തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്റെ വിവാദ പരാമര്‍ശത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരിനാഥന്‍.
ഇന്ദ്രന്‍സ് തലയെടുപ്പുള്ള നടനാണെന്നും വകുപ്പ് മന്ത്രി വാസവന്‍ ഐ.എഫ്.എഫ്.കെയില്‍ പോയി കൂടുതല്‍ പഠിക്കണമെന്നും വിശാല മനസുള്ള മനുഷ്യനാകണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോണ്‍ഗ്രസിനിപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിയിരിക്കുന്നുവെന്ന വാസവന്റെ പരാമര്‍ശത്തിനെതിരെയാണ് ശബരിനാഥന്‍ രംഗത്തെത്തിയിത്.
‘ശ്രീ ഇന്ദ്രന്‍സ് മലയാള സിനിമയിലെ തലയെടുപ്പുള്ള നടനാണ്, കേരള സ്റ്റേറ്റ് അവാര്‍ഡും സിംഗപ്പൂര്‍ അന്താരാഷ്ട്ര ഫിലിം അവാര്‍ഡും നേടിയ വ്യക്തിയാണ്, അതിനെല്ലാം മീതെ നിഷ്‌കളങ്കനായ, സത്യസന്ധനായ ഒരു മനുഷ്യനാണ്.
പഴയ ഫ്യൂഡല്‍ മനസ്സോടെ മാത്രം സിനിമയെയും നായകസങ്കല്പങ്ങളെയും സമീപിക്കുന്ന ബഹു. സാംസ്‌കാരിക മന്ത്രി ശ്രീ വി.എന്‍. വാസവനോട് ഒരു അപേക്ഷ മാത്രം, അങ്ങയുടെ വകുപ്പ് നടത്തുന്ന ഐ.എഫ്.എഫ്.കെയില്‍ പോയി നല്ല ഒരു പിടി ചിത്രങ്ങള്‍ കാണുക, ഡെലഗേറ്റുകളുമായി സംവദിക്കുക, കൂടുതല്‍ പഠിക്കുക, അതിലൂടെ വിശാല മനസുള്ള ഒരു മനുഷ്യനാകാന്‍ ശ്രമിക്കുക,’ എന്നാണ് ശബരിനാഥന്‍ എഴുതിയത്.
‘ഇടത് ബുദ്ധിജീവികളോട് ഒരു ചോദ്യം? ഇത് ബോഡി ഷെയിമിങ്ങില്‍ പെടുമോ? അല്ലെങ്കില്‍ ആ ക്യാപ്സ്യൂള്‍ അറിഞ്ഞാല്‍ കൊള്ളാം,’ എന്നാണ് വിഷയത്തില്‍ ടി. സിദ്ദീഖ് എം.എല്‍.എ ഫേസ്ബുക്കില്‍ എഴുതിയത്.
അതേസമയം, വാസവന്റെ പരാമര്‍ശം നിയമസഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തതായി സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അറിയിച്ചു.
‘സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി തന്നതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി?
യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പൊതുവിലെടുത്താല്‍ ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഉള്ളപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നു,’ എന്നാണ് വാസവന്‍ പറഞ്ഞത്.
2022ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിനിടെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ വിജയവും ഹിമാചലിലെ സി.പി.ഐ.എമ്മിന്റെ തോല്‍വിയും ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ അംഗങ്ങളുടെ ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കവെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.
എന്നാല്‍, മന്ത്രിയുടെ പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന് ബോഡി ഷെയിമിങ് പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു.
Content Highlight: K.S. Sabrinathan against V.N. Vasavan’s controversial remarks on actor Indrans