| Sunday, 11th February 2024, 10:48 am

തികഞ്ഞ നിസ്സംഗതയോടെ എനിക്ക് പങ്കില്ലാത്ത പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു: സച്ചിദാനന്ദൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തികഞ്ഞ നിസംഗതയോടെ തനിക്ക് പങ്കില്ലാത്ത പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുകയാണെന്ന് സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ.

മറ്റുള്ളവരുടെ തെറ്റുകളേറ്റെടുത്ത് കുരിശിലേറുന്നത് മഹത്പ്രവർത്തിയാണെന്നും ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പിൽ പറയുന്നു.

കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ പങ്കെടുത്ത തനിക്ക് തുച്ഛമായ പ്രതിഫലം നൽകി അപമാനിച്ചു എന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് ആരോപിച്ചിരുന്നു. തന്നോട് അക്കാദമി കേരളഗാനം എഴുതാൻ ആവശ്യപ്പെടുകയും പിന്നീട് വിവരം അറിയിക്കുക പോലും ചെയ്യാതെ ക്ളീഷേ എന്ന് പറഞ്ഞ് ഗാനം നിരസിച്ചു എന്നുമുള്ള ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയുടെ ആരോപണവും വിവാദമായി.
ഈ പശ്ചാത്തലത്തിലാണ് കുറ്റം ഏറ്റെടുത്തുകൊണ്ട് സച്ചിദാനന്ദന്റെ പോസ്റ്റ്‌.
‘മറ്റുള്ളവരുടെ തെറ്റുകൾ, അഥവാ തെറ്റുകൾ എന്ന് വിലയിരുത്തപ്പെടുന്നവ ഏറ്റെടുത്ത് കുരിശിൽ ഏറുക ഒരു മഹത്പ്രവൃത്തിയാണ്. നിയമം യാന്ത്രികമായി അനുസരിച്ച ഒരു പാവം ഓഫീസ് ജീവനക്കാരിയുടെതായാലും, പ്രശസ്തനായ ഒരു പാട്ടെഴുത്തുകാരനോട് ഒരു ഗാനം ഒരു ഉദ്യോഗസ്ഥൻ വഴി ആവശ്യപ്പെടുകയും അത് സകാരണം തിരസ്കരിക്കുകയും ചെയ്ത ഒരു ഉദ്യോഗസ്ഥയുടേതായാലും.

ഞാൻ തികഞ്ഞ നിസ്സംഗതയോടെ എനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു. സെൻ ബുദ്ധിസം എന്നെ പഠിപ്പിച്ചത് അതാണ്, ബൈബിളും,’ സച്ചിദാനന്ദൻ പോസ്റ്റിൽ പറയുന്നു.
ശ്രീകുമാരൻ തമ്പിയോട് കേരളഗാനം എഴുതുമോ എന്ന് ചോദിക്കാൻ ആവശ്യപ്പെട്ടത് സാംസ്കാരിക സെക്രട്ടറിയാണെന്നും രചിച്ച ഗാനം തെരഞ്ഞെടുക്കാതിരുന്നത് സാംസ്കാരിക സെക്രട്ടറി കൂടി ഉൾപ്പെട്ട കമ്മിറ്റി ആണെന്നും സച്ചിദാനന്ദൻ നേരത്തെ ഫെയ്സ്ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു.

ഈ കാര്യം വിശദീകരിച്ച് ശ്രീകുമാരൻ തമ്പിക്ക് ഇമെയിൽ അയച്ചിട്ടുണ്ട് എന്നും സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടിയിരുന്നു.

രചനയും സംഗീതവും ഒരുപോലെ സർക്കാർ കമ്മിറ്റി അംഗീകരിക്കുമ്പോൾ മാത്രമേ അത് കേരള ഗാനം ആകൂവെന്നും ഒരു ഉപാധിയും ഇല്ലാതെ ശ്രീകുമാരൻ തമ്പിയോട് ഗാനം ആവശ്യപ്പെടാനാണ് സാംസ്കാരിക വകുപ്പ് സെക്രട്ടറി ആവശ്യപ്പെട്ടത് എന്നും സച്ചിദാനന്ദൻ പറഞ്ഞിരുന്നു.

Content Highlight: K Sachidanandan says he is responsible for controversies in which he had no role

We use cookies to give you the best possible experience. Learn more