| Wednesday, 5th May 2021, 7:02 pm

സുപ്രീം കോടതി വിധി കേരളത്തിന് ബാധകം, കേരള സര്‍ക്കാര്‍ സവര്‍ണ സംവരണം റദ്ദ് ചെയ്യണം

കെ. സന്തോഷ്‌ കുമാര്‍

10 ശതമാനം സവര്‍ണ സംവരണം നടപ്പിലാക്കാന്‍ എന്ത് അസാധാരണ സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്? 50 ശതമാനത്തില്‍ മുകളില്‍ സംവരണം നടപ്പിലാക്കാന്‍ പാടില്ല എന്ന സുപ്രീം കോടതിയുടെ നിരീക്ഷണവുമായി ബന്ധപ്പെട്ട് വ്യക്തതയ്ക്കായി കേരളത്തിന്റെ സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ കൂടി സൂചിപ്പിക്കാം

1. ഒന്ന്. കോടതിയുടെ നിരീക്ഷണം 50 ശതമാനത്തിന് മുകളില്‍ സംവരണം നടപ്പിലാക്കുന്നത് അസാധാരണ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം എന്നതാണ്. അതായത് മുന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ പിന്നോക്കാവസ്ഥ ബോധ്യപ്പെടുന്ന സവിശേഷ സാഹചര്യം. ഈ പിന്നോക്കാവസ്ഥയുടെ മാനദണ്ഡം സാമ്പത്തികം മാത്രമായിരിക്കരുത് എന്നതാണ്.

ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നടപ്പിലാക്കിയ സവര്‍ണ സംവരണം പൂര്‍ണ്ണമായും റദ്ദ് ചെയ്യപ്പെടേണ്ടതാണ്. ഇടതുപക്ഷ സര്‍ക്കാര്‍ യാതൊരു പഠനവുമില്ലാതെയാണ് മുന്നാക്ക സംവരണം കേരളത്തില്‍ നടപ്പിലാക്കിയത്. കേരളത്തില്‍ മുന്നാക്കക്കാരില്‍ എത്ര പിന്നാക്കക്കാര്‍ ഉണ്ടെന്നോ അവരുടെ പിന്നാക്കാവസ്ഥ ഏതെല്ലാം നിലയിലാണെന്നോ സര്‍ക്കാരിന് അറിയില്ല. സംസ്ഥാനങ്ങളിലെ മുന്നാക്കക്കാരുടെ സ്ഥിതിവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ‘പരമാവധി പത്ത് ശതമാനം വരെ’ സംവരണം നല്‍കാമെന്നാണ് നിയമം പറയുന്നത്.

അതായത് സംസ്ഥാനങ്ങളിലെ മുന്നാക്കക്കാരുടെ പിന്നാക്കാവസ്ഥക്കനുസരിച്ച് സംവരണം നല്‍കാം എന്നാണ്. സംസ്ഥാനത്തെ മുന്നാക്കക്കാരായ നായര്‍, നമ്പൂതിരി, മറ്റ് മുന്നാക്ക ഹിന്ദു സമുദായങ്ങളുടെയും സുറിയാനി ക്രിസ്ത്യാനികളുടെയും സാമൂഹിക പിന്നാക്കാവസ്ഥ എന്തെന്നും ഇവര്‍ക്ക് സര്‍ക്കാര്‍ – പൊതുമേഖല സ്ഥാപനങ്ങളിലും വിദ്യാഭ്യാസ മേഖലയിലും പ്രാതിനിധ്യക്കുറവുണ്ടോ എന്നത് സംബന്ധിച്ച പഠനം നടത്തുകയാണ് ഇതിന് ആദ്യം ചെയ്യേണ്ടത്. അത്തരമൊരു പഠനം ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയിട്ടില്ല.

സവര്‍ണ സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിന് മാനദണ്ഡം നിശ്ചയിക്കാന്‍ നിയോഗിച്ച റിട്ട. ജഡ്ജി കെ. ശശിധരന്‍ നായര്‍ ചെയര്‍മാനായ കമീഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നു മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താന്‍ ആധികാരികമായ സ്ഥിതിവിവരണ കണക്കുകളോ സര്‍വേകളോ ഇല്ലായെന്നതാണ് കമീഷന്‍ നേരിട്ട പ്രധാന ബുദ്ധിമുട്ടാണ് എന്ന്. പിന്നെങ്ങനെയാണ് മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ സര്‍ക്കാര്‍ കണ്ടെത്തിയത്? ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണ് 10 ശതമാനം സംവരണം തന്നെ നല്‍കണമെന്ന് നിശ്ചയിച്ചത്?

അതായത്, 50 ശതമാനത്തിന് പുറത്ത് 10 ശതമാനം സവര്‍ണ സംവരണം നല്‍കാനുള്ള സവിശേഷ പിന്നാക്കാവസ്ഥ കേരളത്തില്‍ നിലനില്‍ക്കുന്നില്ല. അതുകൊണ്ട് സവര്‍ണ്ണ സംവരണത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നടപടി ക്രമങ്ങള്‍ കേരള സര്‍ക്കാര്‍ അടിയന്തിരമായി നിര്‍ത്തി വെയ്ക്കണം.

