| Sunday, 20th June 2021, 11:11 pm

ഗോലി കളിച്ചു വിരല്‍ ഉളുക്കിയത്, പുളിങ്കുരുവിനു പകരം സ്ലേറ്റ് പെന്‍സില്‍ കൈ മാറിയത്, ടീച്ചറുടെ സാരിയില്‍ മഷി കുടഞ്ഞത് എത്രയെത്ര വീരകൃത്യങ്ങള്‍ ബാക്കി കിടക്കുന്നു; ബ്രണ്ണന്‍ കോളെജ് വിവാദത്തില്‍ സച്ചിദാനന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബ്രണ്ണന്‍ കോളെജ് വിവാദങ്ങളില്‍ പ്രതികരണവുമായി കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദന്‍. രാഷ്ട്രീയ നേതാക്കളുടെ കോളെജ് കാലത്തെ അടിപിടിയെപ്പറ്റി പറയുന്നതിനോടൊപ്പം പ്രണയങ്ങളെ പറ്റിയും പറയണമെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു.

ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘അടിപിടിയെപ്പറ്റി പറയുന്നതോടൊപ്പം താരുണ്യ പ്രണയങ്ങളെപ്പറ്റിക്കൂടി പറയണം എന്ന് അഭ്യര്‍ഥിക്കുന്നു. പിന്നെ സ്‌കൂളില്‍ ചാമ്പമരത്തില്‍ കയറി കൊമ്പൊടിഞ്ഞു വീണത്, ഓട്ടമത്സരം ജയിച്ചത്, ഗോലി കളിച്ചു വിരല്‍ ഉളുക്കിയത്. എത്രയെത്ര വീരകൃത്യങ്ങള്‍ ബാക്കി കിടക്കുന്നു..,’ സച്ചിദാനന്ദന്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസമായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റേയും മുഖ്യമന്ത്രി പിണറായി വിജയന്റേയും പരസ്പര വാഗ്വാദങ്ങളായിരുന്നു കേരളത്തിലെ ചര്‍ച്ചാ വിഷയം.

മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബ്രണ്ണന്‍ കോളെജിലെ പഠനക്കാലത്ത് താന്‍ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും എ.കെ. ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞത്.

എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ട് പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. സുധാകരന്റെ പ്രസ്താവന വെറും സ്വപ്നം മാത്രമാണെന്നും പറഞ്ഞത് വെറും പൊങ്ങച്ചം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിജയനെ ചവിട്ടി വീഴ്ത്താമെന്ന മോഹം സുധാകരനുണ്ടായിരിക്കാമെന്നും എന്നാല്‍ അതിനാകില്ലെന്ന് സ്വന്തം അനുഭവം കൊണ്ട് തന്നെ അദ്ദേഹത്തിനറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പിണറായിയെ ചവിട്ടി വീഴ്ത്തിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു സുധാകരന്റെ വിശദീകരണം.

ഇരുവര്‍ക്കും പിന്നില്‍ പാര്‍ട്ടി നേതാക്കളും നിലയുറപ്പിച്ചതോടെ പരസ്പരവാദങ്ങളും മുറുകി.

സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ കോളേജു കുമാരന്മാരാകുന്നത് കാണാന്‍ രസമുണ്ട്. അവര്‍ അടിപിടിയെപ്പറ്റി പറയുന്നതോടൊപ്പം താരുണ്യ പ്രണയങ്ങളെപ്പറ്റിക്കൂടി പറയണം എന്ന് അഭ്യര്‍ഥിക്കുന്നു. പിന്നെ സ്‌കൂളില്‍ ചാമ്പമരത്തില്‍ കയറി കൊമ്പൊടിഞ്ഞു വീണത്, ഓട്ടമത്സരം ജയിച്ചത്, മഞ്ചാടി പങ്കു വെച്ചപ്പോള്‍ ഒപ്പമൊപ്പം ആവാതിരുന്നത്, ഗോലി കളിച്ചു വിരല്‍ ഉളുക്കിയത്, പുളിങ്കുരുവിനു പകരം സ്ലേറ്റ് പെന്‍സില്‍ കൈ മാറിയത്, ടീച്ചറുടെ സാരിയില്‍ മഷി കുടഞ്ഞത്.. എത്രയെത്ര വീരകൃത്യങ്ങള്‍ ബാക്കി കിടക്കുന്നു…


ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: K Satchidanandan Pinaray Vijayan K Sudhakaran

We use cookies to give you the best possible experience. Learn more