കെ.ശ്രീനിവാസനെ എ.ഐ.സി.സി സെക്രട്ടറി ആക്കിയ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു. പിന്‍വാതില്‍ നിയമനമാണ് കെ.ശ്രീനിവാസന്റേതെന്നും ഇത് താന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടെണ്ടെന്നുമായിരുന്നു വി.എം സുധീരന്റെ പോസ്റ്റ്.
എ.ഐ.സി.സി സെക്രട്ടറി സ്ഥാനത്തേക്കുള്ള കെ.ശ്രീനിവാസന്റെ നിയമനം പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുമെന്നും മുന്‍ കെ.പി.സി.സി പ്രസിഡന്റ് പോസ്റ്റിലൂടെ പറഞ്ഞു.
കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴും കേന്ദ്ര മന്ത്രി ആയിരിക്കുമ്പോഴും ഒ.എസ്.ഡി തസ്തികയില്‍ ജോലി ചെയ്തിട്ടുള്ള ആളാണ് കെ.ശ്രീനിവാസന്‍. ഗാന്ധി കുടുംബവുമായി വര്‍ഷങ്ങളായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുമാണ്.