| Friday, 10th September 2021, 8:12 pm

സുഖശീതളിമയിലിരുന്ന് സംഘപരിവാരങ്ങള്‍ക്ക് പാദസേവ നടത്തുന്ന പുരോഹിതരോട്, രണ്ട് ഉത്തരേന്ത്യന്‍ അനുഭവങ്ങളെക്കുറിച്ച്

കെ. സഹദേവന്‍

പാലായിലെ ഒരു മതഭ്രാന്തന്‍ നര്‍കോട്ടിക്‌സ് ജിഹാദിനെക്കുറിച്ചും ലൗ ജിഹാദിനെക്കുറിച്ചും പ്രസ്താവന നടത്തി തന്റെ കൂറ് തെളിയിക്കാന്‍ തത്രപ്പെടുമ്പോള്‍ രണ്ട് അനുഭവങ്ങളാണ് പെട്ടെന്ന് ഓര്‍മ്മ വരുന്നത്. കേരളത്തിലെ പള്ളിയിലെ സുഖശീതളിമയിലിരുന്ന് സംഘപരിവാരങ്ങള്‍ക്ക് പാദസേവ നടത്തുന്ന ഇതുപോലുള്ള പുരോഹിതന്മാര്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത രണ്ട് അനുഭവങ്ങള്‍.

ആദ്യത്തേത് 2006 ഫെബ്രുവരിയിലാണ്. ഗുജറാത്തിലെ ഡാംഗ് ജില്ലയാണ് സ്ഥലം. ഡാംഗ് ജില്ല പ്രധാനമായും ഭീല്‍ ആദിവാസി ഭൂരിപക്ഷ പ്രദേശമാണ്. മറ്റ് ജില്ലകളില്‍ നിന്ന് ഭിന്നമായി ക്രിസ്ത്യന്‍ മതവിശ്വാസികള്‍ കൂടുതലുള്ള സ്ഥലം. ഇവിടെ ആദിവാസി കുംഭമേള നടത്താന്‍ സ്വാമി അസീമാനന്ദയുടെ നേതൃത്വത്തില്‍ പദ്ധതിയൊരുക്കുന്നു. നാല് സംസ്ഥാനങ്ങളിലെ (മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍) എന്നിവിടങ്ങളിലെ ആദിവാസികളെ ഹിന്ദുത്വത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി പുതിയ മിത്തുകള്‍ക്കടക്കം രൂപം നല്‍കിയിരുന്നു. ആദിവാസിയായ ശബരിയെന്ന യുവതി സീതയെ അന്വേഷിച്ച് പോകുന്ന ശ്രീരാമനെ ബേര്‍ പഴം നല്‍കി ക്ഷീണമകറ്റാന്‍ സഹായിച്ചുവെന്നും ശബരിയുടെ സേവനത്തില്‍ തൃപ്തനായ ശ്രീരാമന്‍ അവരെ അനുഗ്രഹിച്ചുവെന്നും ആയിരുന്നു കഥ.

ഈയൊരു കഥയെ വികസിപ്പിച്ച്, അവിടെ ശബരീ കുംഭമേള നടത്താനായിരുന്നു പരിപാടി. അഞ്ച് ലക്ഷം ആളുകളെ ശബരീ കുംഭമേളയില്‍ പങ്കെടുപ്പിക്കാനുള്ള നടപടികളായിരുന്നു ഒരുക്കിയിരുന്നത്. ശബരീ കുംഭമേളയെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയ ഞങ്ങള്‍ക്ക് അവിടെ കാണാന്‍ കഴിഞ്ഞത്, അധികാരവും ആള്‍ബലവും പണവും ഉപയോഗിച്ച് ആദിവാസികളുടെ ഭൂമി തട്ടിപ്പറിച്ച് ആശ്രമം പണിതിരിക്കുന്നതാണ്. ആദിവാസികള്‍ക്ക് ശബരിയും ശ്രീരാമനും തമ്മിലുള്ള കഥയെക്കുറിച്ച് കേട്ടറിവുപോലുമില്ല. കുംഭ മേളയുടെ പ്രചരണത്തിനായി എഴുതപ്പെട്ട ചുവര്‍ പരസ്യങ്ങളിലെല്ലാം സംഘപരിവാരത്തിന്റെ അജണ്ട പരസ്യമായിതന്നെ എഴുതി വെച്ചിട്ടുണ്ടായിരുന്നു.

ഹിന്ദു ജാഗോ! ക്രിസ്തി ഭാഗോ എന്നായിരുന്നു അത് (ഹിന്ദു ഉണരൂ, ക്രിസ്ത്യാനി ഓടിക്കോളൂ). 2001ലെ മുസ്‌ലിം കൂട്ടക്കൊലയ്ക്ക് ശേഷം ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന് നേരെ നടന്ന നേരിട്ടുള്ള വെല്ലുവിളിയായിരുന്നു അത്. ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഡാംഗ് വന പ്രദേശത്ത് ജീവിതം ചെലവഴിച്ച മതപുരോഹിതന്മാരെല്ലാം ശ്വാസംപോലും അടക്കിപ്പിടിച്ച് കഴിഞ്ഞ നാളുകളായിരുന്നു അത്.

