മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണനെ മിസോറാമിലേക്ക് മാറ്റി
Daily News
മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണനെ മിസോറാമിലേക്ക് മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th August 2014, 9:30 am

sankaranarayan.1

[]ന്യൂദല്‍ഹി: മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണനെ മിസോറാമിലേക്ക് സ്ഥലംമാറ്റി. ശനിയാഴ്ച രാത്രി രാഷ്ട്രപതിഭവന്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ഗുജറാത്ത് ഗവര്‍ണര്‍ ഒ.പി കൊഹ്‌ലിക്ക് മഹാരാഷ്ട്രയുടെ അധിക ചുമതല നല്‍കി.

പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം മഹരാഷ്ട്ര ഗവര്‍ണറെ മാറ്റുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞയുടന്‍ ഇത് സംബന്ധിച്ച നിര്‍ദേശം രാഷ്ട്രപതിഭവന് സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇതുംസബന്ധിച്ച ഉത്തരവ് രാഷ്ട്രപതിഭവന്‍ പുറത്തിറക്കിയത്.

മിസോറാം ഗവര്‍ണറായിരുന്ന കമലാ ബെനിവാളിനെ പുറത്താക്കിയ ഒഴിവിലാണ് ശങ്കരനാരായണന്റെ നിയമനം. 2017 വരെയാണ് ശങ്കരനാരായണന്റെ പദവിയുടെ കാലാവധി.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ ഗവര്‍ണര്‍ വേണമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം കേന്ദ്രത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച 12 ഗവര്‍ണര്‍മാരെ നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. ആറ് പേര്‍ നിര്‍ദേശം അനുസരിച്ചപ്പോള്‍ ശങ്കരനാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പുമായി രംഗത്തെത്തി. തങ്ങള്‍ രാഷ്ട്രപതിയുടെ പ്രതിനിധികളാണെന്നും തങ്ങളോട് പുറത്തുപോകാന്‍ പറയേണ്ടത് സര്‍ക്കാരല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്ഥലംമാറ്റ നടപടിക്കെതിരെ കെ.ശങ്കരനാരായണനോ കോണ്‍ഗ്രസ് വൃത്തങ്ങളോ ഇതുവരെ യാതൊരു പ്രതികരണങ്ങളും നടത്തിയിട്ടില്ല. സ്ഥലംമാറ്റ ഉത്തരവ്  ലഭിച്ചശേഷം പ്രതികരിക്കാമെന്ന് ശങ്കരനാരായണന്‍ പറഞ്ഞു.

കാലാവധി അവസാനിക്കാന്‍ രണ്ട് മാസം ബാക്കിനില്‍ക്കെയാണ് ബി.ജെ.പി സര്‍ക്കാര്‍ മിസോറാം ഗവര്‍ണര്‍ കമല ബെനിവാളിനെ പുറത്താക്കിയത്. നരേന്ദ്രമോദി ഗുജറാത്ത് പ്രധാനമന്ത്രിയായിരുന്ന കാലത്ത് കമല ബെനിവാള്‍ ഗുജറാത്ത് ഗവര്‍ണറായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല.