തോറ്റുപോയവരുടെ സാധ്യതകള്‍
D' Election 2019
തോറ്റുപോയവരുടെ സാധ്യതകള്‍
കെ. സഹദേവന്‍
Tuesday, 28th May 2019, 6:02 pm

2019 തെരഞ്ഞെടുപ്പ് അവലോകനം/ കെ.സഹദേവന്‍

2019ലെ ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് എല്ലാ അനുമാനങ്ങളെയും അട്ടിമറിച്ചുകൊണ്ട് എന്‍.ഡി.എ സഖ്യത്തിന് വന്‍ ഭൂരിപക്ഷം നല്‍കുകയുണ്ടായി. തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കപ്പെടുമെന്ന് വിലയിരുത്തപ്പെട്ട വിഷയങ്ങളെയെല്ലാം അപ്രസക്തമാക്കും വിധമുള്ള ഭൂരിപക്ഷമായിരുന്നു നരേന്ദ്രമോദിയെ മുന്‍നിര്‍ത്തി എന്‍.ഡി.എ സഖ്യം കരസ്ഥമാക്കിയത്. ബി.ജെ.പിക്ക് സ്വന്തം നിലയില്‍ തന്നെ ഭരിക്കാനുള്ള ഭൂരിപക്ഷം നല്‍കുന്നതായിരുന്നു ജനവിധി.

ഇത് യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷ കക്ഷികളെയോ രാഷ്ട്രീയ നിരീക്ഷകരെയോ മാത്രമല്ല എന്‍.ഡി.എ പക്ഷത്തുള്ള രാഷ്ട്രീയ കക്ഷികളെയും ബി.ജെ.പി നേതാക്കളെത്തന്നെയും ഞെട്ടിപ്പിക്കുന്നതാണ് എന്നതാണ് യഥാര്‍ത്ഥ്യം. സഖ്യ ഭരണത്തിന്റെ കാലമാണ് വരാന്‍പോകുന്നതെന്നും ഒറ്റയ്ക്കൊരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നും പ്രാദേശിക പാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയത്തെ നിര്‍ണ്ണയിക്കുമെന്നും ബി.ജെ.പിയുടെ തന്നെ പല നേതാക്കളും തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പ് പ്രസ്താവനയിറക്കിയിരുന്നത് മോദി സര്‍ക്കാരിനെതിരായി ശക്തമായ ജനവിധി ഉണ്ടാകാന്‍ പോകുന്നുവെന്ന തോന്നലിന്റെ അടിസ്ഥാനത്തിലായിരുന്നു.

എങ്കില്‍ കൂടിയും 353 സീറ്റുകള്‍ കരസ്ഥമാക്കി എന്‍.ഡി.എ സഖ്യം വിജയം നേടി. ലോക്സഭയില്‍ മാത്രമല്ല 2021ഓടെ രാജ്യസഭയിലും ഭൂരിപക്ഷം നേടി പ്രതിപക്ഷത്തത്തന്നെ നോക്കുകുത്തിയാക്കി മാറ്റിക്കൊണ്ടുള്ള ഭരണമായിരിക്കും ഇനിയുള്ള കാലം വരാന്‍ പോകുന്നത്.
തെരഞ്ഞെടുപ്പിന് മുമ്പ് ഉയര്‍ന്നുവന്ന, ഉന്നയിക്കപ്പെട്ട രാഷ്ട്രീയ വിഷയങ്ങള്‍ അയഥാര്‍ത്ഥങ്ങളായതുകൊണ്ടാണോ തെരഞ്ഞെടുപ്പില്‍ അവ പ്രതിഫലിക്കപ്പെടാതെ പോയത്? തീര്‍ച്ചയായും അല്ല.

തൊഴിലില്ലായ്മ എന്ന വിഷയം വരുംദിനങ്ങളില്‍ കൂടുതല്‍ രൂക്ഷമായി ഉയര്‍ത്തെഴുന്നേല്‍ക്കാനിരിക്കുന്നതേയുള്ളൂ. തൊഴില്‍രഹിത സാമ്പത്തിക വളര്‍ച്ച എന്നത് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്നതോതില്‍ സംഭവിച്ച കാലം മോദിയുടെ ഭരണകാലമായിരുന്നുവെന്ന് സാമ്പത്തിക മേഖലയെ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകുന്ന വസ്തുതയാണ്. അഴിമതിരഹിതമായൊരു ഭരണം കാഴ്ചവെക്കാന്‍ മോദിക്ക് കഴിഞ്ഞുവെന്ന് ബി.ജെ.പി നേതാക്കള്‍ പോലും പറയുമെന്ന് കരുതുന്നില്ല.

പ്രതിരോധമേഖലയടക്കമുള്ള സുപ്രധാന മേഖലയൊക്കെത്തന്നെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതിക്കൊടുത്ത് അതില്‍ നിന്നും പണമുണ്ടാക്കാന്‍ ശ്രമിച്ചതിന്റെ നിരവധി തെളിവുകള്‍ പുറത്തുവന്നതാണ്. സുപ്രീം കോടതിയടക്കം കേന്ദ്ര ഗവണ്‍മെന്റിന്റെ സത്യവാങ്മൂലത്തെ മുഖവിലക്കെടുക്കാന്‍ തയ്യാറായിരുന്നില്ല എന്ന കാര്യം ഓര്‍ക്കുക.

