| Tuesday, 22nd March 2022, 8:55 am

സി.ബി.ഐക്ക് വേണ്ടിയുള്ള കാത്തിരിപ്പുകള്‍ക്ക് ഉടന്‍ ഉത്തരം ലഭിക്കും; കെ. മധുവിന്റെ കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഇനി മമ്മൂട്ടിയുടേതായി പുറത്ത് വരാനിരിക്കുന്നത്. അതിലൊന്നാണ് സി.ബി.ഐ 5 ദി ബ്രെയ്ന്‍. അഞ്ചാം വട്ടവും മമ്മൂട്ടിയും സംവിധായകന്‍ കെ. മധുവും ഒന്നിക്കുമ്പോള്‍ എന്തായിരിക്കും ലഭിക്കുക എന്ന ആകാംഷ പ്രേക്ഷകര്‍ക്കുണ്ട്.

പ്രേഷകരുടെ കാത്തിരിപ്പിന് ഉടന്‍ ഉത്തരം ലഭിക്കുമെന്ന് പറയുകയാണ് കെ. മധു. ഷൂട്ടിംഗിനിടയിലെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട്, ഈ ചിത്രം കണ്ടപ്പോള്‍ താന്‍ മൂന്ന് പതിറ്റാണ്ട് പിന്നിലേക്ക് പോയെന്നും മധു ഫേസ്ബുക്കില്‍ കുറിച്ചു.

‘സി.ബി.ഐ 5 ദി ബ്രെയ്‌നിന്റെ വര്‍ക്കിംഗ് സ്റ്റില്ലുകളിലൂടെ കടന്നുപോകുമ്പോള്‍, ഈ ചിത്രം എന്റെ മുഖത്ത് ഒരു പുഞ്ചിരി കൊണ്ടുവന്നു. ഇവിടെ ഞാനും ശ്രീ. മമ്മൂട്ടിയും ഷോട്ടെടുക്കാനുള്ള തയ്യാറെടുപ്പുകളില്‍ മുഴുകിയിരിക്കുകയാണ്. ഇത് കണ്ടപ്പോള്‍, മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിലേക്ക്, ഞങ്ങള്‍ ഒരുമിച്ച ആദ്യ ഷോട്ടിലേക്ക് എന്റെ മനസ്സ് ഓടി.

ഈ യാത്രയുടെ ഏറ്റവും പുതിയ ഉല്‍പ്പന്നം തയ്യാറാക്കിക്കൊണ്ടിരിക്കുന്നതിനിടയില്‍, നിങ്ങളുടെയെല്ലാം കാത്തിരിപ്പിന് ഉടന്‍ ഉത്തരം ലഭിക്കുമെന്ന് ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികളോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം കുറിച്ചു.

May be an image of 2 people, beard and people standing

അഞ്ചാം വട്ടവും സി.ബി.ഐ ടീമെത്തുമ്പോള്‍ മമ്മൂട്ടിക്ക് പുറമേ മുകേഷ്, ജഗതി ശ്രീകുമാര്‍, സായ് കുമാര്‍ എന്നിങ്ങനെ മുന്‍ ചിത്രങ്ങളുലുള്ളവരും എത്തുന്നുണ്ട്. രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി, സായ്കുമാര്‍, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജഗതി സിനിമയിലേക്ക് എത്തിയത് ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. അപകടത്തെ തുടര്‍ന്ന് ചലന ശേഷിയും സംസാര ശേഷയും നഷ്ടപ്പെട്ട ജഗതി അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

ആദ്യ നാല് സി.ബി.ഐ ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്‌സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജാണ് ഛായാഗ്രാഹകന്‍


Content Highlight; K Madhu shared the stills of the CBI shoot 

We use cookies to give you the best possible experience. Learn more