എമേര്‍ജിങ് കേരളയിലെ ജനവിരുദ്ധ സമീപനങ്ങള്‍ക്കും മാഫിയാ മൂലധനത്തിന്റെ അക്രമാസക്തമായ കടന്നുവരവിനുമെതിരെ പ്രചാരണ പ്രക്ഷോഭ രംഗത്തുള്ളത് ഇടതുപക്ഷ ഏകോപന സമിതി, സി.പി.ഐ.എം.എല്ലിലെ ചില പരിസ്ഥിതി സംഘടനകള്‍, റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, തുടങ്ങിയവയാണ്. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രസ്താവനാ യുദ്ധങ്ങളിലേക്ക് പിന്‍വാങ്ങിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ മുന്നണി രാഷ്ട്രീയം എത്തിച്ചേര്‍ന്നിട്ടുള്ള സമവായത്തിന്റെ ദുരന്തം കൂടിയാണിത്.ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് കെ.എസ്. ഹരിഹരന്‍ എഴുതുന്നു..
എസ്സേയ്‌സ്/കെ.എസ്. ഹരിഹരന്‍
കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിലേറെയായി കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന പദപ്രയോഗമാണ് വികസനം എന്നത്. മൂലധന നിക്ഷേപം നേടിയെടുക്കാനും മൂലധന സൗഹൃദ സംസ്ഥാനമായി മാറാനും വേണ്ടിയുള്ള യുവജനങ്ങള്‍ തൊട്ട് ചുമട്ടുതൊഴിലാളുകള്‍ വരെ തങ്ങളുടെ സമരോത്സുകത ഉപേക്ഷിക്കണമെന്ന് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ അണികളെയും പൊതുസമൂഹത്തെയും ഉപദേശിക്കാന്‍ തുടങ്ങിയത് ഇക്കാലയളവിലാണ്. വികസനം എന്നത് ഇടതുമുന്നണിക്കും വലതു മുന്നണിക്കും ഒരേപോലെ പ്രിയ്യപ്പെട്ട മുദ്രാവാക്യമാണ്. തങ്ങള്‍ ഭരിച്ചാലേ വികസനമുണ്ടാകൂ എന്ന അവകാശവാദം മാത്രമാണ് മുന്നണികള്‍ തമ്മിലുള്ള വിയോജിപ്പിന്റെ അടിസ്ഥാനം. അത്‌കൊണ്ട് യു.ഡി.എഫ് ഭരിക്കുമ്പോള്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ എളമരം കരീമും വികസന നായകരായി വാഴ്ത്തപ്പെടുന്നു. മുതലാളിത്ത വികസനമാണ് രണ്ട് മുന്നണികള്‍ക്കും പ്രിയംകരം.[]
ഇതിനിടയില്‍ വികസനമെന്നത് സാധാരണ ജനങ്ങളുടെ ജീവിതോപാധികള്‍ സംരക്ഷിച്ചുകൊണ്ടാവണമെന്നും അത് മൂലധന മൂര്‍ത്തികളുടെ കൊള്ളക്കുള്ള സൗകര്യമാകരുതെന്നും ആരെങ്കിലും പറഞ്ഞുപോയാല്‍ അത്തരക്കാരൊക്കെ പരിസ്ഥിതിവാദികളും ഇടതുപക്ഷ തീവ്രവാദികളും ഒക്കെയായി ചാപ്പകുത്തപ്പെടും. കിനാലൂരില്‍ വികസനം കൊണ്ടുവരാന്‍ എളമരം കരീം ശ്രമിച്ചപ്പോഴും ജിമ്മിലൂടെ വികസനമെത്തിക്കാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി ശ്രമിച്ചപ്പോഴും കേരളത്തില്‍ അതിനെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ നേരിട്ട രീതി സമാനമായിരുന്നു എന്നതും ഓര്‍ക്കാവുന്നതാണ്.
എമേര്‍ജിങ് കേരളയിലെ പദ്ധതിയുടെ സുതാര്യതയെ കുറിച്ചും നിക്ഷേപിക്കപ്പെടാനുള്ള മൂലധനത്തിന്റെ സ്വഭാവത്തെ കുറിച്ചുമൊക്കെ വലിയ ആശങ്കകള്‍ യു.ഡി.എഫിലെ ഹരിതവാദികള്‍ ഉള്‍പ്പെടെ ഇതിനകം പങ്കുവെച്ച് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമൊക്കെ എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. ടൂറിസം, ഹോട്ടല്‍ വ്യവസായങ്ങള്‍ക്കായി വനഭൂമിയും തോട്ടം ഭൂമിയുള്‍പ്പെടെ മാറ്റിവെക്കുന്ന പ്രൊജക്ടുകളില്‍ പരിസ്ഥിതി വാദികളുടെ എതിര്‍പ്പിനിടയാക്കിയത്. എന്നാല്‍ എമേര്‍ജിങ് കേരളയുടെ അപകടം ഇതില്‍ മാത്രം ഒതുങ്ങുന്നില്ല.
ഇടതുപക്ഷ ധനകാര്യ വിദഗ്ധനും കഴിഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ കാലത്ത് പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാനുമായിരുന്ന ഡോ.പ്രഭാത് പട്‌നായിക് തോട്ടം ഭൂമി വകമാറ്റി ഉപയോഗിക്കാന്‍ 2005 മുതല്‍ യു.ഡി.എഫ് നടത്തിയ ശ്രമത്തെ എല്‍.ഡി.എഫ് എതിര്‍ത്ത കാര്യം ഈയിടെ ചൂണ്ടിക്കാണിക്കപ്പെടുകയുണ്ടായി.