ഡിമോണിറ്റൈസേഷന്‍ വാണിജ്യ-വ്യാപാര മേഖലയില്‍ മാത്രമല്ല സാധാരണക്കാരന്റെ നിത്യജീവിതത്തെപ്പോലും ഏറ്റവും കഠിനതരമായി ബാധിച്ചുവെന്നത് സത്യമാണ്. കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിച്ച കാലവും കഴിഞ്ഞ അഞ്ച് കൊല്ലക്കാലമായിരുന്നു എന്നത് സര്‍ക്കാരിന്റെ തന്നെ വിവിധ ഏജന്‍സികള്‍ നല്‍കുന്ന കണക്കുകള്‍ സാക്ഷ്യപ്പെടുത്തും. കര്‍ഷക പ്രക്ഷോഭങ്ങള്‍, ദളിത് വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിഷേധങ്ങള്‍ എന്നിവയൊക്കെയും മോദി ഭരണത്തിനെതിരായി ഉയര്‍ന്നുവന്ന മൂര്‍ത്തമായ ചെറുത്തുനില്‍പ്പുകള്‍ തന്നെയായിരുന്നു.

ഇവയൊക്കെ യഥാര്‍ത്ഥ രാഷ്ട്രീയ വിഷയമായി നിലനില്‍ക്കുമ്പോള്‍ തന്നെ എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മോദിക്കെതിരായ വികാരങ്ങളായി പ്രതിഫലിപ്പിക്കപ്പെടാതെ പോയത് എന്നത് ചിന്തനീയമായ വിഷയമാണ്.

പ്രതിപക്ഷ അനൈക്യം

ബി.ജെ.പി ഭരണത്തിനെതിരായി നിലനിന്നിരുന്ന ജനകീയ പ്രതിഷേധത്തെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ പ്രാപ്തമായൊരു പ്രതിപക്ഷം നിലവിലുണ്ടായിരുന്നില്ല എന്നത് വസ്തുതയാണ്. റഫാല്‍ അടക്കമുള്ള അഴിമതി വിഷയങ്ങള്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ മാത്രമല്ല കോണ്‍ഗ്രസ്സിലെ തന്നെ മറ്റൊരു നേതാവും ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കാന്‍ തയ്യാറായിരുന്നില്ല എന്നത് വസ്തുതയാണ്. നാളിതുവരെ പരസ്പരം ചെളിവാരിയെറിഞ്ഞുകൊണ്ടിരുന്ന പലരും തെരഞ്ഞെടുപ്പ് അടുത്തുവന്നതോടെ കൂട്ടുമുന്നണിയായി അവതരിച്ചതും ജനങ്ങളില്‍ വലിയ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ സാധിച്ചില്ല.

എന്നുമാത്രമല്ല, വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറത്ത് രൂപംകൊണ്ട പ്രതിഷേധങ്ങളെ മുഖവിലയ്ക്കെടുക്കാനോ അത്തരം സംഘടനകളെ തങ്ങളുടെ കൂടാരങ്ങളിലേക്ക് കൊണ്ടെത്തിക്കാനോ ശ്രമിക്കുന്നതിന് പകരം അമിതമായ ആത്മവിശ്വാസത്തില്‍ മേല്‍പ്പറഞ്ഞ സംഘടനകളെ, പ്രസ്ഥാനങ്ങളെ അകറ്റി നിര്‍ത്താനായിരുന്നു മുഖ്യപ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചത് എന്നും കാണാന്‍ സാധിക്കും.

ഉത്തര്‍പ്രദേശില്‍ ചന്ദ്രശേഖര്‍ ആസാദ് രാവണിന്റെ നേതൃത്വത്തിലുള്ള ഭീം ആര്‍മിയെപ്പോലുള്ള പ്രസ്ഥാനങ്ങളെ തുടക്കം തൊട്ടേ ശത്രുപക്ഷത്ത് നിര്‍ത്താനായിരുന്നു മായാവതി ശ്രമിച്ചിരുന്നത്. മധ്യപ്രദേശിലെ കര്‍ഷക ആത്മഹത്യകള്‍ക്കെതിരെ നൂറ് കണക്കിന് കര്‍ഷക സംഘടനകളുടെ മുന്‍കെയ്യില്‍ നടന്ന വന്‍ പ്രക്ഷോഭങ്ങളെ കാണാതെ, അതിന് നേതൃത്വം കൊടുത്ത സംഘടനകളെ കൂടെനിര്‍ത്താതെ, സംസ്ഥാന തെരഞ്ഞെടുപ്പില്‍ ലഭിച്ച വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു കോണ്‍ഗ്രസ് ശ്രമിച്ചത്.

അതിന്റെ പ്രതിഫലം അവര്‍ക്ക് ലഭിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളിയിട്ടുപോലും ബി.ജെ.പിക്ക് വോട്ടുചെയ്യാനാണ് ജനങ്ങള്‍ തയ്യാറായത്.

ഒരു സംസ്ഥാന പാര്‍ട്ടി എന്നതിലുപരി ദേശീയ രാഷ്ട്രീയത്തിലേക്ക് കണ്ണ് നട്ടുകൊണ്ടുള്ള പ്രവര്‍ത്തനമായിരുന്നു മമതാ ബാനര്‍ജി നടത്തിയിരുന്നതെങ്കിലും കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും തങ്ങളുടെ മുഖ്യശത്രുവായി മമതയെ കാണുകയായിരുന്നു. ഇടക്കാലത്തെങ്കിലും എന്‍.ഡി.എ സഖ്യത്തോട് അനുഭാവം കാണിച്ച മമത ഈ തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തോട് കൃത്യമായ അകലം സൂക്ഷിച്ചിരുന്നു.

