തിരുവനന്തപുരം: എല്‍.ഡി.എഫ് എം.എല്‍.എമാരെ കോടികള്‍ വാഗ്ദാനം ചെയ്തത് കൂറുമാറ്റാന്‍ ശ്രമം നടന്നുവെന്ന റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദന്‍.
സി.പി.ഐ.എമ്മിലെ ഒരു വിഭാഗം എ.കെ. ശശീന്ദ്രനോടൊപ്പമാണ് നില്‍ക്കുന്നതെന്നും കാരണം അദ്ദേഹം മന്ത്രിയായിരുന്നാല്‍ വകുപ്പ് സി.പി.ഐ.എമ്മിന് കൈകാര്യം ചെയ്യാമെന്നും എം.കെ. സുരേന്ദ്രന്‍ പറഞ്ഞു.
എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാന്‍ വെച്ച കോടികള്‍ ഇങ്ങോട്ട് തന്നാല്‍ 10 സീറ്റ് തങ്ങള്‍ വേറെ ജയിച്ചോളാമെന്നും കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തങ്ങളെ വലിയ രീതിയില്‍ ബാധിക്കുന്ന ഒന്നാണ് പണം. ചാക്കിട്ട് പിടിക്കുന്നതിനേക്കാള്‍ നല്ലതല്ലേ അതെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
തോമസ് കെ. തോമസും, തോമസ് ചാണ്ടിയും കുട്ടനാട് മണ്ഡലത്തില്‍ വിജയിച്ചത് പണമെറിഞ്ഞിട്ടാണെന്നും സുരേന്ദ്രന്‍ പറയുകയുണ്ടായി.
ഇപ്പോഴത്തെ വിഷയങ്ങള്‍ എന്‍.സി.പിയിലെ ആഭ്യന്തര പ്രശ്‌നമാണ്. ആരെ ഉദ്ദേശിച്ചുള്ളതാണ് നിലവിലെ ആരോപണങ്ങളെന്ന് അറിയില്ല. തങ്ങള്‍ക്ക് ഇതില്‍ മറുപടി പറയേണ്ട ആവശ്യവുമില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. ഇത് ഇടതുപക്ഷത്തിന്റെ ഒരു പ്രചരണ വേലയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. മാധ്യമങ്ങള്‍ക്ക് വാര്‍ത്തകളുടെ സത്യസന്ധത അറിയാനുള്ള ക്ഷമയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
50 കോടിയല്ല 500 കോടി കൊടുത്താലും ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും പാര്‍ട്ടി മാറാന്‍ കഴിയില്ല. കാരണം നിയമസഭയില്‍ അവര്‍ ഏത് മുന്നണിയെയാണ് പ്രതിനിധീകരിക്കുന്നത് അതുസംബന്ധിച്ച് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇക്കാരണത്താല്‍ അവര്‍ക്ക് പാര്‍ട്ടി മാറാന്‍ കഴിയില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
തോമസ് കെ. തോമസ് ഈ രണ്ട് എം.എല്‍.എമാരെ ചാക്കിട്ട് പിടിച്ചിട്ട് സര്‍ക്കാര്‍ രൂപീകരിക്കാനൊന്നും പോകുന്നില്ലല്ലോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.
എന്‍.സി.പി (എസ്.പി) എം.എല്‍.എ തോമസ് കെ. തോമസിന് മന്ത്രിസ്ഥാനം നിഷേധിക്കാന്‍ കാരണമായത് മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച രഹസ്യവിവരമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്.
ബി.ജെ.പി സഖ്യകക്ഷിയായ അജിത് പവാര്‍ പക്ഷത്തേക്ക് 100 കോടി വാഗ്ദാനം ചെയ്ത് എല്‍.ഡി.എഫ് എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമം നടത്തിയെന്നായിരുന്നു വിവരം. 50 കോടി വീതം വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു നീക്കം.
തുടര്‍ന്ന് വിവരം സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്ററില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. പിന്നാലെയാണ് തോമസ് കെ. തോമസിന് മന്ത്രിസ്ഥാനം നിഷേധിച്ചുകൊണ്ട് തീരുമാനമുണ്ടാകുന്നത്.
Content Highlight: K. S urendran reacts to report against Thomas K. Thomas