|

ആദിവാസി അതിജീവനത്തിനു ഇനി എത്ര മധു വേണ്ടിവരും ?

കെ. സന്തോഷ്‌ കുമാര്‍

അട്ടപ്പാടിയിലെ മുക്കാലിക്കടുത്തെ ചിണ്ടക്കി ഊരിലെ മധുവിന്റെ കൊലപാതകം നീതിബോധം നഷ്ട്ടപ്പെട്ട കേരള സമൂഹത്തിന്റെ അധികാര പ്രയോഗങ്ങളോ, മോഷണക്കുറ്റം ആരോപിതനായി പിടിക്കുന്ന ഒരുവനോട് ആള്‍ക്കൂട്ടത്തിന്റെ ആക്രമണ മനോഘടനയില്‍ നിന്ന് രൂപപ്പെടുന്ന ആള്‍ക്കൂട്ട ആക്രമണമോ, നമ്മുടെ ഭരണകൂടവും പൊതുസമൂഹവും പറയുന്നതുപോലെ വിശപ്പിന്റെയോ ദാരിദ്രയത്തിന്റെയോ പ്രശ്‌നമോ അല്ല; നവോത്ഥാന കേരളത്തിന്റെ മൂല്യച്യുതിയോ, സാംസ്‌കാരിക കേരളത്തിന്റെ പിന്നോട്ട്‌പോക്കോ ഒന്നുമല്ല മധുവിന്റെ മരണകാരണം. മലയാളി ആദിവാസികളോട് പുലര്‍ത്തുന്ന വംശീയബോധത്തിന്റെ ഉള്ളകങ്ങളില്‍ നിന്ന് ഉരുവം കൊള്ളുന്ന, ജാതി ശ്രേണിയുടെ ഏറ്റവും കീഴ്ത്തട്ടിലായി കണക്കാക്കുന്ന ആദിവാസികളെ എന്തും ചെയ്യാമെന്നും തങ്ങള്‍ പ്രബലരാണെന്നുമുള്ള ജാതീയ അധികാരഘടനയുടെ ബോധത്തിലാണ് മധുവിന്റെ കൊലപാതകത്തിന്റെ വേരുകള്‍ കിടക്കുന്നത്. ഇതാണു സമൂഹത്തിന്റെ അടിത്തട്ടില്‍ നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യം.

ദേശീയ തലത്തിലും കേരളത്തിലും, പ്രത്യേകിച്ച് രോഹിത് വെമുലയുടെ മരണാനന്തരം രൂപപ്പെട്ട ആദിവാസി- ദളിത് രാഷ്ട്രീയത്തിന്റെ സംവാദാത്മകതകൊണ്ടും രാഷ്ട്രീയ ഉണര്‍വുകൊണ്ടും തദ്ദേശീയ ജനതയുടെ പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ ദൃശ്യത കൈവരുന്നെന്നേയുള്ളൂ. അതിനര്‍ത്ഥം അത് ഇവിടെ ഇല്ലായിരുന്നു എന്നല്ല. വെളിച്ചത്തില്‍ നിലനില്‍ക്കുന്നത് മാത്രമാണു നമ്മുടെ കാഴ്ചകള്‍ക്ക് അനുഭവവേദ്യമാകുന്നത്.

മധുവിനു നേരെയുള്ള ആക്രമണം ആസൂത്രിതമോ അജണ്ടയില്‍ നിര്‍മ്മിച്ചെടുക്കുന്നതോ അല്ലായിരിക്കാം. എന്നിട്ടും സംഘടിത ആക്രമണവും കൊലപാതകവും നടക്കുന്നത് എന്തുകൊണ്ടാണ്? ആദിവാസികളും ദളിതരും എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാവുന്ന, സാമൂഹിക ബഹിഷ്‌കരണത്തിനു വിധേയമാകാവുന്ന ഒരു സാമൂഹിക അന്തരീക്ഷം “ജാതി” ഇന്ത്യയില്‍ സ്ഥാപിച്ചെടുത്തിട്ടുണ്ട്. ജാതിയുടെ ശ്രേണീകൃതമായ ഈ അധികാരഘടനയ്ക്ക് ഒട്ടും പുറത്തല്ല കേരളവും അട്ടപ്പാടിയും.

