വധശിക്ഷയേക്കാള്‍ ക്രൂരം, പ്രാകൃതം; പുസ്തകം കത്തിച്ചവര്‍ നാളെ മനുഷ്യനെ കത്തിക്കും: പ്രശോഭിനെതിരെ സച്ചിദാനന്ദനും പി.കെ. പോക്കറും
Kerala News
വധശിക്ഷയേക്കാള്‍ ക്രൂരം, പ്രാകൃതം; പുസ്തകം കത്തിച്ചവര്‍ നാളെ മനുഷ്യനെ കത്തിക്കും: പ്രശോഭിനെതിരെ സച്ചിദാനന്ദനും പി.കെ. പോക്കറും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd January 2023, 8:00 pm

തിരുവനന്തപുരം: കവി വീരാന്‍കുട്ടിയുടെ മണ്‍വീറ് എന്ന കവിതാസമാഹാരം കത്തിച്ചതിനെതിരെ രംഗത്തെത്തി സാഹിത്യകാരന്മാര്‍. കവിയും കേരള സാഹിത്യ അക്കാദമി ചെയര്‍മാനുമായ കെ. സച്ചിദാനന്ദനും എഴുത്തുകാരനും ഇടത് സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി.കെ. പോക്കറുമാണ് രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുന്നത്.

പുസ്തകം കത്തിക്കുന്നത് വധശിക്ഷയേക്കാള്‍ ക്രൂരവും പ്രാകൃതവുമാണ് എന്നാണ് പി.കെ. പോക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നാസികള്‍ പുസ്തകങ്ങള്‍ കത്തിച്ചില്ലാതാക്കിയിരുന്ന സംഭവത്തെ പരാമര്‍ശിച്ചുകൊണ്ടാണ് സച്ചിദാനന്ദന്റെ പ്രതികരണം.

‘ഇന്ന് പുസ്തകം തീയിടുന്നവര്‍ നാളെ മനുഷ്യരെ തീയിടും’ എന്ന നാസികള്‍ക്കെതിരെയുള്ള വാള്‍ട്ടര്‍ ബെന്യാമിന്റെ വാക്കുകളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. സന്തുലിത വികസനം ആഗ്രഹിക്കുന്നവരെയും വികസനം ക്ഷിപ്ര ധനാഗമമാര്‍ഗമാക്കിയ മാഫിയകളെയും നാം എന്നാണ് രണ്ടായി തിരിച്ചറിയുക എന്നും സച്ചിദാനന്ദന്‍ മറ്റൊരു പോസ്റ്റിലൂടെ ചോദിക്കുന്നുണ്ട്.

പരിസ്ഥിതിവാദികളും അതിനെതിരെ നിലപാടെടുക്കുന്നവരും തമ്മില്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി കടുത്ത സംവാദങ്ങള്‍ നടക്കുന്നുണ്ട്. ഈ തര്‍ക്കങ്ങളാണ് ഈയടുത്ത ദിവസം വീരാന്‍കുട്ടിയുടെ പുസ്തകം കത്തിക്കുന്നതിലേക്ക് എത്തിച്ചേര്‍ന്നത്. ചില പരിസ്ഥിതി സംരക്ഷണവാദികള്‍ കാടിനോട് ചേര്‍ന്ന് ജീവിക്കുന്ന മനുഷ്യരെയും കുടിയേറ്റ കര്‍ഷകരെയും പരിഗണിക്കുന്നില്ലെന്നും അശാസ്ത്രീയമായ വാദങ്ങളാണ് ഇവര്‍ അവതരിപ്പിക്കുന്നതെന്നും  ചിലര്‍ ആരോപിച്ചിരുന്നു.

പരിസ്ഥിതിവാദികളെ പിന്തുണക്കുന്ന വീരാന്‍കുട്ടി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഇതു സംബന്ധിച്ച് എഴുതിയിരുന്നു.  പരിസ്ഥിതിവാദികളുടെ നിലപാടുകള്‍ക്കെതിരെ എഴുത്തുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായ ടെഡി സി.എക്സ് അടക്കമുള്ളവര്‍ വീരാന്‍കുട്ടിയുടെ പ്രസ്താവനക്കെതിരെ കണക്കുകള്‍ നിരത്തികൊണ്ട് രംഗത്തെത്തിയിരുന്നു.

ഇതിനും വീരാന്‍കുട്ടി കവിതയിലൂടെ മറുപടി നല്‍കി. ‘കാല്‍പനിക പ്രകൃതിവാദികളേ സ്റ്റാന്റ് വിട്ടോളൂ’, എന്ന് തുടങ്ങുന്ന കവിതയില്‍ പ്രകൃതി സംരക്ഷണത്തിനെതിരെ രംഗത്തുവന്നവരുടെ ‘കുറ്റബോധ മുക്തി സേന’ എത്തിപോയതായും പരിഹസിച്ചിരുന്നു.