കുംഭമേള സ്ഥലത്ത് ചുറ്റിക്കറങ്ങിയ ഞങ്ങളെ പന്ത്രണ്ട് മണിക്കൂറിലധികം ഡീറ്റൈയ്ന്‍ ചെയ്യുകയുണ്ടായി. (സുഹൃത്തായ ഒരു ബി.ബി.സി ജേര്‍ണലിസ്റ്റിനെ കുംഭമേളയുടെ യഥാര്‍ത്ഥ വസ്തുത ആദിവാസികളില്‍ നിന്ന് നേരിട്ട് കേള്‍പ്പിക്കുന്നതിനായിരുന്നു ഡാംഗില്‍ ചെന്നത്) കൂട്ടത്തിലുണ്ടായിരുന്ന ഫിലിപ് ചാണ്ടിയെന്ന സുഹൃത്തിനോട് ഒരു ഉന്നത പോലീസുദ്യോഗസ്ഥന്‍ പറഞ്ഞത്, ‘നിന്നെ പച്ചയ്ക്ക് കത്തിച്ചാലും ഒരുത്തനും ചോദിക്കില്ലെന്നായിരുന്നു.’
ഡാംഗ് ഒരു സൂചനയായിരുന്നു. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ അടങ്ങിയൊതുങ്ങിക്കഴിയണമെന്ന സൂചന. 2007ല്‍ ഒഡീഷയില്‍ ഗ്രഹാം സ്റ്റെയ്‌നിനെയും കുടുംബത്തെയും പച്ചയ്ക്ക് കത്തിക്കുക തന്നെ ചെയ്തു.

രണ്ടാമത്തെ അനുഭവം 2008 ആഗസ്ത് – സെപ്തംബറില്‍ ആയിരുന്നു. സ്ഥലം ഒഡീഷയിലെ കന്ധമാല്‍.
അമ്പതോളം ആളുകളെയായിരുന്നു ജീവനോടെ കൊന്നൊടുക്കിയത്. നൂറുകണക്കിന് വീടുകള്‍ തകര്‍ത്തു. പള്ളികളും ധ്യാനകേന്ദ്രങ്ങളും അടിച്ചുതകര്‍ത്തു. പാതിരിമാരെയെല്ലാം തല്ലിയോടിച്ചു. കന്ധമാല്‍ ആദിവാസി കേന്ദ്രമായിരുന്നു. രണ്ട് ലെയ്‌നുകള്‍ക്കിടയില്‍ ക്രിസ്ത്യാനിയെന്നും ഹിന്ദുവെന്നും വിഭജിക്കപ്പെട്ടു. ലങ്കാഗഢ് എന്ന ഗ്രാമത്തിലെ ആളുകള്‍ക്ക് സംഘപരിവാരങ്ങള്‍ അന്ത്യശാസനം നല്‍കിയത് അടുത്ത നവമിക്ക് ഘര്‍ വാപസി നടത്തണമെന്നായിരുന്നു.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാല്പതോളം പീസ് ആക്ടിവിസ്റ്റുകള്‍ രണ്ടാഴ്ചയിലധികം കന്ധമാലിലെ വിദൂര ഗ്രാമങ്ങളില്‍ ചുറ്റിയടിച്ചു. ഗ്രാമീണരോടൊപ്പം താമസിച്ചു. ജീവനും കയ്യില്‍പ്പിടിച്ച്, ഭയത്തില്‍ ജീവിച്ച ആ മനുഷ്യര്‍ അന്ന് ചോദിച്ച ചോദ്യം ഇന്നും കാതുകളിലുണ്ട്. ഏത് വീട്ടിലേക്കാണ് തങ്ങള്‍ മടങ്ങിപ്പോകേണ്ടതെന്ന്?

ബിഷപ്പ് ഹൗസുകളില്‍ തിന്നും കുടിച്ചും മദിച്ചുകഴിയുന്ന ഒരൊറ്റ പാതിരിയും കന്ധമാലിലെ ആദിവാസികളോടൊപ്പം നിന്നില്ല. അവരെ അവരുടെ വിധിക്ക് വിട്ടുകൊടുത്ത് പലായനം ചെയ്യുകയാണുണ്ടായത്. തങ്ങളുടെ സമ്പത്തും സൗകര്യങ്ങളും സംരക്ഷിക്കാന്‍ ഏറ്റവും എളുപ്പവഴി സംഘപരിവാരത്തിന് കുഴലൂതുകയാണെന്ന് തിരിച്ചറിഞ്ഞ ഈ വര്‍ഗ്ഗം എത്രയെത്ര ജനകീയ പ്രക്ഷോഭങ്ങളെ ഒറ്റിക്കൊടുത്തു. മുസ്‌ലിം വിരുദ്ധത ഛര്‍ദ്ദിച്ചു.

സംഘപരിവാരത്തിന്റെ ഹിന്ദുത്വത്തിന് താളംപിടിച്ച് തങ്ങളുടെ നിലനില്‍പ്പ് ഭദ്രമാക്കാമെന്ന മൂഢവിശ്വാസത്തില്‍ കഴിയുന്ന ക്രിസ്ത്യന്‍ മതനേതൃത്വം, ഒരു അതോറിറ്റേറിയന്‍ ഹിന്ദുരാജിലേക്ക് അനുദിനം പരിവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ തങ്ങള്‍ ഒരു രണ്ടാം പൗരന്മാരായി മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ എന്ന് തിരിച്ചറിയുന്നതെന്നാണാവോ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: K Sahadevan writes about north India experiences – Sanghparivar against Christians

കെ. സഹദേവന്‍

പരിസ്ഥിതി ആണവ വിരുദ്ധ പ്രവര്‍ത്തകന്‍. എഴുത്തുകാരന്‍, ഇന്ത്യയിലെ വിവിധ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി പ്രവര്‍ത്തിച്ചുവരുന്നു. പരിസ്ഥിതി, വികസനം, ഊര്‍ജ്ജം, പരിസ്ഥിതി സമ്പദ്ശാസ്ത്രം, കാര്‍ഷിക മേഖല, വര്‍ഗ്ഗീയത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ആനുകാലികങ്ങളില്‍ എഴുതുന്നു.

We use cookies to give you the best possible experience. Learn more