ആദിവാസി സ്വയംഭരണ പ്രദേശമായിരുന്ന അട്ടപ്പാടിയില്‍ ഇന്ന് തദ്ദേശീയര്‍ രാഷ്ട്രീയമായും സാമൂഹികമായും ബഹിഷ്‌കൃത ജനതയായി മാറിയതിനു പിന്നില്‍ ഈ വംശീയ-ജാതീയ അധികാരപ്രയോഗങ്ങളായിരുന്നു. 1951 ലെ സെന്‍സസ് പ്രകാരം അട്ടപ്പാടിയിലെ ആദിവാസി ജനസംഖ്യ 90.32 ശതമാനമായിരുന്നെങ്കില്‍ ഇന്നത് കേവലം 40 ശതമാനമായി ചുരുങ്ങി. അമ്പത്തിയൊന്നിനേക്കാള്‍ ആനുപാതിക ജനസംഖ്യാ വര്‍ദ്ധനവ് 2018 ആകുമ്പൊഴേക്കും ഉണ്ടായിട്ടുണ്ടെങ്കിലും ( എന്നിരുന്നാലും കേരള ജനസംഖ്യാ വര്‍ദ്ധനവിനേക്കാള്‍ വളരെ കുറവാണു) ഒരു ന്യൂനപക്ഷജനതയായി ആദിവാസികള്‍ മാറിയതിനു പിന്നില്‍ അറുപതുകള്‍ മുതല്‍ തുടങ്ങിയ കുടിയേറ്റവും ഭൂമികയ്യേറ്റക്കാരുടെ അനിയന്ത്രിതമായ ഒഴുക്കുമായിയിരുന്നു.

1947 ലെ സര്‍വ്വേ പ്രകാരം 200-ല്‍ താഴെ അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന കുടിയേറ്റ സവര്‍ണ്ണ സമുദായ അംഗബലം 2017 ആകുമ്പോഴേക്കും 60 ശതമാനത്തിനു മുകളില്‍ വരുന്ന, ഭൂമിയും അധികാരവുമുള്ള പ്രബല ജനതയായി മാറിയിരുന്നു. കുടിയേറ്റ-കയ്യേറ്റ ജനത അധികാര വര്‍ഗ്ഗത്തിലേക്കുള്ള വളര്‍ച്ചയ്ക്ക് മൂലധനമായി ഉപയോഗിച്ചതു മുഴുവന്‍ ആദിവാസി സ്വയംഭരണ മേഖലയായ അട്ടപ്പാടിയിലെ ഭൂമിയും പാരമ്പര്യഭൂമിയും വനവിഭങ്ങളുമായിരുന്നു. അതുകൊണ്ടു തന്നെ സ്വംഭരണ മേഖലകളുടെ അധികാരം ദുര്‍ബലപ്പെടുത്തേണ്ടതും ഭൂമി കയ്യടക്കേണ്ടതും ഭൂമിയില്‍മേല്‍ ഉടമസ്ഥതയും അധികാരവും ഉണ്ടായിരുന്ന ആദിമജനതയെ കീഴ്‌പ്പെടുത്തേണ്ടതും ഈ പ്രബലസമുദായങ്ങളുടെ അടിയന്തരവും അനിവാര്യവുമായ ആവശ്യമായിരുന്നു.

വംശീയവും ജാതീയവുമായ അടിത്തറയില്‍ രൂപംകൊണ്ടതും നിലനിന്നിരുന്നതുമായ അധികാര ബന്ധങ്ങളെയാണു അവര്‍ ഇതിനായി ഉപയോഗിച്ചത്. ജാതീയവും വംശീയവുമായ ഈ ആക്രമണത്തിനു പിന്നില്‍ ആദിവാസി ഭൂമി തട്ടിയെടുക്കുക, തദ്ദേശീയ ജനതയെ ആവാസവ്യവസ്ഥയില്‍ നിന്ന് കുടിയിറക്കുക, വിഭവങ്ങള്‍ കയ്യടക്കുക, ആക്രമിച്ച് ഭയപ്പെടുത്തി ആദിമജനതയെ എക്കാലവും അടിമജനതായി നിലനിര്‍ത്തുക, തെളിവുകള്‍ നശിപ്പിക്കുക, ആത്യന്തികമായി തങ്ങള്‍ക്കെതിരെ ഉയര്‍ന്ന് വന്നേക്കാവുന്ന നീതിക്കായുള്ള ശബ്ദങ്ങളെ പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യുക തുടങ്ങിയ അജണ്ടകള്‍ പ്രത്യക്ഷമായോ പരോക്ഷമായോ പ്രവര്‍ത്തിച്ചിരുന്നു.

പ്രബലസമുദായം ആയിരുന്നതുകൊണ്ടും സംഘടിത രാഷ്ട്രീയ പാര്‍ട്ടികളൂടെ പിന്തുണ ഉണ്ടായിരുന്നതുകൊണ്ടും ഇവരെ നേരിടുവാനുള്ള രാഷ്ട്രീയമോ സാമൂഹികമോ ആയ അധികാരമോ വിഭവാധികാരമോ ആദിവാസികള്‍ക്കില്ലായിരുന്നു.

രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലെന്നു മാത്രമല്ല, രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും ബ്യൂറോക്രാറ്റുകളേയും നിയന്ത്രിക്കുന്ന അധികാര രൂപമായിക്കൂടിയാണു ഈ കയ്യേറ്റ ഭൂമാഫിയ അട്ടപ്പാടിയിലും വയനാട്ടിലും ഇടുക്കിയിലും ഇന്ന് നിലനില്‍ക്കുന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളും ബ്യൂറോക്രാറ്റുകളും കയ്യേറ്റ ഭൂമാഫിയകളും, റിസോര്‍ട്ട് മാഫിയകളും കുടിയേറ്റക്കാരും ( മുഴുവന്‍ കുടിയേറ്റക്കാരുമല്ല ) ക്രിമിനലുകളും ചേര്‍ന്നുള്ള കൂട്ടുകെട്ടാണു അട്ടപ്പാടിയെ ഇന്ന് നിയന്ത്രിക്കുന്നതും അടക്കിഭരിക്കുന്നതും. ഇവര്‍ ചേര്‍ന്നുള്ള പങ്കുകച്ചവടമാണു അവിടുത്തെ കോടിക്കണക്കിനു രൂപയുടെ അഴിമതിക്കും ഭൂമികയ്യേറ്റത്തിനും ഭൂമിതട്ടിയെടുക്കലിനും കൊള്ളയ്ക്കും അടിസ്ഥാന കാരണം. അതുകൊണ്ട് തന്നെയാണു ഈ വംശീയ അപരവല്‍ക്കരണത്തിനും ആക്രമണത്തിനും പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണ ഭരണകൂടവും ബ്യൂറോക്രാറ്റുകളും പോലീസും വനംവകുപ്പും ജുഡീഷറിയും നല്‍കുന്നത്.

കക്ഷി രാഷ്ട്രീയമോ, മതമോ, ജാതിയോ ഒന്നും ഈ കൂട്ടുകെട്ടിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു തടസ്സമല്ലെന്ന് മാത്രമല്ല, ഒരു പക്ഷത്ത് ആദിവാസികള്‍ ആണെങ്കില്‍ മറുപക്ഷത്ത് പ്രബല സമുദായങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്വഭാവിക ഐക്യപ്പെടലും നമുക്ക് കാണാന്‍ കഴിയും. മുത്തങ്ങ അത് സാക്ഷിപ്പെടുത്തിയിട്ടുണ്ട്. ഇവരെ മതാതീതമായും രാഷ്ട്രീയാതീതമായും കൂട്ടിയിണക്കുന്ന ഘടകമെന്താണ് ? അതുകൊണ്ടാണു മധുവിന്റേത് വംശീയ കൊലപാതകമാണെന്ന് പറയേണ്ടിവരുന്നത്. ആദിവാസി വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഈ വംശവെറിക്കെതിരെയാണു പ്രാഥമികമായി രാഷ്ട്രീയ ഇടപെടലുകളുടെ ദിശ നാം തിരിക്കേണ്ടത്.

മധു ഒരു തുടക്കമോ ഒടുക്കമോ അല്ല. അട്ടപ്പാടിയില്‍ നടന്നുകൊണ്ടിരിക്കുന്ന വംശീയ ആക്രമണങ്ങളുടെയും കൊലപാതങ്ങളുടെയും ഒടുവിലുത്തെ കണ്ണിയാണ് അദ്ദേഹം. ഊരുമൂപ്പന്മാരുടെ സംയുക്ത സമതി പറയുന്നതനുസരിച്ച് അവിടെ സ്വാതന്ത്ര്യാനന്തരം ഇരുനൂറില്‍ അധികം കൊലപാതകങ്ങള്‍ നടക്കുകയും നൂറിലധികം ആദിവാസികളെ കാണാതാകുകയും ചെയ്തിട്ടുണ്ട്.

“ഗുരു” എന്ന സന്നദ്ധ സംഘടന ശേഖരിച്ച കണക്ക് പ്രകാരം 1997 മുതല്‍ 2003 വരെ മാത്രം 25 കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. അട്ടപ്പാടിയില്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത് മുഴുവന്‍ ആദിവാസികളാണ്. ആദിവാസികളാരും പ്രതികളുമല്ല. അട്ടപ്പാടിയുടെ സ്വയംഭരണ അധികാരത്തില്‍ ഉണ്ടായിരുന്ന ആദിവാസികള്‍ ഏഴ് പതിറ്റാണ്ടുകളായി ഏകപക്ഷീയമായി കൊല്ലപ്പെടുന്നുവെങ്കില്‍ അത് വംശീയ കൊലപാതകമല്ലാതെ മറ്റെന്താണ്? അത് കേവല ആള്‍ക്കൂട്ട ആക്രമണം ( Mob violence ) അല്ല.