‘സുഗതകുമാരി ടീച്ചറും പരിഷത്തും ചേര്‍ന്ന് സൈലന്റ് വാലിയുടെ ജീവന്‍ കാത്തത് തെറ്റ്, അട്ടപ്പാടിയിലെ മൊട്ടക്കുന്നുകളെ കാടാക്കി മാറ്റിയത് തെറ്റ്, പ്രിയപ്പെട്ട ഗ്രെറ്റ തുംബര്‍ഗ്, കേരളത്തില്‍ ജനിക്കാഞ്ഞത് ഭാഗ്യമെന്നും’, വീരാന്‍കുട്ടി കവിതയില്‍ കുറിച്ചിരുന്നു.

തുടര്‍ന്നാണ്, വീരാന്‍കുട്ടിയടക്കമുള്ളവര്‍ മുന്നോട്ടുവെക്കുന്ന പരിസ്ഥിതിവാദങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു മണ്ണാര്‍ക്കാട് സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ പ്രശോഭ് കെ. വീരാന്‍കുട്ടിയുടെ മണ്‍വീറ് എന്ന പുസ്തകം കത്തിച്ചത്. പുസ്തകം കത്തിക്കുന്ന ഫോട്ടോ ജനുവരി ഒന്നിന് പ്രശോഭ് ഫേസ്ബുക്കില്‍ പ്രൊഫൈല്‍ പിക്ച്ചറാക്കുകയും ചെയ്തിരുന്നു.

‘വ്യസന സമേതം ഞാന്‍ പിന്‍വാങ്ങുന്നു. കേരളത്തിലെ പ്രബലമായ ഒരു സംഘത്തിന്റെ പരിസ്ഥിതി വിരുദ്ധ നിലപാടുകളെപ്പറ്റി ഒരഭിപ്രായം പറഞ്ഞതിന് ഒരാളുടെ സമ്മാനമാണ്,’ എന്നാണ് ഇതിനോട് കവി വീരാന്‍കുട്ടി പ്രതികരിച്ചത്.

പുസ്തകത്തിന് തീ കൊടുത്ത് ആഹ്ലാദിക്കുന്ന ഈ ചിത്രം ഒരു സൂചനയാണ്. ഞാനത് തിരിച്ചറിയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും പിന്‍വലിക്കുന്നു. ഒരു ഫാസിസ്റ്റ് സമൂഹത്തോട് സംവാദം സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

സാധാരണക്കാരന്റെ ജീവിതത്തെ പരിഹാസ്യമാക്കി മാറ്റി, മലയോര കര്‍ഷകനെ കുറ്റവാളിയാക്കി കാവ്യലോകത്ത് സെമിനാര്‍ നടത്തി ഫാസിസമെന്ന് നിലവിളിക്കുന്ന എല്ലാതരം യു.ജി.സി സ്‌കെയില്‍ ഏമ്പക്കങ്ങളോടും ഉള്ള പ്രതിഷേധം തന്നെയാണ് പുസ്തകം കത്തിക്കാനുള്ള കാരണമെന്നാണ് പ്രശോഭ് ഇതിന് പിന്നാലെ പ്രതികരിച്ചത്.

‘രണ്ട് ദിവസമായി കവി വീരാന്‍ കുട്ടിയുടെ പോസ്റ്റുകള്‍ക്ക് താഴെ ഒരു പറ്റം മനുഷ്യര്‍ വ്യക്തമായി ഡാറ്റ വെച്ച് സംസാരിച്ചിരുന്നു. കവി കാവ്യത്മക പോസ്റ്റുകളിട്ട് മനുഷ്യനെ കുറ്റവാളിയാക്കി നിര്‍ത്തി, പിന്നീട് പോസ്റ്റുകള്‍ പിന്‍വലിച്ചു. കാല്‍പ്പനികമല്ലാത്ത കൃത്യമായ ഡാറ്റ പിന്‍ ചെയ്ത മറുപടി കവി പക്ഷക്കാര്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. മനുഷ്യനെ പ്രതിയാക്കുന്ന മനുസ്മൃതികള്‍ നമ്മടെ ഷെല്‍ഫില്‍ എന്തിനാണ്?,’ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രശോഭ് പറഞ്ഞു.

അതേസമയം, പ്രശോഭിനെയും വീരാന്‍കുട്ടിയെയും അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാകുകയാണ്. പരിസ്ഥിതിസംരക്ഷണത്തിന്റെ വിവിധ വശങ്ങളും പുതിയ കാഴ്ചപ്പാടുകളും ഇതോടൊപ്പം സംവാദവിഷയമാകുന്നുണ്ട്.

Content Highlight: K Satchidanandan and P K Pokker against K Prashob for burning Veerankutty’s book