കോഴിക്കോട്: പൊതുജീവിതത്തില്‍ നിന്ന് വിരമിക്കുന്നതായി സാഹിത്യ അക്കാദമി പ്രസിഡന്റും എഴുത്തുകാരനുമായ കെ. സച്ചിദാനന്ദന്‍. യാത്രകളും പ്രസംഗങ്ങളും അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ ഒന്ന് മുതല്‍ ഓര്‍മക്കുറവ് ബാധിച്ച് തുടങ്ങിയെന്നും ഇക്കാരണത്താല്‍ പൊതുമണ്ഡലത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചെന്നുമാണ് അദ്ദേഹം പറയുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം വിവരം അറിയിച്ചത്.
കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ആശുപത്രയിലാണെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ മാസത്തില്‍ ഒരുപാട് യാത്രകളും പരിപാടികളും ഉണ്ടായിരുന്നെന്നും ഇത് കൂടുതല്‍ സമ്മര്‍ദമുണ്ടാക്കിയെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ഇടവേളയില്ലാത്ത പരിപാടികളും മറ്റും ഏഴ് വര്‍ഷം മുമ്പ് വന്ന അംനേഷ്യ വീണ്ടും ബാധിക്കാന്‍ കാരണമായെന്ന് ഡോക്ടര്‍ പറഞ്ഞതായും അദ്ദേഹം അറിയിച്ചു.
ക്രിസ്തുവും ബുദ്ധനും ഉള്‍പ്പെടെയുള്ള ആരുടേയും പ്രസംഗം കൊണ്ടും ലോകം നന്നായിട്ടില്ലെന്നും അതൊരു സമയം പാഴാക്കുന്ന പരിപാടി മാത്രമാണെന്ന് 60 വര്‍ഷത്തെ അനുഭവം തന്നെ ബോധ്യപ്പെടുത്തിയെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ദയവായി തന്നെ പൊതുയോഗങ്ങള്‍ക്ക് വിളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെ ജീവന്‍ നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കുകയുള്ളുവെന്നും കെ. സച്ചിദാനന്ദന്‍ പറഞ്ഞു. ഈ ടേം കഴിയുന്നതുവരെ അക്കാദമിയുടെ ചില പരിപാടികളിലും പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. പരിപാടികള്‍ക്ക് വന്നില്ലെങ്കില്‍ പരിഭവമില്ലാതെ തന്റെ സാഹചര്യത്തെ അംഗീകരിക്കണമെന്നും അദ്ദേഹം പറയുന്നു.
ഓര്‍മയും വായനയും ഭാവനയും ഉള്ളിടത്തോളം താന്‍ എഴുതുമെന്നും കെ. സച്ചിദാനന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എപ്പോള്‍ വേണമെങ്കിലും ഈ എഴുത്തുകള്‍ അവസാനിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: K.Satchidanandan said he is retiring from public life