കേരളത്തിലോ ഇന്ത്യയിലോ ആള്‍ക്കൂട്ടം എല്ലാവരേയും ആക്രമണം നടത്തി കൊല്ലുന്നതുമില്ല. ജാതീയതയുടെയും വംശീയതയുടെയും ഭാഗമായി ആദിവാസികളും ദളിതരും താഴ്ന്ന ജാതിക്കാരും ഹിന്ദുത്വ ദേശരാഷ്ട്ര സങ്കല്പത്തിന്റെ അപരവല്‍ക്കരണത്തിന്റെ ഭാഗമായി മുസ്‌ലീങ്ങളും മാത്രമാണ് ഇന്ത്യയില്‍ “ആള്‍ക്കൂട്ട ആക്രമണ” പേരില്‍ കൊല്ലപ്പെടുന്നത്. ആള്‍ക്കൂട്ടത്തിന് ഒരു ഏജന്‍സി ഇല്ലാത്തതു കൊണ്ടു തന്നെ കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളില്‍ നിന്നും പ്രതികളെ രക്ഷിച്ച് എടുക്കുന്നതിന് വേണ്ടിയാണ് ആള്‍ക്കൂട്ട ആക്രമണ സിദ്ധാന്തവും ആള്‍ക്കൂട്ടാക്രമണ മനശാസ്ത്രവും ഇതിന്റെ വക്താക്കള്‍ രൂപപ്പെടുത്തി എടുക്കുന്നത്. ഈ ആള്‍ക്കൂട്ട ആക്രമണ സിദ്ധാന്തത്തിന്റെ കാപട്യം തിരിച്ചറിയുമ്പോഴാണ് മുഹമ്മദ് അഖ്ലാക്കിനേയും ജുനൈദിനേയും കൊന്നത് ആള്‍ക്കൂട്ടമല്ലെന്ന് നമുക്ക് ബോധ്യപ്പെടുകയുള്ളൂ.

ചാന്നാര്‍ ലഹള, കണ്ടല ലഹള, മലബാര്‍ കലാപം, കുറിച്യ കലാപം എന്നിങ്ങനെ അടിസ്ഥാന ജനതയുടെ നവോത്ഥാന മുന്നേറ്റങ്ങളെ ലഹളയും, കലാപവുമാക്കി മാറ്റിയതിനു പിന്നിലും ഇതേ ആള്‍ക്കൂട്ടാക്രമണ സവര്‍ണ്ണ യുക്തിയാണ് നിലനില്‍ക്കുന്നത്. കലാപവും ലഹളയും ആള്‍ക്കൂട്ട ആക്രമണമാണല്ലോ. വെറും വൈലന്‍സ്, അത് സമരമല്ല. അതിന് കര്‍ത്തൃത്വവും നേതൃത്വവും ഉണ്ടായിരിക്കില്ലല്ലോ.

രാഷ്ട്രീയമായും സാമൂഹികമായും പുറംതള്ളപ്പെട്ട്, സര്‍ക്കാരാശ്രിത ജനസമൂഹമായി ആദിവാസികള്‍ മാറ്റപ്പെട്ടതിന്റെ കാരണം ഭൂമിയില്‍ നിന്നും വിഭവാധികാരങ്ങളില്‍നിന്നും തദ്ദേശീയര്‍ ആട്ടിയിറക്കപ്പെട്ടു എന്നതായിരുന്നു. കുടിയേറ്റവും കയ്യേറ്റവും ഭൂമാഫിയകളും മാത്രമല്ല, ഭരണകൂടവും ഈ പുറംതള്ളലിനു പൂര്‍ണ്ണ ഉത്തരവാദിയാണ്.

ആവാസവ്യവസ്ഥയില്‍ നിന്നും, സംസ്‌കാരത്തില്‍ നിന്നും കാര്‍ഷിക സംസ്‌കൃതിയില്‍നിന്നും ആട്ടിയോടിക്കുകയും വേരറ്റുപോകുകയും ചെയ്യുന്ന ജനതയുടെ ദുരന്തപൂര്‍ണ്ണമായ കാഴ്ചയാണു നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. അത് കേവലം ദാരിദ്രത്തിന്റെയോ പട്ടിണിയുടെയോ പ്രശ്‌നമല്ല. അട്ടപ്പാടിയിലെ ഇരുളര്‍, കുറുമ്പ, മുടുഗര്‍ ഇവര്‍ പൂര്‍ണ്ണമായും പരമ്പരാഗത കൃഷിയേയും വനവിഭവങ്ങളേയും മാത്രം ആശ്രയിച്ച് ജീവിച്ച് പോരുന്നവര്‍ ആയിരുന്നു.

