| Tuesday, 6th April 2021, 2:58 pm

വോട്ടര്‍ സ്‌ളിപ്പ് നല്‍കാന്‍ പോലും കോണ്‍ഗ്രസുകാര്‍ വീട്ടില്‍ വന്നില്ല, വന്നത് ബി.ജെ.പിയും എല്‍.ഡി.എഫും; ഷാഫി പറമ്പിലിനെതിരെ കോണ്‍ഗ്രസ് നേതാവിന്റെ മകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിനെതിരെ മുന്‍ മഹാരാഷ്ട്ര ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.ശങ്കരനാരായണന്റെ മകള്‍ അനുപമ. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഇ.ശ്രീധരനും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.പി പ്രമോദും അച്ഛനെ കാണാന്‍ വീട്ടില്‍ വന്നിരുന്നുവെന്നും എന്നാല്‍ വോട്ടര്‍ സ്‌ളിപ്പ് നല്‍കാന്‍ പോലും കോണ്‍ഗ്രസുകാര്‍ വീട്ടില്‍ വന്നില്ലെന്നുമാണ് അനുപമ പറയുന്നത്.

ഷാഫി പറമ്പില്‍ വന്നില്ലെന്നും മറുപടി കോണ്‍ഗ്രസുകാര്‍ പറയണമെന്നും അനുപമ പറഞ്ഞു.

‘ചിലപ്പോള്‍ ഒരു വീടായി വിട്ടു പോയതായിരിക്കാം. എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് സ്മിതേഷാണ് സ്‌ളിപ്പ് നല്‍കിയത്. ആര്‍ക്കും അനുകൂലമായും പ്രതികൂലമായും പറയുന്നില്ല. അച്ഛനെ ഓര്‍മ്മിപ്പിക്കാനാണ് മാധ്യമങ്ങളെ കണ്ടത്,’ അനുപമ പറഞ്ഞു.

അതേസമയം കേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നും മാധ്യമങ്ങളുടെ സര്‍വ്വേ ഫലങ്ങള്‍ അവസാനദിവസങ്ങളില്‍ മാറിമറിഞ്ഞിട്ടുണ്ടെന്നുമാണ് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. 85നും 90നും ഇടയില്‍ സീറ്റ് നേടി കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ എത്തുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു.

140 മണ്ഡലങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പ് രാവിലെ ഏഴുമണിയോടെയാണ് ആരംഭിച്ചത്.

പാലക്കാട് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍ തന്റെ മണ്ഡലമായ പൊന്നാനിയില്‍ എത്തി വോട്ട് ചെയ്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കുടുംബവും വോട്ട് ചെയ്തു. ഇ. ശ്രീധരന്‍ തന്റെ ബൂത്തില്‍ ആദ്യത്തെ വോട്ടറായാണ് വോട്ട് രേഖപ്പെടുത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K Sankaranarayanans daughter against Shafi Parambil

We use cookies to give you the best possible experience. Learn more