എന്നാല്‍ എല്ലാ മണ്ഡലങ്ങളിലും നടന്ന ചതുഷ്‌കോണ മത്സരവും സ്വന്തം നിലനില്‍പിനായി മമതയെ തോല്‍പ്പിക്കാന്‍ ബി.ജെ.പിക്ക് വോട്ടുമറിച്ച സി.പി.ഐ.എം നിലപാടും ബംഗാളില്‍ ശക്തമായ സാന്നിദ്ധ്യമായി മാറാന്‍ സംഘപരിവാര്‍ ഫാസിസത്തെ അനുവദിക്കുകയായിരുന്നു.

ഒരുതരത്തിലുമുള്ള ഭരണവിരുദ്ധ വികാരവും നിലനില്‍ക്കാത്ത സംസ്ഥാനമാണ് ഒഡീഷ. സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബഹുഭൂരിപക്ഷം സീറ്റുകളും നേടിക്കൊണ്ട് നവീന്‍ പട്നായ്ക് അത് തെളിയിക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാനഭരണത്തെ അതേപടി നിലനിര്‍ത്തിയ ഒഡീഷയിലെ ജനങ്ങള്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് ബി.ജെ.പിയെ തെരഞ്ഞെടുക്കുന്ന കാഴ്ചയും കാണാന്‍ കഴിഞ്ഞു. ദേശീയ രാഷ്ട്രീയത്തില്‍ തന്റെ സ്ഥാനമേതെന്ന് വ്യക്തമാക്കാന്‍ നവീന്‍ പട്നായ്ക്കിന് സാധിക്കാത്തതും ജനങ്ങളെ വ്യത്യസ്തമായൊരു വോട്ടിംഗ് പാറ്റേണ്‍ സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിതരാക്കി എന്ന് പറയാം.

90കളുടെ അവസാനത്തോടെ ഒഡീഷയെ വര്‍ഗ്ഗീയമായി വിഭജിക്കാനുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ നടത്തിവരുന്നുണ്ട്. മതപരിവര്‍ത്തനം ആരോപിച്ച് മിഷണറി പ്രവര്‍ത്തകനായ ഗ്രഹാം സ്റ്റെയ്നിനെയും കുടുംബത്തെയും കൊലപ്പെടുത്തിയത് തൊട്ട് കൃത്യമായ പദ്ധതികള്‍ അവര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കന്ധമാല്‍ കലാപം മുതല്‍ അടുത്ത കാലത്തുണ്ടായ ഭദ്രക് കലാപം വരെ നിരവധി വര്‍ഗ്ഗീയ ലഹളകള്‍ ഉയര്‍ത്തിവിട്ട് ജനങ്ങളെ മതപരമായി വിഭജിക്കാനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തിവന്നതിന് തെളിവുകളുണ്ട്.

ഇത്രയൊക്കെയായിട്ടും വലിയൊരളവുവരെ സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയം ഒഡീഷയില്‍ നിലനില്‍ക്കുന്നുണ്ട് എന്നത് വസ്തുതയാണ്. ആദിവാസി-പിന്നോക്ക മേഖലകളില്‍ സ്വാധീനമുറപ്പിക്കാന്‍ സംഘപരിവാറിന് സാധിച്ചു എന്നതും യാഥാര്‍ത്ഥ്യമാണ്.
സംസ്ഥാന തെരഞ്ഞെടുപ്പില്‍ വിജയം വരിക്കാന്‍ സാധിച്ച ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സില്‍ തന്നെയുള്ള പടല പിണക്കങ്ങള്‍ ചെറിയൊരു കാലയളവുകൊണ്ടുതന്നെ മറിച്ചുചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചുവെന്ന് വേണം കരുതാന്‍.

സംഘപരിവാറിന് ഒട്ടും വേരോട്ടം ലഭിക്കാത്ത സംസ്ഥാനമായി മാറാന്‍ ആന്ധ്രപ്രദേശ്, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്ക് സാധിച്ചുവെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും കേരളത്തിലെ വോട്ട് വിഹിതത്തില്‍ 10%ത്തില്‍ നിന്നും 16%ത്തിലേക്കുള്ള അവരുടെ വളര്‍ച്ച ആശങ്കപ്പെടുത്തുന്നുന്നതാണ്.

പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ശക്തമായ സ്വാധീനം നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന തെരഞ്ഞെടുപ്പ് തന്നെയാണ് നടന്നിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്താല്‍ മനസ്സിലാകുന്നതാണ്. എന്നാല്‍ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ അനൈക്യം മുതലെടുക്കുവാന്‍ ബിജെപിക്ക് സാധിക്കുകയുണ്ടായി.