അമ്പതുകളില്‍ ആരംഭിച്ച ഭൂമി കയ്യേറ്റവും വ്യാപകമായ വനനശീകരണം ആദിവാസി കാര്‍ഷിക ജീവിതത്തിന്റെ താളംതെറ്റിച്ചു. വനവിഭവ ശേഖരണത്തില്‍ നിന്നും വനാവകാശത്തില്‍ നിന്നും പിഴുതെറിയപ്പെട്ടതോട് കൂടി അതിജീവനം സാധ്യമാകാത്ത രീതിയില്‍ ആദിവാസികള്‍ ഇന്ന് കാണപ്പെടുന്ന രീതിയില്‍ അഭയാര്‍ത്ഥികള്‍ ആക്കപ്പെട്ടു. ഊരുഭൂമിയും സംസ്‌കാരവും സംരക്ഷിച്ചുകൊണ്ടും, വനാവകാശവും സ്വയംഭരണഘടനാവകാശവും നടപ്പിലാക്കിക്കൊണ്ടും, അന്യാധീനപ്പെട്ട ഭൂമി ഏറ്റെടുത്ത് തിരികെ നല്‍കിക്കൊണ്ടും, കാര്‍ഷിക ആവാസവ്യവസ്ഥയേയും സംസ്‌കൃതിയേയും തിരിച്ചു പിടിച്ചുകൊണ്ടും, പ്രാഥമിക വിദ്യാഭ്യാസം തനത് ഗോത്രഭാഷയില്‍ നല്‍കിക്കൊണ്ടും മാത്രമേ അട്ടപ്പാടിയിലെ ആദിവാസികള്‍ നേരിടുന്ന ജീവല്‍പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ കഴിയൂ.

അന്യാധീനപ്പെടുന്ന അട്ടപ്പാടി

1940 വരെ ആദിവാസി സ്വയംഭരണ ഭൂപ്രദേശവും പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തന്നെ ( ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തില്‍ ) സാമൂതിരി കോവിലകത്തിന്റെ “ജന്മാവകാശം” ആയിരുന്നു അട്ടപ്പാടി. സാമൂതിരിയില്‍ നിന്ന് മണ്ണാര്‍കാട് മൂപ്പില്‍ നായര്‍, പലാട്ട് കൃഷ്ണ

മേനോന്‍, എരല്‍പ്പാട് രാജ എന്നീ മൂന്നു നായര്‍ ജന്മികള്‍ക്ക് അട്ടപ്പാടിയുടെ ജന്മാവകാശം ലഭിച്ചിരുന്നു. ഈ ജന്മിമാരാണ് ആദിവാസിഭൂമി ആദ്യം പാട്ടത്തിനു നല്‍കിയത്.

അധിനിവേശം നടത്തി ജന്മാവകാശം കൈക്കലാക്കിയ മണ്ണാര്‍കാട് മൂപ്പില്‍ നായരുടെ അധീനതയിലായിരുന്നു 70 ശതമാനവും അട്ടപ്പാടിയിലെ ഭൂമി. മൂപ്പില്‍ നായരുമായുള്ള കരാറിലൂടെയാണു ബ്രിട്ടീഷുകാര്‍ പ്ലാന്റേഷനുകള്‍ ആരംഭിക്കുന്നത്. പ്ലാന്റേഷനുകള്‍ ആരംഭിക്കുകയും പാട്ടവ്യവസ്ഥയില്‍ ജന്മികള്‍ക്ക് ഭൂമി മറുപാട്ടത്തിനു നല്‍കുകയും ചെയ്തതോടുകൂടിയാണ് ആദിവാസികള്‍ ഇന്ന് കാണുന്ന രീതിയിലുള്ള അന്യവല്‍ക്കരണത്തിനു വിധേയമാകുന്നത്. കൃഷി ഭൂമികളൊക്കെത്തന്നെ നഷ്ടപ്പെടാന്‍ തുടങ്ങി. ഭൂമി സ്വന്തമാക്കുന്നതിനും വാങ്ങിക്കൂട്ടുന്നതിനും നാല്പതുകള്‍ മുതല്‍ തന്നെ കുടിയേറ്റം നടന്നെങ്കിലും അന്‍പതുകളോട് കൂടിയാണു അത് വ്യാപകമാകാന്‍ തുടങ്ങിയത്.

നിബിഡവനമായിരുന്ന അട്ടപ്പാടിയില്‍ 1956 മുതല്‍ വലിയതോതില്‍ മരം മുറിക്കല്‍ ആരംഭിച്ചു. മരം മുറിക്കല്‍ തൊഴിലിനായും പ്ലാന്റേഷനുകളിലെ ജോലിക്കായും സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായും ഈക്കാലയളവിലാണ് വ്യാപകകുടിയേറ്റവും കയ്യേറ്റവും അട്ടപ്പാടിയില്‍ നടന്നത്. 1981 വരെ അനിയന്ത്രിതമായ ഈ കുടിയേറ്റം നടന്നു. എണ്‍പത്തിയൊന്നിനു ശേഷവും കയ്യേറ്റം നടന്നുകൊണ്ടിരുന്നു.

