| Saturday, 9th April 2022, 9:59 pm

കെ.വി. തോമസിനോട് ഞങ്ങള്‍ക്ക് പരമപുച്ഛമാണ്; കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുമെന്ന് കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സി.പി.ഐ.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.

കെ.വി. തോമസ് സി.പി.ഐ.എമ്മുമായി ധാരണയുണ്ടാക്കിയിട്ടാണ് കണ്ണൂരിലേക്ക് പോയതെന്നും അദ്ദേഹത്തിനെതിരായ നടപടികള്‍ സംബന്ധിച്ച് ഹൈക്കമാന്റിന് കെ.പി.സി.സി കത്തയച്ചുകഴിഞ്ഞുവെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘അദ്ദേഹം പാര്‍ട്ടിയില്‍ നിന്നും പോയി കഴിഞ്ഞു. അദ്ദേഹത്തിനെതിരായ നടപടികള്‍ സംബന്ധിച്ച് ഹൈക്കമാന്റിന് കെ.പി.സി.സി കത്തയച്ചുകഴിഞ്ഞു. ഇപ്പോള്‍ പിണറായി വിജയന്റെ പ്രാധാന്യം മനസിലായത് എന്തുകൊണ്ടാണ്? അദ്ദേഹം കച്ചവടം നടത്തി നില്‍ക്കുകയാണ്. നേരത്തെ ധാരണയുണ്ടാക്കിയിരിക്കുകയാണ്. ആ ധാരണയുടെ പുറത്താണിതൊക്കെ.

അപ്പോള്‍ ഇല്ലാത്ത മഹത്വം വരും. ഇല്ലാത്ത മാഹാത്മ്യം വരും. ഇല്ലാത്ത വിധേയത്വം വരും. അത് സ്വഭാവികമാണ്, അത് നട്ടെല്ലില്ലാത്ത രാഷ്ട്രീയക്കാരന്റെ ലക്ഷണമാണ്. കെ.വി തോമസ് മാഷിനെ കുറിച്ച് ഞങ്ങള്‍ക്ക് പരമപുച്ഛമാണ്. അദ്ദേഹത്തെ പാര്‍ട്ടിക്ക് വേണ്ട. അദ്ദേഹം പാര്‍ട്ടിക്ക് പുറത്താകും.

വേണ്ടതൊക്കെ ചെയ്യുമെന്ന് കോടിയേരിയും പിണറായിയും പറഞ്ഞത് കച്ചവടം നടത്തിയിട്ടല്ലേ. ഡീല്‍ നടത്തിയിട്ടാണ് അദ്ദേഹം കണ്ണൂരിലേക്ക് വന്നത്. ഇടത് പക്ഷത്തോട് വിധേയത്വമുള്ള ശാസ്ത്ര സാഹിത്യ പരിക്ഷത്ത് പോലും കെ റെയിലിനെ എതിര്‍ക്കുമ്പോള്‍ കെ.വി. തോമസ് മാഷിന് അത് വലിയൊരു പദ്ധതിയാണെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ വിവരമില്ലായ്മയാണ്.

കൂറും ശരീരവും ഒരു ഭാഗത്താവണം. രണ്ട് സ്ഥലത്താകുന്ന ഒരു രാഷ്ട്രീയക്കാരനും പാര്‍ട്ടിക്ക് ഗുണകരമല്ല. അദ്ദേഹം പാര്‍ട്ടിയുടെ ശത്രുവാണ്, പ്രഖ്യാപിത ശത്രു,’ സുധാകരന്‍ പറഞ്ഞു.

അച്ചടക്കം ലംഘിച്ച കെ. വി. തോമസിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടാണ് ഹൈക്കമാന്റിന് സുധാകരന്‍ കത്തയച്ചത്.

സി.പി.ഐ.എം വേദിയില്‍ സഖാക്കളെ എന്ന് വിളിച്ച് പിണറായിയെ പുകഴ്ത്തിയുള്ള പ്രസംഗം തീര്‍ന്നതിന് പിന്നാലെയാണ് തോമസിനെതിരെ കത്തയച്ചത്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ തോമസ് നടത്തിയ വാര്‍ത്താസമ്മേളനവും സെമിനാറില്‍ പങ്കെടുത്തതും അച്ചടക്ക ലംഘനവും പ്രവര്‍ത്തകരുടെ വികാരത്തെ ഹനിക്കുന്നതുമായ നടപടിയാണെന്ന് എ.ഐ.സി.സിക്ക് അയച്ച കത്തില്‍ സുധാകരന്‍ കുറ്റപ്പെടുത്തുന്നു.

നടപടി കെ.പി.സി.സിക്ക് തീരുമാനിക്കാമെന്നായിരുന്നു എ.ഐ.സി.സിയുടെ മുന്‍നിലപാട്. എന്നാല്‍ എ.ഐ.സി.സി അംഗമായതിനാല്‍ തോമസിനെതിരായ നടപടി ഹൈക്കമാന്‍ന്റ് തീരുമാനിക്കണമെന്ന നിലപാടിലാണ് കെ.പി.സി.സി. പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നതടക്കമുള്ള കെ.പി.സി.സിയുടെ ആവശ്യം ഹൈക്കമാന്‍ന്റ് അംഗീകരിക്കാനാണ് സാധ്യത.

Content Highlight:  K Sreedharan has said that kv Thomas will be expelled from the party

We use cookies to give you the best possible experience. Learn more