പണാധിപത്യം v/s ജനാധിപത്യം

പണത്തിന്റെ സ്വാധീനം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത് നടാടെയല്ലെന്ന് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം നിരീക്ഷിക്കുന്ന ആര്‍ക്കും എളുപ്പത്തില്‍ ബോധ്യപ്പെടുന്ന സംഗതിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചതിന്റെ എത്രയോ ഇരട്ടി തുക ഓരോ സ്ഥാനാര്‍ത്ഥിയും പാര്‍ട്ടിതലത്തിലും വ്യക്തിതലത്തിലും ചെലവഴിച്ചുകൊണ്ടാണ് ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമാനതകളില്ലാത്തവിധത്തില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് സാധിച്ചുവെന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.

പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ സുതാര്യമാക്കാനെന്ന് പ്രഖ്യാപിച്ച് മോദി സര്‍ക്കാര്‍ പുറത്തിറക്കിയ ഇലക്ടറല്‍ ബോണ്ടിന്റെ പ്രധാന ഗുണഭോക്താക്കള്‍ ബി.ജെ.പി തന്നെയായിരുന്നുവെന്ന് സര്‍ക്കാര്‍ തന്നെ പുറത്തിറക്കിയ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇലക്ടറല്‍ ബോണ്ട് വഴി പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളുടെ 95%വും ബി.ജെ.പിക്കായിരുന്നു. ഇലക്ടറല്‍ ബോണ്ട് വഴി ലഭിക്കുന്ന പണം ആരു തന്നു എന്ന് തിരിച്ചറിയാന്‍ പാര്‍ട്ടികള്‍ക്ക് സാധിക്കില്ല എന്ന് ധനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവിച്ചിരുന്നുവെങ്കിലും ഇത് സത്യവിരുദ്ധമായിരുന്നുവെന്നു പിന്നീട് തെളിയിക്കപ്പെടുകയുണ്ടായി.

ഇലക്ടറല്‍ ബോണ്ട് കൈകാര്യം ചെയ്യുന്ന സര്‍ക്കാരിന് തങ്ങള്‍ക്ക് സംഭാവന നല്‍കുന്നത് ആരാണെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നവിധത്തിലായിരുന്നു ബോണ്ട് പുറത്തിറക്കിയിരുന്നത്. അതുകൊണ്ടുതന്നെയായിരുന്നു ഇലക്ടറല്‍ ബോണ്ടുവഴിയുള്ള സംഭാവനകള്‍ സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിക്ക് വലിയതോതില്‍ ലഭ്യമായതും.

കോര്‍പ്പറേറ്റ് അജണ്ട

കോണ്‍ഗ്രസ്സ് നടപ്പിലാക്കാനാരംഭിച്ച ഉദാരവല്‍ക്കരണ നയങ്ങളെ അവരേക്കാളും കാര്യക്ഷമമായി നടപ്പിലാക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു. അതുകൊണ്ടുതന്നെ വന്‍കിട കോര്‍പ്പറേറ്റുകളുടെ വലിയൊരു നിര തന്നെ മോദിക്ക് പിന്നില്‍ അണിനിരന്നു. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധികളോട് എങ്ങിനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം.

രാഹുല്‍ ഗാന്ധി മുന്നോട്ടുവെച്ച ന്യായ് പോലുള്ള പദ്ധതികളെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹമൊഴികെ മറ്റൊരു നേതാവും മുന്നോട്ടുവന്നില്ല എന്നതും ശ്രദ്ധിക്കേണ്ട സംഗതിയാണ്. ഇന്ത്യയിലെ വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് കോണ്‍ഗ്രസ്സിന്റെ ന്യായ് പദ്ധതിയെക്കുറിച്ച് നാല്‍പത് ശതമാനത്തിന് മുകളില്‍ ആളുകള്‍ കേട്ടിട്ടുപോലുമില്ല എന്നായിരുന്നു.

കേട്ടവരില്‍ തന്നെ വലിയൊരു വിഭാഗത്തിനും അതെന്താണെന്ന ധാരണയുമുണ്ടായിരുന്നില്ല. അനില്‍ അംബാനി അടക്കമുള്ള വന്‍കിടക്കാര്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് മേല്‍ വരുത്തിവെച്ചിരിക്കുന്ന നിഷ്‌ക്രിയാസ്തി പ്രശ്നങ്ങളോട് പുതുതായി വരുന്ന സര്‍ക്കാര്‍ എങ്ങിനെ പ്രതികരിക്കും എന്നതിനെ സംബന്ധിച്ച് സമ്പന്ന വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്കകളുണ്ടായിരുന്നു. കോണ്‍ഗ്രസ്സിന് കൃത്യമായി ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും പ്രാദേശിക പാര്‍ട്ടികളുടെ സഖ്യം ഉടലെടുക്കുകയും ചെയ്യുകയാണെങ്കില്‍ അത് തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാകാനേ തരമുള്ളൂ എന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല.

എന്തുവിലകൊടുത്തും ബി.ജെ.പി സര്‍ക്കാരിനെ പുനഃസ്ഥാപിക്കുക എന്നത് അവരുടെ അജണ്ടയിലെ പ്രധാന സംഗതിയായിരുന്നു. ഒരുപക്ഷേ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെക്കാളും കൂടുതല്‍ ഉറച്ച ബോദ്ധ്യത്തോടെ ബി.ജെ.പിയുടെ തിരിച്ചുവരവ് പ്രവചിച്ചത് ഇന്ത്യയിലെ കോര്‍പ്പറേറ്റ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു എന്നത് ഓര്‍ക്കുക. പ്രമുഖ നിക്ഷേപകനായ രാജേഷ് ഝുന്‍ഝുന്‍വാല ഫലപ്രഖ്യാപനം വരുന്നതിന് തൊട്ടുമുമ്പ് നടത്തിയ പ്രവചനം എന്‍.ഡി.എ 310 സീറ്റിലധികം നേടി അധികാരത്തില്‍ തിരിച്ചുവരുമെന്നായിരുന്നു!