അമ്പതുകള്‍ക്ക് ശേഷമാണ് വലിയ തോതില്‍ ആദിവാസിഭൂമി അന്യാധീനപ്പെടുന്നതും അനധികൃതമായി കൈയ്യടക്കപ്പെടുന്നതും. ഈക്കാലയളവിലെ കുടിയേറിയവരുടെ ജനസംഖ്യാ വര്‍ദ്ധനവ് ഇത് പൂര്‍ണ്ണമായും അടിവരയിടുന്നതാണ്. 1951 ലെ സെന്‍സസ് പ്രകാരം 9.68 ശതമാനം മാത്രം ഉണ്ടായിരുന്ന കുടിയേറ്റ ജനത 2011 ആകുമ്പോഴേക്കും സെന്‍സ് പ്രകാരം 60 ശതമാനം വരുന്ന ഭൂരിപക്ഷ ജനതയായി മറിയിരുന്നു. അട്ടപ്പാടിയിലേക്ക് ഏറ്റവും അധികം കുടിയേറ്റവും കൈയേറ്റവും നടന്ന 1960 നും 1980 നും ഇടയിലാണു ആദിവാസിഭൂമി ഭൂരിഭാഗവും അന്യാധീനപ്പെട്ടത് എന്നത് ഒട്ടും യാദൃശ്ചികമായി സംഭവിക്കുന്നതല്ല.

വ്യാപകമായ രീതിയില്‍ ഭൂമി അന്യാധീനപ്പെടാന്‍ തുടങ്ങിയതോടുകൂടിയാണ് ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാന്‍ 1975 ല്‍ The Kerala Scheduled Tribes ( Restrictions on Transfer of Lands and Restoration of Alienated Lands ) Act കേരള സര്‍ക്കാര്‍ പാസ്സാക്കുന്നത്. നിയമം പാസ്സാക്കി പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1986-ലാണ് കേരള സര്‍ക്കാര്‍ നിയമം വിജ്ഞാപനം ചെയ്യുന്നതും ചട്ടങ്ങള്‍ നിര്‍മ്മിക്കുന്നതും. ആദിവാസിഭൂമി ഏറ്റെടുക്കുവാന്‍ സര്‍ക്കാരിനു എത്രമാത്രം ആത്മാര്‍ത്ഥതയും സത്യസന്ധതയും ഉണ്ടായിരുന്നെന്ന് ഇതില്‍ നിന്നു ബോധ്യപ്പെടും.

ഈ നിയമമനുസരിച്ചു 1960 നും 1982 നും ഇടയില്‍ അന്യാധീനപ്പെട്ട മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് തിരിച്ചു നല്‍കണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍ നിയമം നടപ്പിലാക്കാതെ ആദിവാസി വിരുദ്ധമായ നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു മാറിമാറി ഭരിച്ച ഇടത്-വലത് സര്‍ക്കാരുകള്‍. നിയമം നടപ്പിലാക്കുന്നത് അപ്രായോഗികമാണെന്നും നടപ്പിലാക്കിയാല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നുമായിരുന്നു സര്‍ക്കാരുകളുടെ വാദം. നിയമം നടപ്പിലാകാതെ വന്നതോടുകൂടി ഡോ. നല്ലതമ്പി നേരെ ഹൈക്കോടതിയെ സമീപിച്ചു.

നിയമം നടപ്പിലാക്കി അന്യാധീനപ്പെട്ട ഭൂമി എത്രയും പെട്ടെന്ന് ഏറ്റെടുത്ത് വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ ഈ ഉത്തരവിനെ അട്ടിമറിക്കുകയാണു നായനാര്‍ സര്‍ക്കാര്‍ ചെയ്തത്. 1999 ല്‍ ഭേദഗതികളോടെ നായനാര്‍ സര്‍ക്കാര്‍ നിയമം പാസ്സാക്കി. കെ.ആര്‍ ഗൗരിയമ്മ ഒഴിച്ച് മുഴുവന്‍ എം.എല്‍.എ മാരും ഈ ആദിവാസി വിരുദ്ധ നിയമത്തിനായി ഒപ്പുവെച്ചു. കുറത്തിയും കാട്ടാളനും എഴുതിയ കടമ്മിനിട്ടയും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ആദിവാസി വിരുദ്ധതയുടെ വേരുകള്‍ എത്ര ആഴങ്ങളിലാണു കിടക്കുന്നതെന്ന് ആലോചിച്ചുനോക്കൂ!

