വികസന ഹിംസയ്‌ക്കെതിരെ അതിഗംഭീരമായ നിരവധി ലേഖനങ്ങള്‍ കര്‍ഷകരുടെയും ഭൂമി നഷ്ടപ്പെടുന്നവരുടെയും പക്ഷത്ത് നിന്ന് എഴുതിയിരുന്ന സഖാവ് വിജൂ കൃഷ്ണന്‍, താങ്കള്‍ എവിടെയാണ്?
കേരളത്തില്‍ കെ റെയില്‍ കോറിഡോറിനായി ഭൂമി നഷ്ടപ്പെടുന്നവര്‍/ ജനിച്ച മണ്ണില്‍ നിന്ന് പിഴുതെറിയപ്പെടുന്നവര്‍ താങ്കളെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്.
മഹാരാഷ്ട്രയിലും രാജസ്ഥാനിലുമടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യവസായ ഇടനാഴികള്‍ക്കും, ദേശീയപാതാ വികസനങ്ങള്‍ക്കും വേണ്ടി നടത്തുന്ന ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കെതിരെ അതിശക്തമായ പ്രതിഷേധങ്ങള്‍ നടത്തിയ താങ്കളുടെ അനുഭവവും ജ്ഞാനവും അവര്‍ക്ക് വേണം.
വന്‍കിട മൂലധന നിക്ഷേപത്തോടൊപ്പം കടന്നുവരുന്ന ‘വികസന ഭീകരവാദത്തെയും ഭരണകൂട അടിച്ചമര്‍ത്തലുകളെയും സംബന്ധിച്ച് 2017 സെപ്റ്റംബറില്‍ ഫ്രണ്ട് ലൈനില്‍ താങ്കള്‍ എഴുതിയ ലേഖനം, എങ്ങിനെയാണ് ഭരണകൂടവും കോര്‍പ്പറേറ്റ് മൂലധനവും ‘വികസന’ത്തിന്റെ പേരില്‍ ജനങ്ങളുടെ ജീവിതം ദുരിതമയമാക്കുന്നതെന്ന് കൃത്യതയോടെ വിവരിക്കുന്നുണ്ട്.
‘നവ ഉദാരവല്‍ക്കരണ മുന്നേറ്റം’ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ (ജെയ്ക്ക, എ.ഡി.ബി) സഹായത്തോടെ നടപ്പിലാക്കപ്പെടുന്നതെന്നും, ലോകബാങ്കിന്റെ നേതൃത്വത്തിലുള്ള ‘ഡെവലപ്പ്‌മെന്റ് പോളിസി ലെന്‍ഡിംഗ്’ നയങ്ങളുടെ രാഷ്ട്രീയ അന്തസ്സത്തയെക്കുറിച്ചും താങ്കള്‍ വിശദീകരിക്കുന്നു.
പ്രിയ സഖാവേ,
വരൂ, അതിവേഗ തീവണ്ടിപ്പാതകളില്‍ ഞെരിഞ്ഞമരാന്‍ വിധിക്കപ്പെട്ടവരുടെ കരച്ചില്‍ കേള്‍ക്കൂ… കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ, ‘കിരാതമെന്ന്’ താങ്കള്‍ വിശേഷിപ്പിച്ച, ഭൂമി ഏറ്റെടുക്കല്‍ നിയമം എങ്ങിനെയാണ് കേരളത്തില്‍ നടപ്പിലാക്കപ്പെടുന്നതെന്ന് നോക്കൂ…
വലിച്ചിഴക്കപ്പെടുന്ന സ്ത്രീകളുടെ, ഭൂമി നഷ്ടപ്പെടാന്‍ പോകുന്ന ആയിരങ്ങളുടെ ശബ്ദമാകൂ….
ദില്ലി -മുംബൈ വ്യവസായ ഇടനാഴിക്കെതിരെ, മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ, ‘സ്മാര്‍ട് സിറ്റി’ക്കെതിരെ, പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കെതിരെ ജനങ്ങളെ ഉദ്ബുദ്ധരാക്കി, സമര സജ്ജരാക്കിയ താങ്കളുടെ സേവനം ഇപ്പോള്‍ കേരളത്തിന് ആവശ്യമാണ്.
വികസന ഹിംസയ്‌ക്കെതിരായി താങ്കള്‍ ഇംഗ്ലീഷില്‍ എഴുതിയ ആ പ്രൗഢഗംഭീര ലേഖനം മാതൃഭാഷയിലേക്ക് പരിഭാഷപ്പെടുത്താന്‍ കനിവ് കാട്ടണമെന്നും അഭ്യര്‍ത്ഥിക്കട്ടെ.
വരൂ സഖാവേ…
ഭൂമി നഷ്ടപ്പെടുന്നവരുടെ, വികസന ഹിംസയുടെ ഇരകളുടെ നാവാകൂ….
ലാല്‍സലാം
കെ സഹദേവന്‍
Content Highlight: K Sahadevan about protest in Kerala against K rail project, ask Comrade Vijoo Krishnan to protest