എമേര്‍ജിങ് കേരളയുടെ മറവില്‍ കേരളത്തിലെ ഭൂപരിധി നിയമം അട്ടിമറിക്കാനും പ്ലാന്റേഷന്‍ ഭൂമി വകമാറ്റി ഉപയോഗിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങളാണ് അരങ്ങേറുന്നത്. സര്‍ക്കാറിന്റെ ഭൂമി പാട്ടത്തിനെടുത്ത് കൊള്ളലാഭം കൊയ്തുകൊണ്ടിരിക്കുന്ന പ്ലാന്റേഷന്‍ മുതലാളിമാരില്‍ നിന്ന് കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ തിരിച്ചെടുത്ത് ഭൂരഹിതരായ ആദിവാസികള്‍ക്കും ദളിതര്‍ക്കും ഉള്‍പ്പെടെ വിതരണം ചെയ്യണമെന്ന ആവശ്യം കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിനിടെ കേരളത്തില്‍ ശക്തി പ്രാപിച്ചിട്ടുണ്ട്. എന്നാല്‍ ഭൂരഹിതര്‍ക്ക് ഭൂമിനല്‍കാന്‍ താത്പര്യമില്ലാത്ത മുന്നണികള്‍ തോട്ടം മുതലാളിമാരുടെ മുന്നില്‍ മുട്ടിലിഴയാന്‍ തയ്യാറുമാണ്.
ഭൂപരിധിനിയമത്തെ അസാധുവാക്കുന്ന ജനകീയമായ വികസന സങ്കല്‍പ്പങ്ങളെ അട്ടിമറിക്കുന്ന യു.ഡി.എഫ് നീക്കങ്ങളെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന് പ്രഖ്യാപിക്കാന്‍ ഇടതുമുന്നണി തയ്യാറായിട്ടില്ല.
ഇടതുപക്ഷ ധനകാര്യ വിദഗ്ധനും കഴിഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ കാലത്ത് പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാനുമായിരുന്ന ഡോ.പ്രഭാത് പട്‌നായിക് തോട്ടം ഭൂമി വകമാറ്റി ഉപയോഗിക്കാന്‍ 2005 മുതല്‍ യു.ഡി.എഫ് നടത്തിയ ശ്രമത്തെ എല്‍.ഡി.എഫ് എതിര്‍ത്ത കാര്യം ഈയിടെ ചൂണ്ടിക്കാണിക്കപ്പെടുകയുണ്ടായി. എന്നാല്‍ കഴിഞ്ഞ ഗവര്‍മെന്റിന്റെ കാലത്തും ഹോട്ടര്‍, ടൂറിസം, റിയല്‍ എസ്‌റ്റേറ്റ് താത്പര്യങ്ങള്‍ ഗവര്‍മെന്റിന്റെ മുന്‍ഗണനയിലുണ്ടായിരുന്നു എന്നും തോട്ടം ഭൂമി പ്ലാന്റേഷന്‍ ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുകയെന്ന ലക്ഷ്യം കൈവരിക്കാനായില്ല എന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്. കാലാവധി കഴിഞ്ഞ തോട്ടം ഭൂമികള്‍ മുതലാളിമാരില്‍ നിന്നും തിരിച്ചുപിടിച്ച് തൊഴിലാളികളുടെ സഹകരണസംഘങ്ങള്‍ക്കോ പൊതുമേഖലയിലോ നിക്ഷിപ്തമാക്കി തൊഴില്‍ സുരക്ഷ ഉറപ്പാക്കണമെന്ന നിര്‍ദേശം അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം അംഗത്വമെടുത്തിട്ടുള്ള സി.പി.ഐ.എമ്മിന്റെ കേരളത്തിലെ ഒരു നേതാക്കള്‍ പോലും ഇതേക്കുറിച്ച് വാ തുറന്നിട്ടില്ല. ഭൂപരിധിനിയമത്തെ അസാധുവാക്കുന്ന ജനകീയമായ വികസന സങ്കല്‍പ്പങ്ങളെ അട്ടിമറിക്കുന്ന യു.ഡി.എഫ് നീക്കങ്ങളെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന് പ്രഖ്യാപിക്കാന്‍ ഇടതുമുന്നണി തയ്യാറായിട്ടില്ല. രാഷ്ട്രീയ എതിരാളികളെ കൊലചെയ്യാനുള്ള അവകാശം സംരക്ഷിക്കാന്‍ സമരരംഗത്തിറങ്ങുന്ന യുവജനപ്രസ്ഥാനമടക്കം ഇക്കാര്യത്തില്‍ മൗനികളായെന്നത് ആരേയും ചിന്തിപ്പിക്കാന്‍ പോന്നതാണ്.
എമേര്‍ജിങ് കേരളയിലെ ജനവിരുദ്ധ സമീപനങ്ങള്‍ക്കും മാഫിയാ മൂലധനത്തിന്റെ അക്രമാസക്തമായ കടന്നുവരവിനുമെതിരെ പ്രചാരണ പ്രക്ഷോഭ രംഗത്തുള്ളത് ഇടതുപക്ഷ ഏകോപന സമിതി, സി.പി.ഐ.എം.എല്ലിലെ ചില പരിസ്ഥിതി സംഘടനകള്‍ റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, തുടങ്ങിയവയാണ്. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രസ്താവനാ യുദ്ധങ്ങളിലേക്ക് പിന്‍വാങ്ങിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ മുന്നണി രാഷ്ട്രീയം എത്തിച്ചേര്‍ന്നിട്ടുള്ള സമവായത്തിന്റെ ദുരന്തം കൂടിയാണിത്.
(എമേര്‍ജിങ് കേരളയ്‌ക്കെതിരെയുള്ള ജനകീയ സമിതിയുടെ വൈസ് ചെയര്‍പേഴ്‌സണ്‍കൂടിയാണ് ലേഖകന്‍)