1999 ലെ നിയമമനുസരിച്ച് രണ്ടു ഹെക്ടറില്‍ കൂടുതല്‍ ഭൂമി അന്യാധീനപ്പെട്ട ആദിവാസികള്‍ക്ക് കയ്യേറ്റക്കാരില്‍നിന്ന് എറ്റെടുത്ത് ഭൂമി തിരിച്ചുനല്‍കുകയും രണ്ടു ഹെക്ടറില്‍ കുറവ് നഷ്ടപ്പെട്ടിട്ടുള്ള ആദിവാസികള്‍ക്ക് സര്‍ക്കാര്‍ പകരം ഭൂമി നല്‍കുകയും ചെയ്യണം എന്ന് നിര്‍ദ്ദേശിച്ചു. നിയമത്തെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് 1999 ലെ നിയമം 2010 ജനുവരിക്കുള്ളില്‍ നടപ്പിലാക്കണമെന്ന് കോടതി ഉത്തരവിട്ടു. സുപ്രീംകോടതി വിധിയും സര്‍ക്കാര്‍ നടപ്പിലാക്കിയില്ല. ഒടുവില്‍ 2011 മാര്‍ച്ച് 31-നകം ഉത്തരവ് നടപ്പിലാക്കണമെന്ന് കോടതി അന്ത്യശാസനം നല്‍കി. ആദിവാസി വിരുദ്ധമായ 1999 ലെ നിയമത്തെ ആദിവാസികളും ആദിവാസി രാഷ്ട്രീയ പ്രവര്‍ത്തകരും അംഗീകരിച്ചില്ല. അഞ്ച് ഏക്കറില്‍ ( രണ്ട് ഹെക്ടര്‍ ) കൂടുതല്‍ കൈയ്യേറിയ ഭൂമി മാത്രം തിരിച്ചു പിടിച്ചാല്‍ മതിയെന്ന നിയമത്തിലെ മാനദണ്ഡം യഥാര്‍ത്ഥത്തതില്‍ കൈയ്യേറ്റക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു.

ഐ.ടി.ഡി.പി. 1982 ല്‍ നടത്തിയ പഠനമനുസരിച്ച് 1960 മുതല്‍ 1977 വരെ മാത്രം 10160.19 ഏക്കര്‍ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ട്. ഇക്കണോമിക് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം 1977-ല്‍ നടത്തിയ സര്‍വേയില്‍ 1966 മുതല്‍ 70 വരെയുള്ള കാലയളവില്‍ മാത്രം അട്ടപ്പാടിയില്‍ 546 കുടുംബങ്ങള്‍ക്ക് മാത്രം 9859 ഏക്കര്‍ഭൂമി അന്യാധീനപ്പെട്ടതായി കണ്ടെത്തി. ഔദ്യോഗികമായ ഈ കണക്കുകള്‍ക്കപ്പുറം ആദിവാസികള്‍ക്ക് എത്രയോ അധികം ഭൂമിയാണു നഷ്ടപ്പെട്ടിട്ടുള്ളത് എന്ന് അവരോട് സംസാരിച്ചാല്‍ ബോധ്യപ്പെടും.

1999 ലെ നിയമം അനുസരിച്ച് 1986 നു ശേഷം ആദിവാസികള്‍ അല്ലാത്തവര്‍ക്കാര്‍ക്കും ആദിവാസിഭൂമി വാങ്ങുവാനോ ക്രയവിക്രയം നടത്തുവാനോ നിയപരമായി കഴിയുകയില്ല. എന്നിട്ടും വ്യാജരേഖകള്‍ ചമച്ചും അനധികൃതമായും ആദിവാസിഭൂമി കൈമാറ്റം ചെയ്യപ്പെടുകയും കയ്യേറുകയും കയ്യേറിയ ഭൂമിയ്ക്ക് വ്യാജരേഖകള്‍ ചമയ്ക്കുകയും ചെയ്തു. റവന്യൂ വനം ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തിലും പിന്തുണയിലുമാണ് നിയമവിരുദ്ധവും ആദിവാസി വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഈ പ്രവര്‍ത്തനങ്ങല്‍ മുഴുവന്‍ അട്ടപ്പാടിയില്‍ നടക്കുന്നത്.