2. പിന്നോക്കാവസ്ഥ സാമ്പത്തികം മാത്രമായിരിക്കരുത് എന്ന് പറയുമ്പോള്‍ പിന്നെ എന്തായിരിക്കണം എന്നത് സംബന്ധിച്ചു പഠനം നടത്തണ്ടേ?
സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവുമായ പിന്നോക്കാവസ്ഥ പഠിക്കപ്പെടണം. (അങ്ങനെ പടിക്കപ്പെടുന്ന കമ്മീഷനില്‍ സവര്‍ണ സമുദായങ്ങള്‍ മാത്രമായിരിക്കരുത്). അങ്ങനെ ഒന്ന് കേരളത്തില്‍ പഠിക്കപ്പെട്ടിട്ടില്ല. വ്യക്തമായ പഠനങ്ങള്‍ പുറത്ത് വരുന്നത് വരെ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ നടപടിക്രമങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെടണം.

നിലവിലെ അവസ്ഥയില്‍ – ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ കേരള പഠനം, എയിഡഡ് സ്ഥാപനങ്ങളിലെയും ദേവസ്വം ബോര്‍ഡിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും കണക്കുകള്‍ തുടങ്ങിയവ വ്യക്തമാക്കുന്നത് സര്‍ക്കാര്‍ പൊതുമേഖല ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ മേഖലയിലും അധികാരത്തിലും സിംഹഭാഗവും കൈയ്യടക്കി വെച്ചിരിക്കുന്നത് സവര്‍ണ സമുദായങ്ങളാണ് എന്നാണ്. അതുകൊണ്ട് സവര്‍ണ സംവരണം അടിയന്തിരമായി നിര്‍ത്തി വെയ്ക്കണമെന്ന് ആവശ്യപ്പെടണം.

3. സവര്‍ണ സംവരണം നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡം പിന്നോക്കാവസ്ഥയെ സൂചിപ്പിക്കുന്നതേയല്ല. സവര്‍ണരിലെ മിഡില്‍ ഹൈക്ലാസിനെ കണ്ടെത്താനേ ഈ മാനദണ്ഡം ഉപകരിക്കൂ. 4 ലക്ഷം വാര്‍ഷിക വരുമാനവും ഗ്രാമങ്ങളില്‍ 2.5 ഏക്കറും നഗരങ്ങളില്‍ 50 സെന്റും വരെയുള്ളവര്‍ക്ക് പത്ത് ശതമാനം സവര്‍ണ സംവരണത്തിന് അര്‍ഹതയുണ്ടെന്ന് പറയുന്നത് സവര്‍ണരിലെ മിഡില്‍ ഹൈക്ലാസിനു വരെ സംവരണം ഉറപ്പാക്കുന്ന സവര്‍ണ്ണ തന്ത്രമാണ്. ഇതു പുനപരിശോധിക്കപ്പെടണം. അതുകൊണ്ട് നിലവിലെ സവര്‍ണ സംവരണ നടപടികള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെടണം. നിലവിലെ കോടതി വിധിയെ ഇത്തരം വിഷയത്തിലൂടെയാണ് കാണേണ്ടത്.

50 ശതമാനത്തിനേ സംവരണം പാടുള്ളൂ എന്ന് ഭരണഘടനയില്‍ ഒരിടത്തും പറയുന്നില്ല. ഇന്ത്യയിലെ ആദിവാസികള്‍ക്കും ദലിതര്‍ക്കും ദലിത് ക്രിസ്ത്യാനികള്‍ക്കും പിന്നാക്കക്കാര്‍ക്കും മത്സ്യബന്ധ സമൂഹങ്ങള്‍ക്കും മുസ്ലീങ്ങള്‍ക്കും മറ്റ് പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ക്കും ജനസംഖ്യാ ആനുപാതികമായ സംവരണമാണ് നടപ്പിലാക്കേണ്ടത്. അത് ദീര്‍ഘകാല പദ്ധതിയുമാണ്. എന്നാല്‍ നിലവിലെ കോടതി വിധിയുടെ അടിസ്ഥാനത്തില്‍, മുകളില്‍ പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ സവര്‍ണ സംവരണം റദ്ദ് ചെയ്യണം. അങ്ങനെ ചെയ്യാതിരിക്കുന്നത് ഭരണഘടനെയും സുപ്രീം കോടതിയെയും കേരള സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണ്.

(ലേഖനങ്ങളുടെ ഉള്ളടക്കം ഡൂള്‍ന്യൂസിന്റെ എഡിറ്റോറിയില്‍ നിലപാടുകളോട് ചേര്‍ന്നതാവണമെന്നില്ല)

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K Santhosh Kumar writes on forward caste reservation

കെ. സന്തോഷ്‌ കുമാര്‍

We use cookies to give you the best possible experience. Learn more