|

ഫലിതങ്ങള്‍ പോലും പ്രസ്താവനകളായി; അഭിമുഖത്തില്‍ പറഞ്ഞത് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു: കെ. സച്ചിദാനന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ പറഞ്ഞതിനെ തെറ്റായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദന്‍.

അഭിമുഖത്തില്‍ പറഞ്ഞത് പ്രത്യേക രീതിയില്‍ എഡിറ്റ് ചെയ്ത വേര്‍ഷനുകളാണ്
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലും യുട്യൂബിലും വന്നതെന്നും അദ്ദേഹം ആരോപിച്ചു. അതില്‍ നിന്ന് തന്നെ തങ്ങള്‍ക്ക് വേണ്ട ചില വരികള്‍ എടുത്ത് പ്രചരിപ്പിക്കാന്‍ ആണ് മറ്റ് മാധ്യമങ്ങള്‍ ശ്രമിച്ചതെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ സച്ചിദാനന്ദന്‍ പറഞ്ഞു.

വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ സഖാക്കള്‍ പ്രാര്‍ഥിക്കണമെന്നും മൂന്നാംവട്ടവും അധികാരത്തിലെത്തിയാല്‍ ബംഗാളിലെ പോലെ പാര്‍ട്ടി നശിക്കുമെന്നുള്ള തരത്തില്‍ സച്ചിദാനന്ദന്‍ പറഞ്ഞതായി വിവിധ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.

രാഷ്ട്രീയമായ അഭിമുഖങ്ങള്‍ ഇനി ഉണ്ടാകില്ലെന്നും തനിക്ക് വേണ്ടത് പ്രസംഗങ്ങളിലും ലേഖനങ്ങളിലും പറയുമെന്നും അദ്ദേഹം അറിയിച്ചു.

സച്ചിദാന്ദന്റെ വാക്കുകള്‍

നമ്മുടെ മാധ്യമധാര്‍മികത വിചിത്രമാണ്. വലത് പക്ഷത്തിന്റെ വളര്‍ച്ചയുടെ വിപത്തുകള്‍ കൃത്യമായി ചൂണ്ടിക്കാട്ടി, ഇടതുപക്ഷത്തെ കൂടുതല്‍ വിശാലമായി, ഗാന്ധിയെയും അംബേദ്കറെയും ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍, നിര്‍വ്വചിക്കാന്‍ ശ്രമിക്കുകയായാണ്, വളരെ കാലമായി ചെയ്യും പോലെ, ഞാന്‍ രണ്ട് മണിക്കൂര്‍ നീണ്ട ഇന്ത്യന്‍ എക്‌സ്പ്രസ്സ് അഭിമുഖത്തില്‍ ചെയ്തത്, ഇന്നത്തെ ഇടതുപക്ഷത്തിന്റെ ചില പരാധീനതകള്‍ ചൂണ്ടിക്കാട്ടുകയും.

അതിന്റെ പ്രത്യേക രീതിയില്‍ എഡിറ്റ് ചെയ്ത വേര്‍ഷനുകള്‍ ആണ് പത്രത്തിലും യുട്യൂബിലും വന്നത്. അതില്‍ നിന്ന് തന്നെ തങ്ങള്‍ക്ക് വേണ്ട ചില വരികള്‍ എടുത്ത് പ്രചരിപ്പിക്കാന്‍ ആണ് മറ്റ് മാധ്യമങ്ങള്‍ ശ്രമിച്ചത്. ചില ഫലിതങ്ങള്‍ പോലും പ്രസ്താവനകള്‍ എന്നപോലെ പ്രചരിപ്പിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് ഇന്നത്തെ കേരളത്തിന്റെ അവസ്ഥയെക്കുറിച്ച് ഞാന്‍ താഴെയുള്ള പോസ്റ്റ് ഇട്ടത്.

കേരളത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം തേടിയാണ് വന്നത്. എന്നാല്‍ ദേശീയമായ കാഴ്ചപ്പാടില്‍ കാര്യങ്ങളെ കാണുവാന്‍ ഇവിടത്തെ കറുപ്പും വെളുപ്പും രാഷ്ട്രീയം തടസമാണെന്ന് ബോധ്യമാകുന്നു. രാഷ്ട്രീയമായ അഭിമുഖങ്ങള്‍ ഇനി ഇല്ല. എനിക്ക് വേണ്ടത് എനിക്ക് നിയന്ത്രണമുള്ള പ്രസംഗങ്ങളിലും ലേഖനങ്ങളിലും പറഞ്ഞു കൊള്ളാം.

K. Satchidanandan's Explanation on the new indian express Interview 

Video Stories