ആര്‍ സുനില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് “”സുസ്ലോണ്‍ കമ്പനിക്കുവേണ്ടി കോട്ടത്തറ വില്ലേജിലെ നല്ലശിങ്കയില്‍ രണ്ടു സര്‍വേ നമ്പരുകളില്‍ ഭൂമി കൈയേറിയത് വ്യജരേഖ തയ്യാറാക്കിയാണ്. ഇതില്‍ വനം, റവന്യു, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നുവെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ ഒത്താശയോടെയാണ് കയ്യേറ്റം നടന്നത്. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് പകരം അന്നത്തെ മന്ത്രി എ.കെ ബാലന്‍ ആദ്യം ആലോചിച്ചത് 1986 എന്ന വര്‍ഷം കുറേക്കൂടി മുന്നോട്ടാക്കി പ്രശ്നം പരിഹരിക്കാനാണ്. യു.ഡി.എഫ് മന്ത്രിസഭയും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നടപ്പാക്കിയില്ല. എന്നാല്‍ അട്ടപ്പാടിയില്‍ നിയമങ്ങളെല്ലാം മറികടന്ന് ആദിവാസി ഭൂമി വ്യാജരേഖയുണ്ടാക്കി കൈയേറ്റം തുടരുകയാണ്”” എന്നാണ്. ഇത്തരത്തില്‍ നിരവധി കയ്യേറ്റങ്ങളാണു അട്ടപ്പാടിയില്‍ റിസോര്‍ട്ട് മാഫിയകളും, ഭൂമാഫിയകളും, കാറ്റാടി കമ്പനികളും നിര്‍ബാധം നടത്തിക്കൊണ്ടിരിക്കുന്നത്.

നിയമത്തിന്റെ പിന്‍ബലവും ഭരണാഘടനാ പരിരക്ഷയും ഉണ്ടായിട്ടും അതിനെയൊക്കെ അട്ടിമറിച്ച് കയ്യേറ്റ ഭൂറിസോര്‍ട്ട് മാഫിയകളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നത് ജാതീയ ബന്ധങ്ങള്‍ നിലനില്‍ക്കുന്ന മലയാളിസമൂഹത്തിന്റെ പരിച്ഛേദമാണു ഇവിടെ ഭരണകൂടമായി നിലനില്‍ക്കുന്നത് എന്നതുകൊണ്ടാണ്. ആയിരക്കണക്കിനു കോടി രൂപ അട്ടപ്പാടിയില്‍ ചിലവാക്കിയിട്ടും ആദിവാസി ഊരുകളില്‍ പട്ടിണിമരണങ്ങള്‍ സംഭവിക്കുന്നത് അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ടു മാത്രമല്ല, സര്‍ക്കാരിന്റെ ബോധപൂര്‍വ്വമായ വംശഹത്യകൊണ്ടുമാണ്.

ആദിവാസികള്‍ എക്കാലവും പരിതാപകരമായ സാമൂഹികാവസ്ഥയില്‍ ജീവിച്ചിരുന്നെങ്കില്‍ മാത്രമേ കോടിക്കണക്കിനു കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ ആദിവാസികള്‍ക്കെന്ന പേരില്‍ വകയിരുത്തി റവന്യൂ വനം- പൊതുമരാമത്ത് വകുപ്പുകള്‍ക്ക് അഴിമതി നടത്തുവാന്‍ കഴിയുകയുള്ളൂ. ചുരുക്കിപ്പറഞ്ഞാല്‍ ആദിവാസി പട്ടിണിമരണങ്ങളും, ഊരുകളൂടെ ശോചനീയാവസ്ഥയും, സാമൂഹികപിന്നോക്കാവസ്ഥയും നിലനില്‍ക്കേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമായിരിക്കുന്നു.

അന്യാധീനപ്പെട്ട ആദിവാസിഭൂമി തിരിച്ചു പിടിച്ച് നല്‍കാന്‍ നിയമമുണ്ടായിട്ടും, കാര്‍ഷികഭൂമി ആദിവാസികള്‍ക്ക് നല്‍കാന്‍ പദ്ധതിയുണ്ടായിട്ടും, സ്വയംഭരണഘടനാവകാശത്തിനും വനാവകാശത്തിനും നിയമത്തിന്റേയും ഭരണഘടനയുടേയും പരിരക്ഷ ഉണ്ടായിട്ടും അവയൊന്നും നടപ്പിലാക്കാതെ ഊരുകളുടെ നിലവിലെ സാമൂഹിക സാമ്പത്തികാവസ്ഥ നിലനിര്‍ത്തുന്നത് ആദിവാസികള്‍ ഒരിക്കലും സ്വയംപര്യാപ്തസമൂഹമായി മാറരുതെന്ന സ്റ്റേറ്റിന്റെ താല്പര്യം കൊണ്ടാണ്. ഇതിനെ പ്രശ്‌നവല്‍ക്കരിച്ചും ചോദ്യം ചെയ്തും മാത്രമേ അട്ടപ്പാടിയുടെ രാഷ്ട്രീയ ഭൂമികയിലേക്ക് നമുക്ക് പ്രവേശിക്കുവാന്‍ കഴിയൂ. അത്തരം ഇടപെടലുകളില്‍ നിന്നുകൊണ്ടേ മധുവിനു നീതി ലഭിക്കുന്നതിനെക്കുറിച്ച് നമുക്ക് ഉറക്കെ ശബ്ദിക്കാനാകൂ.

കെ. സന്തോഷ്‌ കുമാര്‍