മീഡിയാ സ്വാധീനം

എല്ലാംകൊണ്ടും സംഘപരിവാറിന് വില്‍ക്കപ്പെട്ടുകഴിഞ്ഞ ഒന്നായിരുന്നു ഇന്ത്യയിലെ ദൃശ്യ-അച്ചടി മാധ്യമങ്ങള്‍. കുനിയാന്‍ പറഞ്ഞാല്‍ സാഷ്ടാംഗം പ്രണമിക്കുന്ന തരത്തിലേക്ക് മാറിക്കഴിഞ്ഞരുന്ന ഈ മാധ്യമങ്ങള്‍ സമൂഹത്തില്‍, പ്രത്യേകിച്ചും ഇന്ത്യയിലെ മധ്യവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ ബി.ജെ.പിക്ക് അനുകൂലമായ തരംഗങ്ങള്‍ സൃഷ്ടിക്കാന്‍ ഏറെ പണിയെടുത്തു. വിരലിലെണ്ണാവുന്ന ഏതാനും മാധ്യമങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ബഹുഭൂരിപക്ഷത്തിന്റെയും അവസ്ഥ ഇതുതന്നെയായിരുന്നു.

വര്‍ഗ്ഗീയമായ വിഭജനം ലക്ഷ്യമിട്ടും മോദിയെ ഉയര്‍ത്തിക്കാട്ടിയും അവര്‍ നടത്തിയ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ നഗരവോട്ടര്‍മാര്‍ക്കിടയില്‍ മുന്‍പെന്നപോലെ വലിയ സ്വാധീനം സൃഷ്ടിച്ചതായി കാണാം. സോഷ്യല്‍ മീഡിയയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രസ്ഥാനമായി മാറാന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ട്. ഏതുതരം നുണകളും പ്രചരിപ്പിക്കാന്‍ സന്നദ്ധരായി നില്‍ക്കുന്ന അവരുടെ വാട്സ് അപ് ആര്‍മി ഇക്കാര്യത്തില്‍ കാര്യക്ഷമമായി തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ സോഷ്യല്‍മീഡിയ സ്വാധീനം ശക്തമാകാന്‍ പോകുകയാണെന്നും അതില്‍ മുന്നിട്ടുനില്‍ക്കുന്നത് ബി.ജെ.പിയാണെന്നും ഉള്ള വിലയിരുത്തലുകള്‍ മുമ്പെതന്നെ വന്നിട്ടുള്ളതാണ്. പെയ്ഡഡ് സ്റ്റാഫുകളെ ഉപയോഗപ്പെടുത്തി പാര്‍ട്ടി യന്ത്രത്തെ ചലിപ്പിക്കാവുന്ന തരത്തില്‍ പണത്തിന്റെ സ്വാധീനം സംഘപരിവാറിന് കൂടുതലായിരുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്.

തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത

എല്ലാ നൈതികതയും നഷ്ടമാക്കി പ്രവര്‍ത്തിച്ച ഒരു തെരഞ്ഞെടുപ്പ് കമ്മീഷനാണ് 2019-ലെ ലോകസഭാ തെരഞ്ഞെടുപ്പിനെ നിയന്ത്രിച്ചത് എന്നത് വാസ്തവമാണ്. ഏറ്റവും ഒടുവില്‍ തന്റെ എതിര്‍പ്പുകള്‍ രേഖപ്പെടുത്താന്‍ തയ്യാറാകാത്തതിന്റെ പേരില്‍ മൂന്നംഗ കമ്മീഷനിലെ ഒരംഗം രാജിവെച്ചതടക്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഒന്നാണ്.

തെരഞ്ഞെടുപ്പ് വേളകളില്‍ വിവാദ പ്രസ്താവനകളുടെ പേരില്‍ മോദിക്ക് മൂന്ന് തവണയും ക്ലീന്‍ ചിറ്റ് നല്‍കുന്നതില്‍ കമ്മീഷന്‍ കാണിച്ച വ്യഗ്രത തൊട്ട് അമ്പത് ശതമാനം വിവിപാറ്റ് (വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍) എണ്ണുന്നത് സംബന്ധിച്ച് ഇന്ത്യയിലെ പതിനേഴോളം പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ ഹരജിക്കെതിരെ എതിര്‍വാദം ഉന്നയിച്ചതടക്കം നിരവധി പക്ഷപാതപരമായ നടപടികള്‍ കമ്മീഷന്റെ ഭാഗത്ത് നിന്ന് വരികയുണ്ടായി.

