കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഡി.പി.ആര്‍ തയാറാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 22 കോടി രൂപയെന്ന വാര്‍ത്തക്ക് പിന്നാലെ പരിഹാസവുമായി മുന്‍ എം.എല്‍.എ കെ.എസ്. ശബരിനാഥന്‍. അടിമുടി അഴിമതിക്കാലം ആരംഭിച്ചുകഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.
ഡി.പി.ആര്‍ തയാറാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 22 കോടി രൂപ എന്ന വാര്‍ത്തയുടെ പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗൂഗിള്‍ മാപ്പും 4ജിയുടെ ഹൈസ്പീഡ് ബ്രോഡ്ബാന്‍ന്റിന്റെയും സാധ്യതകള്‍ ഉപയോഗിച്ച് തയാറാക്കിയ ഡി.പി.ആറിനാണ് 22 കോടി നല്‍കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘മറ്റൊരു സില്‍വര്‍ലൈന്‍ അപാരത. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച്, 4ജി യുടെയും ഹൈസ്പീഡ് ബ്രോഡ്ബാന്‍ന്റിന്റെയും സാധ്യതകള്‍ പരമാവധി ഉപയോഗിച്ച് വീട്ടിലിരുന്ന് അപൂര്‍ണമായ, സാങ്കേതികത്തികവ് ഇല്ലാത്ത ഡി.പി.ആര്‍. തയാറാക്കിയ കമ്പനിക്ക് കേരള സര്‍ക്കാര്‍ നല്‍കിയത് 22 കോടി രൂപ.
അടിമുടി അഴിമതിക്കാലം ആരംഭിച്ചു. ഇനി സ്ഥലമേറ്റെടുപ്പ്, സര്‍വേക്കല്ല്, മഞ്ഞ പെയിന്റ്, മെഷിനറി, റോളിങ് സ്റ്റോക്ക്, കോച്ച്, ജപ്പാന്‍ സഹായം എന്തൊക്ക ചെയ്യാനുണ്ട് ഗയ്സ്!,’ ശബരിനാഥന്‍ ഫേസ്ബുക്കില്‍ എഴുതി.
മുന്‍ഗണനാ സാധ്യതാ പഠനം, ഡി.പി.ആര്‍ തയാറാക്കല്‍ എന്നിവയ്ക്കാണ് സര്‍ക്കാര്‍ ഇത്രയും തുക ചെലവഴിച്ചത്. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സിസ്ട്രയ്ക്കാണ് 22 കോടി രൂപ നല്‍കിയത്.
അതേസമയം, സില്‍വര്‍ ലൈനിന് ഇപ്പോള്‍ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളം നല്‍കിയ ഡി.പി.ആര്‍ പൂര്‍ണമല്ലെന്നും പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു.
റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവാണ് പാര്‍ലമെന്റില്‍ കേന്ദ്ര നിലപാട് പറഞ്ഞത്. സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. സാമൂഹിക ആഘാത പഠനത്തിനുള്ള നടപടികള്‍ മാത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും റെയില്‍വെ മന്ത്രി അറിയിച്ചിരുന്നു.
കേരളത്തില്‍ നിന്നുള്ള എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രനും കെ. മുരളീധരനും ലോക്സഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ടെക്‌നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഡി.പി.ആറില്‍ ഇല്ലെന്ന് മന്ത്രി പറഞ്ഞിരുന്നു.
ഏറ്റെടുക്കേണ്ട റെയില്‍വേ, സ്വകാര്യ ഭൂമി എന്നിവയുടെ കണക്ക് കാണിക്കണം. പരിസ്ഥിതി പഠനം നടത്തണം. ഇവയൊക്കെ പരിശോധിച്ചതിനു ശേഷം മാത്രമേ പദ്ധതിക്ക് അനുമതി നല്‍കാനാകൂ എന്നുമാണ് മന്ത്രി പറഞ്ഞത്.
CONTENT HIGHLIGHTS : K.S. Sabrinathan Responds Following the news that the government has so far spent Rs 22 crore to prepare the DPR for the Silver Line project,