| Tuesday, 2nd April 2024, 12:20 pm

കച്ചത്തീവിലെ പച്ചക്കള്ളം

കെ. സഹദേവന്‍

ഇലക്ടറല്‍ ബോണ്ട് അഴിമതിയും 12,000 കോടിയുടെ പി.എം. കെയര്‍ കള്ളത്തരങ്ങളും പുറത്തുവന്നതോടെ നില്‍ക്കള്ളിയില്ലാതായ മോദി-ഷാ ദ്വയങ്ങളും ബി.ജെ.പിയും അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തുകൊണ്ട് പ്രതിപക്ഷനിരയെ ഭയപ്പെടുത്താനും മാധ്യമ ശ്രദ്ധ തിരിച്ചുവിടാനും ശ്രമം നടത്തി.

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ ഇന്ത്യസഖ്യം രാംലീല മൈതാനത്ത് നടത്തിയ പ്രതിഷേധ റാലിയില്‍ നേതാക്കള്‍

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് പ്രതിപക്ഷ ഐക്യം കുറേക്കൂടി ശക്തമാക്കുക മാത്രമാണുണ്ടായത് എന്ന് രാംലീല മൈതാനത്ത് നടന്ന പ്രതിപക്ഷപാര്‍ട്ടികളുടെ സമ്മേളനം വ്യക്തമാക്കി.

കെജ്‌രിവാളിന്റെ അറസ്റ്റ് ഇന്ത്യാ സഖ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നതില്‍ വിമുഖത കാട്ടി നിന്നവരെപ്പോലും കൂടുതല്‍ അടുപ്പിക്കാന്‍ സഹായിച്ചുവെന്നതാണ് സത്യം. രാം ലീല മൈാനത്ത്, തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് ഡെറിക് ഒബ്രിയാന്‍ നടത്തിയ പ്രസംഗം ഇതിന്റെ സൂചനയാണ്. ”തൃണമൂല്‍ കോണ്‍ഗ്രസ്സ് ഇന്ത്യാ സഖ്യത്തോടൊപ്പം ഇന്നലെ ഉണ്ടായിരുന്നു, ഇന്നുമുണ്ട്, നാളെയുമുണ്ടാകും” എന്നാണ് ഒബ്രിയാന്‍ പറഞ്ഞത്.

ഡെറിക് ഒബ്രിയാന്‍

കാര്യങ്ങള്‍ കൈവിട്ടുപോകും എന്ന തിരിച്ചറിവില്‍ നിന്നും മോദിക്ക് കിട്ടിയ കച്ചിത്തുരുമ്പാണ് കച്ചത്തീവ്.

രണ്ട് രാജ്യങ്ങള്‍ക്കിടയിലെ ഉഭയകക്ഷി കരാര്‍ തെരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റുന്നതിലെ രാഷ്ട്രീയ നൈതികതയെക്കുറിച്ച് സംഘപരിവാരങ്ങളോട് സംസാരിച്ചിട്ട് കാര്യമൊന്നുമില്ല. സിന്ധുനദിയിലെ ജലപ്രശ്നവും ഇന്ത്യയുടെ ആണവായുധ നയവും 2019ലെ തെരഞ്ഞെടുപ്പില്‍ എടുത്ത് പ്രയോഗിച്ച പാര്‍ട്ടിയാണ്.

നരേന്ദ്ര മോദി

ഇന്ത്യയുടെ ഭാഗമായിരുന്ന കച്ചത്തീവ് ദ്വീപ് 1975ല്‍ ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തുവെന്ന പച്ചക്കള്ളമാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലിരുന്നുകൊണ്ട് നരേന്ദ്ര മോദി തട്ടിവിട്ടത്.

ഈ പ്രസ്താവനയ്ക്ക് പിന്നിലെ പച്ചക്കള്ളം തിരയാന്‍ പതിറ്റാണ്ടുകളൊന്നും പിറകിലേക്ക് പോകേണ്ടതില്ല. ഏപ്രില്‍ ഫൂള്‍ ദിനത്തിലെ മോദിയുടെ കച്ചത്തീവ് ട്വീറ്റിനെ പ്രതിരോധിക്കുന്ന ഇപ്പോഴത്തെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വിദേശകാര്യ സെക്രട്ടറിയായി പ്രവര്‍ത്തിച്ച 2015 കാലയളവിലെ വിവരാവകാശ രേഖ മാത്രം പരിശോധിച്ചാല്‍ മതിയാകും.

എസ്. ജയശങ്കര്‍

സുഷമാ സ്വരാജ് വിദേശകാര്യ മന്ത്രിയായിരുന്ന വേളയില്‍ വിദേശകാര്യ സെക്രട്ടറിയായിരുന്നു എസ് ജയശങ്കര്‍ 2015 ജനുവരി 27ന് കച്ചത്തീവ് സംബന്ധിച്ച വിവരാവകാശ ചോദ്യത്തിന് നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു:

‘ഇന്ത്യയുടെ ഭൂപ്രദേശം ഏറ്റെടുക്കുന്നതോ വിട്ടുകൊടുക്കുന്നതോ ആയ ഒന്നും ഈ കരാറില്‍ ഉള്‍പ്പെട്ടിട്ടില്ല. കാരണം പ്രസ്തുത പ്രദേശം ഒരിക്കലും അതിര്‍ത്തി നിര്‍ണ്ണയിക്കപ്പെട്ടിരുന്നില്ല. ഉടമ്പടി പ്രകാരം കച്ചത്തീവ് സ്ഥിതി ചെയ്യുന്നത് ഇന്ത്യ-ശ്രീലങ്ക അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി രേഖയുടെ ശ്രീലങ്കന്‍ ഭാഗത്താണ്’. 

വിദേശകാര്യ സെക്രട്ടറിയായിരുന്നു എസ്. ജയശങ്കര്‍ 2015 ജനുവരി 27ന് കച്ചത്തീവ് സംബന്ധിച്ച വിവരാവാശ ചോദ്യത്തിന് നല്‍കിയ മറുപടി

അതിനിടയില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെ അരുണാചല്‍പ്രദേശിലെ 30ഓളം സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിക്കൊണ്ട് ചൈനിസ് മിനിസ്ട്രി ഓഫ് സിവില്‍ അഫയേര്‍സ് നാലാമത്തെ ലിസ്റ്റും ഇന്നലെ പുറത്തിറക്കി. അമ്പത്തിയാറിഞ്ചുകാരന്‍ പക്ഷേ ശ്രീലങ്കയിലേക്ക് നോക്കിയിരിപ്പാണ്.

content highlights: K. sahadevan writes about the lies of the modi in Kachchatheevu.

കെ. സഹദേവന്‍

പരിസ്ഥിതി ആണവ വിരുദ്ധ പ്രവര്‍ത്തകന്‍. എഴുത്തുകാരന്‍, ഇന്ത്യയിലെ വിവിധ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി പ്രവര്‍ത്തിച്ചുവരുന്നു. പരിസ്ഥിതി, വികസനം, ഊര്‍ജ്ജം, പരിസ്ഥിതി സമ്പദ്ശാസ്ത്രം, കാര്‍ഷിക മേഖല, വര്‍ഗ്ഗീയത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ആനുകാലികങ്ങളില്‍ എഴുതുന്നു.

We use cookies to give you the best possible experience. Learn more