ഇലക്ഷന്‍ കമ്മീഷന് വേണ്ടി പൊതുമേഖലാ സ്ഥാപനമായ ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡി (ഇസിഐഎല്‍)ന്റെ ഹൈദരാബാദ് യൂണിറ്റ് നിര്‍മ്മിച്ച് നല്‍കിയ 20ലക്ഷത്തോളം വരുന്ന വോട്ടിംഗ് മെഷീനുകളില്‍ ഏതാണ്ട് 10ലക്ഷത്തോളം കാണാനില്ലെന്ന് മനോരഞ്ജന്‍ റോയ് ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ സത്യവാങ്മൂലം നല്‍കുകയുണ്ടായി. ഇ.സി.ഐ.എല്ലില്‍ നല്‍കിയ വിവരാവകാശ ഹരജിയില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മനോരഞ്ജന്‍ റോയ് ഹൈക്കോടതിയെ സമീപിച്ചത്.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ വോട്ടിംഗ് മെഷീനുകള്‍ നിരുവത്തരവാദപരമായി കൈകാര്യം ചെയ്യുന്നതടക്കമുള്ള നിരവധി വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് നാം കാണുകയുണ്ടായി. വിവിധ പ്രദേശങ്ങളില്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാളും വോട്ടുകള്‍ മെഷീനില്‍ രേഖപ്പെടുത്തപ്പെട്ടതും വിവിപാറ്റ് സ്ലിപ്പുകളും വോട്ടുകളും തമ്മില്‍ പൊരുത്തമില്ലാത്തതും ആയ നിരവധി ക്രമക്കേടുകളെപ്പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

ഇവിഎമ്മുകളില്‍ കൃത്രിമത്വം കാട്ടാന്‍ സാധിക്കുമെന്ന് നിരവധി തവണ തെളിയിക്കപ്പെട്ടതാണ്. ഏറ്റവുമൊടുവില്‍ ഒരു അമേരിക്കന്‍ ഹാക്കര്‍ ഇക്കാര്യം മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പ്രായോഗികമായി തെളിയിച്ചതും ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാനുള്ള സാധ്യതകള്‍ ചൂണ്ടിക്കാട്ടിയതും ഓര്‍ക്കുക.

എന്നാല്‍ ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളില്‍ മായാവതി ഒഴികെയുള്ള നേതാക്കളാരും തന്നെ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടിരിക്കാനുള്ള സാധ്യതകള്‍ ചൂണ്ടിക്കാണിക്കാന്‍ സാധ്യമല്ലാത്തവിധം മാനസികമായി തകര്‍ന്നുകഴിഞ്ഞിരിക്കുന്നു എന്നുവേണം അനുമാനിക്കാന്‍. തങ്ങള്‍ക്ക് നേരിട്ട ദയനീയമായ പരാജയത്തെ തങ്ങളുടെ തന്നെ പാര്‍ട്ടികളിലെ പടലപ്പിണക്കങ്ങളുമായി ബന്ധപ്പെടുത്തി മാത്രമേ അവര്‍ക്ക് ആലോചിക്കാന്‍ കൂടി സാധിക്കുന്നുള്ളൂ.

ദേശീയത-മതദേശീയത

ഭാരതത്തില്‍ ഹിന്ദുത്വം അപകടത്തിലാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള സംഘപരിവാറിന്റെ ശ്രമം വലിയതോതില്‍ സ്വാധീനിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഏറ്റവും കാതലായ വശം. അയല്‍ക്കാരനായ ശത്രുവിനെ ചൂണ്ടിക്കാട്ടി ഹിന്ദുത്വത്തെ നശിപ്പിക്കാനുള്ള ശ്രമത്തിലാണ് അവരെന്നും ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രീണനനയങ്ങളുടെ ഭാഗമായി ശക്തിപ്പെട്ടുവരികയുമാണെന്ന അവരുടെ പ്രചരണങ്ങള്‍ വലിയ തോതില്‍ വോട്ടര്‍മാരെ സ്വാധീനിക്കുകയുണ്ടായി എന്നുവേണം അനുമാനിക്കാന്‍.

ദൈനംദിന സാമ്പത്തിക പ്രയാസങ്ങള്‍ക്കും ജീവിതനൈരാശ്യങ്ങള്‍ക്കും മേല്‍ മത-വര്‍ഗ്ഗീയ വാദങ്ങള്‍ ഉറപ്പിച്ചെടുത്ത് സാധാരണക്കാരെ കൂടെ നിര്‍ത്താന്‍ ബി.ജെ.പിക്ക് സാധിച്ചു. ഇന്ത്യയെ 2023 ഓടെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന സംഘപരിവാര്‍ അജണ്ട, ഒരുപരിധിവരെ രഹസ്യമായെങ്കിലും, ജനങ്ങളിലേക്കെത്തിക്കാന്‍ അവര്‍ക്ക് കഴിയുകയുണ്ടായി.

1923ല്‍ സവര്‍ക്കര്‍ മുന്നോട്ടുവെച്ച ഈ ആശയത്തിന്റെ നൂറാം വാര്‍ഷികത്തിലെങ്കിലും ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് 2017ല്‍ ഗോവയില്‍ ചേര്‍ന്ന ഹിന്ദുസംഘടനകളുടെ യോഗം ആവശ്യപ്പെടുകയുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ നെഹ്രുവിനെതിരായി നടന്ന ആക്രമണങ്ങള്‍ വളരെ ആസൂത്രിതമായ ഒന്നായിരുന്നു. ഇന്ത്യയുടെ സെക്യുലര്‍ ബോധങ്ങളിലേക്ക് അവസാനമായി പ്രയോഗിച്ച ആക്രമണങ്ങളായിരുന്നു അത്.

