കോഴിക്കോട്: മര്‍ക്കസ് നോളേജ് സിറ്റി സംഘടിപ്പിച്ച കവിയരങ്ങ് പരിപാടിയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താതിരുന്നതിനെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളിലും വിവാദങ്ങളിലും പ്രതികരിച്ച് കവി സച്ചിദാനന്ദന്‍. മീം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടില്‍ സച്ചിദാനന്ദനും പങ്കെടുത്തിരുന്നു.
വിമര്‍ശനങ്ങള്‍ തന്നെ കവിത വായനയ്ക്ക് വേണ്ടി ആരെങ്കിലും ക്ഷണിക്കുമ്പോള്‍ ആ പരിപാടിയിലെ സ്ത്രീ – പുരുഷ അനുപാതം താന്‍ അന്വേഷിക്കാറില്ല, എന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സച്ചിദാനന്ദന്‍ പറയുന്നത്. എന്നാല്‍ താന്‍ സംഘാടകനായ പരിപാടിയില്‍ ഇക്കാര്യം ഉറപ്പിക്കാറുണ്ടെന്നും അതുകൊണ്ട് വിമര്‍ശനമുന്നയിക്കേണ്ടത് സംഘാടകരോടാണ് ക്ഷണിക്കപ്പെട്ട അതിഥികളോടല്ല എന്നും സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.
”എന്നെ ഒരു കവിത വായനക്ക് ആരെങ്കിലും ക്ഷണിക്കുമ്പോള്‍ ആരൊക്കെയാണ് കൂടെയുള്ളത്, സ്ത്രീ – പുരുഷ അനുപാതം എത്ര എന്നൊന്നും ഞാന്‍ അന്വേഷിക്കാറില്ല. അതേസമയം, ഞാന്‍ കൂടി സംഘാടകനായ ഏതു പരിപാടിയിലും, അത് അക്കാദമിയുടെ ആകട്ടെ, കേരള സാഹിത്യോത്സവം ആകട്ടെ, ഞാന്‍ അക്കാര്യം ഉറപ്പ് വരുത്തുകയും ചെയ്യും. അങ്ങിനെയാണ് കേന്ദ്ര അക്കാദമിയില്‍ ഞാനുള്ളപ്പോള്‍ എഴുത്തുകാരികളുടെ മൂന്ന് അഖിലേന്ത്യാ സമ്മേളനങ്ങള്‍ നടത്തുകയും സ്ത്രീകള്‍ക്കായി മാത്രം ഒരു പ്രതിമാസപരിപാടി ആരംഭിക്കുകയും ചെയ്തത്.
ഇത് ആലോചനകളുടെ സ്ഥലമല്ല എന്നറിയാം, മനസ്സിലാകുന്നവര്‍ക്കായി പറയുന്നു എന്നേയുള്ളൂ. ഇവിടെ പ്രത്യക്ഷപ്പെട്ട ഒരു വിമര്‍ശനവും എന്നെ ബാധിക്കുന്നില്ല എന്നും അറിയിക്കട്ടെ. അത് സംഘാടകരോടാണ് പറയേണ്ടത്, ക്ഷണിക്കപ്പെട്ട പങ്കാളികളോടല്ല,” സച്ചിദാനന്ദന്‍ കുറിച്ചു.
മറ്റ് മതങ്ങളില്‍ മാറ്റം വരുത്തുന്ന കാര്യത്തില്‍ ഇതര മതങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ ഇടപെടുന്നത് അക്രമമായിരിക്കുമെന്നും ഇറാനിലെ പോലെ, മുസ്‌ലിം സ്ത്രീകള്‍ ഉണരുമ്പോള്‍ മാത്രമായിരിക്കും ഇസ്‌ലാം പ്രയോഗങ്ങളില്‍ മാറ്റമുണ്ടാവുകയെന്നും സച്ചിദാനന്ദന്‍ ഫേസ്ബുക്കില്‍ കുറിപ്പില്‍ പറയുന്നു.
”മറ്റ് മതങ്ങളില്‍ മാറ്റംവരുത്താന്‍ രണ്ട് മാര്‍ഗങ്ങളെയുള്ളൂ: ഒന്ന്; ജനാധിപത്യ മര്യാദകള്‍ പാലിച്ച് വരുത്തുന്ന നിയമപരമായ മാറ്റങ്ങള്‍. മറ്റൊന്ന്, ഒരു മതത്തിലെ ആളുകള്‍ തന്നെ അതിന്റെ ദുഷ് പ്രയോഗങ്ങള്‍ക്കെതിരെ കലാപത്തിലും സംവാദത്തിലും കൂടി വരുത്തുന്ന മാറ്റങ്ങള്‍. അതില്‍ ഇതര മതങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ ഇടപെടുന്നത് അക്രമമായിരിക്കും. മുസ്‌ലിം സ്ത്രീകള്‍, ഇറാനില്‍ എന്ന പോലെ, ഉണരുമ്പോള്‍ മാത്രമാകും ഇസ്‌ലാം പ്രയോഗങ്ങളില്‍ മാറ്റം ഉണ്ടാവുക,” അദ്ദേഹം പറഞ്ഞു.
ലിംഗവിവേചനം എന്നത് എല്ലാ മതങ്ങളിലും നിലനില്‍ക്കുന്ന കാര്യമാണെന്നും ഇത് തിരിച്ചറിയാതെ വിമര്‍ശനമുന്നയിക്കുന്നത് മൂടിവെച്ച മുസ്‌ലിം വിരോധത്തില്‍ നിന്നുയരുന്നതാണെന്നും അത് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വിദ്വേഷ പ്രചാരണത്തെയാണ് സഹായിക്കുകയെന്നും സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.
”എല്ലാ മതങ്ങളിലും പല രീതിയില്‍ ലിംഗവിവേചനം നിലനില്‍ക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ സ്‌കൂളുകളും കോളേജുകളും നടത്തുകയും ഹാളുകളില്‍ പോലും സീറ്റുകള്‍ വേറെവേറെ ഒരുക്കുകയും നിഷ്‌കളങ്കമായ സ്പര്‍ശവും കൈകുലുക്കലും ആശ്ലേഷവും പോലും വിലക്കുകയും ചെയ്യുന്നത് മുസ്‌ലിങ്ങള്‍ മാത്രമല്ലല്ലോ. ഇതൊന്നും കാണാതെയുള്ള കലമ്പലുകള്‍ വ്യക്തിപരമായ അസംതൃപ്തികളില്‍ നിന്നും മൂടിവെച്ച മുസ്‌ലിം വിരോധത്തില്‍ നിന്നും വരുന്നവയാണ്. അത് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വിദ്വേഷ പ്രചാരണത്തെ മാത്രമേ സഹായിക്കുന്നുള്ളൂ,” അദ്ദേഹം കുറിച്ചു.
സച്ചിദാനന്ദന്‍, കെ.പി. രാമനുണ്ണി, കല്‍പറ്റ നാരായണന്‍, റഫീഖ് അഹമ്മദ് എന്നിവരുള്‍പ്പെട്ട കവികള്‍ നോളേജ് സിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തിരുന്നു. മീം എന്ന പേരില്‍ ഒക്ടോബര്‍ 22, 23 തീയതികളിലായായിരുന്നു പരിപാടി നടന്നത്.
പ്രമുഖ കവികള്‍ ഉള്‍പ്പെട്ട പരിപാടിയില്‍ ഒരു വനിത പോലുമില്ലാത്തതായിരുന്നു സോഷ്യല്‍ മീഡിയയിലടക്കം വലിയ വിമര്‍ശനത്തിന് വഴിവെച്ചത്.
Content Highlight: K Satchidanandan’s fb post about his participation in Markaz knowledge city programme