| Thursday, 19th June 2014, 12:48 am

ഭരണഘടനാപരമായി അധികാരപ്പെട്ടവര്‍ ആവശ്യപ്പെട്ടാല്‍ രാജിക്കാര്യത്തില്‍ തീരുമാനം: ശങ്കരനാരായണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] മുംബൈ: ഗവര്‍ണര്‍ പദവി രാജിവെക്കാന്‍ ആവശ്യപ്പെട്ട രീതി ശരിയാണോയെന്ന് ഭരണാധികാരികള്‍ ആലോചിക്കണമെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍. ഭരണഘടനാപരമായി അധികാരപ്പെട്ടവര്‍ ആവശ്യപ്പെട്ടാല്‍ ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും അതില്‍ വിഷമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഴര കൊല്ലത്തിനിടെ മഹാരാഷ്ട്രയടക്കം ആറ് സംസ്ഥാനങ്ങളില്‍ ചുമതല വഹിച്ച ഞാന്‍ പദവി ചിട്ടയോടെയാണ് കൊണ്ടുനടക്കുന്നത്. ഗവര്‍ണര്‍മാരെ നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട 2010ലെ സുപ്രീംകോടതി വിധി എല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ ഭരിക്കുന്ന സര്‍ക്കാറിനും അതറിയാം. ശരിയായ നടപടിക്രമം സ്വീകരിച്ചാല്‍ ശരിയായ തീരുമാനം കൈക്കൊള്ളും- അദ്ദേഹം പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി രാജി ആവശ്യപ്പെട്ട് വിളിച്ചിരുന്നെന്നും എന്നാല്‍ അതിനോട് പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.  ജനാധിപത്യത്തില്‍ ആര്‍ക്കും ഒരു സ്ഥാനവും ശാശ്വതമല്ലെന്നും വിവാദമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ അദ്ദേഹം ഭരണഘടനയനുസരിച്ചാണ് ഗവര്‍ണറുടെ നിയമനവും പ്രവര്‍ത്തനവുമെന്നും അഭിപ്രായപ്പെട്ടു.

ഇതിനിടെ താന്‍ രാജിവെച്ചിട്ടില്ലെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം.കെ. നാരായണന്‍ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് എന്തെങ്കിലും നിര്‍ദേശം ലഭിച്ചുവോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. എന്തെങ്കിലും തീരുമാനമെടുത്താല്‍ അറിയിക്കാമെന്നുപറഞ്ഞ നാരായണന്‍ എന്തുചെയ്യാന്‍ പോകുന്നുവെന്ന് മുന്‍കൂട്ടി അറിയിക്കാന്‍ താന്‍ ആര്‍ക്കും ബാധ്യസ്ഥനല്ലെന്നും കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more