സാധാരണ മനുഷ്യര്‍ ദൈനംദിന ജീവിതത്തില്‍ നേരിടുന്ന കടുത്ത യാഥാര്‍ത്ഥ്യങ്ങളെ മത-വര്‍ഗ്ഗീയത പോലുള്ള സാങ്കല്പിക യാഥാര്‍ത്ഥ്യങ്ങള്‍ കൊണ്ട് മറയിടുന്നതില്‍ ഒരുപരിധിവരെ സംഘപരിവാര്‍ ശക്തികള്‍ വിജയിച്ചുവെന്ന് പറയാം. എന്നാല്‍ വരാനിരിക്കുന്ന നാളുകള്‍ അവര്‍ക്ക് പോലും എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കുന്ന ഒന്നായിരിക്കില്ല എന്നുതന്നെയാണ് ചിന്തിക്കേണ്ടത്. വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലാപ്പടയോടും വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളോടും എങ്ങിനെ പ്രതികരിക്കണം എന്നത് വലിയ ചോദ്യചിഹ്നമായി മോദിയുടെയും സംഘപരിവാറിന്റെയും മുന്നില്‍ നിലനില്‍ക്കും.

പ്രതിപക്ഷ റോള്‍

ലോകസഭയില്‍ പ്രതിപക്ഷം എന്നത് പേരിന് പോലും ഇല്ലാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. സഖ്യകക്ഷികള്‍ എതിര്‍നിന്നാല്‍ പോലും ഏത് നിയമവും ഒറ്റയ്ക്ക് പാസാക്കിയെടുക്കാവുന്ന ഭൂരിപക്ഷം ബി.ജെ.പിക്ക് തനിച്ച് ലോകസഭയിലുണ്ട്. പ്രതിപക്ഷ എതിര്‍പ്പുകള്‍ കാരണം മാറ്റിവെച്ച നിരവധി നിയമങ്ങള്‍ ഇതോടെ മോദിക്ക് അനായാസം പാസാക്കിയെടുക്കാന്‍ സാധിക്കും. ലോകസഭയില്‍ ഭൂരിപക്ഷമുണ്ടായാല്‍പ്പോലും രാജ്യസഭയുടെ അനുമതി നേടിയെടുക്കുന്നതില്‍ നാളിതുവരെ ബി.ജെ.പിക്ക് സാധിച്ചിട്ടില്ല. എന്നാല്‍ 2021ഓടെ ആ ഒരു കടമ്പയും മാറിക്കിട്ടും. ലോകസഭയിലും രാജ്യസഭയിലും ഭൂരിപക്ഷമുള്ള ഒരു പാര്‍ട്ടിക്ക് അവരാഗ്രഹിക്കുന്ന എന്തുനിയമവും യാതൊരു തടസ്സവും കൂടാതെ പാസാക്കിയെടുക്കാം.

ഇനിയങ്ങോട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ റോള്‍ എന്തായിരിക്കും എന്നത് കൂടി ചിന്താവിഷയമാണ്. തെരഞ്ഞെടുപ്പിന്റെ ആഘാതത്തില്‍ കോണ്‍ഗ്രസ്സിനകത്തുള്ള ഉള്‍പ്പോരുകള്‍ മറനീക്കി പുറത്തുവരുമെന്നത് തര്‍ക്കമറ്റ സംഗതിയാണ്. രണ്ടാം സ്ഥാനത്തേക്ക് തിരിച്ചുവരാനുള്ള കോണ്‍ഗ്രസ്സിന്റെ സാധ്യതകളെ പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ അതിന്റെ നേതാക്കള്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. അവസരവാദികളായ പല നേതാക്കളും ബി.ജെ.പി പാളയത്തിലേക്ക് ചേക്കാറാന്‍ തയ്യാറായി നില്‍ക്കുകയാണ്.

സീറ്റുകള്‍ കരസ്ഥമാക്കാന്‍ സാധിച്ചില്ലെങ്കിലും പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിന്റെ വോട്ടിംഗ് ഷെയര്‍ അത്രയും ശോചനീയമല്ല എന്നതാണ് വസ്തുത. പക്ഷേ അത് തിരിച്ചറിഞ്ഞ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് പകരം തങ്ങളുടെ വ്യക്തിതാല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് മുന്നോട്ടുപോകാന്‍ തന്നെയാണ് അവരുടെ തീരുമാനം എന്ന് ചിന്തിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. കോണ്‍ഗ്രസ്സിന്റെ വിവിധ സംസ്ഥാനങ്ങളിലെ നേതാക്കള്‍ പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി രൂപീകരിച്ചാലും അത്ഭുതപ്പെടാനില്ല.

മരുന്നിന് പോലും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചെടുക്കാന്‍ സാധിക്കാത്ത ഇടതുപാര്‍ട്ടികള്‍ക്ക് അടുത്ത അഞ്ചവര്‍ഷത്തേക്കെങ്കിലും പാര്‍ലമെന്റ് രാഷ്ട്രീയത്തില്‍ പ്രത്യേക പങ്കൊന്നും വഹിക്കാനില്ല. ബിജു ജനതാദള്‍, തൃണമൂല്‍, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ്, ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികള്‍ തങ്ങളുടെ സംസ്ഥാനങ്ങളുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കാനായിരിക്കും തീരുമാനിക്കുക. അതിനുമപ്പുറം വിശാലമായ രാജ്യതാല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരണമെങ്കില്‍ അതിനുള്ള രാഷ്ട്രീയബോധ്യവും പ്രവര്‍ത്തനപരിപാടിയും അവര്‍ക്ക് രൂപപ്പെടുത്തേണ്ടതായി വരും.

ദേശീയത, മതം തുടങ്ങിയ വിഷയങ്ങള്‍ എളുപ്പത്തില്‍ മനുഷ്യമനസ്സുകളെ കീഴടക്കുന്ന ഒന്നാണ്. മനുഷ്യമനസ്സുകളെ വിഭജിക്കാന്‍ ഒരു വിഭാഗം ഒരുമ്പെട്ടിറങ്ങിയാല്‍ അതിനെ തടയിടുക എന്നത് ശ്രമകരമായ സംഗതിയാണ്. ലോകമെങ്ങും ഇതിന് നിരവധി ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. പട്ടിണി കിടക്കുന്ന മനുഷ്യനെപ്പോലും മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കാന്‍ അത്തരം ശക്തികള്‍ക്ക് എളുപ്പത്തില്‍ സാധിക്കും. തങ്ങളനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് കാരണം അപരനാണ് എന്ന് വിശ്വസിപ്പിക്കാനും ആ സാങ്കല്പിക അപരനെതിരായ യുദ്ധത്തില്‍ അണിചേരാനും ആളുകള്‍ എളുപ്പത്തില്‍ തയ്യാറാകുന്നു.

ജീവിതത്തിലൊരിക്കല്‍പ്പോലും ഒരു വാക്കുകൊണ്ടുപോലും തന്നെ നോവിക്കാത്ത അയല്‍ക്കാരനെതിരെ ആയുധം പ്രയോഗിക്കുവാന്‍ ഒരാള്‍ തയ്യാറാകുന്നത് ഈയൊരറ്റക്കാരണം കൊണ്ടാണ്. ഇന്ത്യയില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് പതിറ്റാണ്ടുകളായി ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാറിന് അവരുടെ ലക്ഷ്യം നേടാന്‍ കഴിഞ്ഞത് ഇപ്പോഴാണ്. അവര്‍ക്ക് ഇത്രയുംകാലം അതിന് കാത്തിരിക്കേണ്ടിവന്നു എന്നതു തന്നെയാണ് ചിലപ്പോള്‍ നമ്മുടെ പ്രതീക്ഷയും.

ഇന്ത്യയുടെ സാംസ്‌കാരിക ബഹുസ്വരതകളെ ഇല്ലാതാക്കാന്‍ അവര്‍ക്ക് അത്രയെളുപ്പം സാധിച്ചില്ല എന്നത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആ ബഹുസ്വരതകളെ തിരിച്ചുപിടിക്കാനുള്ള മാര്‍ഗ്ഗവും നമ്മുടെ മുന്നില്‍ നിരത്തുന്നുണ്ട്. ലോകത്തൊരിടത്തും ചരിത്രത്തില്‍ മത-വംശീയ വാദികള്‍ക്ക് ദീര്‍ഘകാലം ആയുസ്സുണ്ടായിട്ടില്ല. അവര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന സാങ്കല്പിക യാഥാര്‍ത്ഥ്യങ്ങള്‍ മനുഷ്യന്റെ ദൈനംദിന ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ തോറ്റുപോകുക തന്നെ ചെയ്യും.

ഒരുപക്ഷേ ഇനിയും വികസിതമാകാന്‍ പോകുന്ന പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുന്‍കൈകള്‍ തന്നെയാകും ഫാസിസത്തിന്റെ അന്തകനാകാന്‍ പോകുന്നത്. സുശക്തമായ ഇന്ത്യ എന്നതിന് പകരം, സഹകരണത്തെയും തുല്യതയെയും അടിസ്ഥാനപ്പെടുത്തിയുള്ള ഫെഡറല്‍ ഇന്ത്യ എന്ന ആശയത്തെ സമ്പുഷ്ടമാക്കാന്‍ ഈ പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുന്‍കൈയ്യെടുക്കേണ്ടതുണ്ട്. ഇന്ത്യയുടെ ബഹുസ്വരതയെ അംഗീകരിച്ചുകൊണ്ട് വികസനത്തിന്റെയടക്കം രാഷ്ട്രീയ വിഷയങ്ങള്‍ സംവാദവിഷയമാക്കിക്കൊണ്ട് മാത്രമേ സംഘപരിവാറിന്റെ മത-വര്‍ഗ്ഗീയ രാഷ്ട്രീയത്തെ കെട്ടുകെട്ടിക്കാന്‍ സാധിക്കുകയുള്ളൂ. അത് ഒരേസമയം രാഷ്ട്രീയമായ അനിവാര്യതയും സാധ്യതയുമാകുന്നു.

WATCH THIS VIDEO:

കെ. സഹദേവന്‍
പരിസ്ഥിതി ആണവ വിരുദ്ധ പ്രവര്‍ത്തകന്‍. എഴുത്തുകാരന്‍, ഇന്ത്യയിലെ വിവിധ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി പ്രവര്‍ത്തിച്ചുവരുന്നു. പരിസ്ഥിതി, വികസനം, ഊര്‍ജ്ജം, പരിസ്ഥിതി സമ്പദ്ശാസ്ത്രം, കാര്‍ഷിക മേഖല, വര്‍ഗ്ഗീയത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ആനുകാലികങ്ങളില്‍ എഴുതുന്നു.