കോഴിക്കോട്: ശശി തരൂര്‍ എം.പിയെ പങ്കെടുപ്പിച്ചുള്ള സെമിനാറില്‍ നിന്ന് പിന്‍വാങ്ങിയ യൂത്ത് കോണ്‍ഗ്രസ് നടപടിയെ വിമര്‍ശിച്ച് സംഘടനടയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരിനാഥന്‍. കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസ് എം.പിയായി മൂന്ന് വട്ടം വിജയിച്ച ശശി തരൂര്‍ പങ്കെടുക്കാമായിരുന്ന പരിപാടി ഒഴിവാക്കാന്‍ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഈ ലോകത്ത് വേദികള്‍ക്ക് ദൗര്‍ലഭ്യമുള്ള വ്യക്തിയല്ല ശശി തരൂരെന്നും ശബരി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നാളെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന പ്രോഗ്രാം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് തന്നെയാണ്. മലബാറിന്റെ മണ്ണില്‍ കോണ്‍ഗ്രസിന്റെ മതേതര സ്വഭാവം ഉയര്‍ത്തികാട്ടുവാന്‍ ഈ പ്രോഗ്രാമിലൂടെ ഡോ. ശശി തരൂരിന് കഴിയുമായിരുന്നു. എന്നാല്‍ ഈ പ്രോഗ്രാം മാറ്റുവാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് നിര്‍ദേശം വന്നു എന്ന് മാധ്യമങ്ങള്‍ മുഖാന്തരം അറിഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയുടെ മണ്ണില്‍ സവര്‍ക്കര്‍ക്കെതിരെ ഇന്നലെ രാഹുല്‍ ഗാന്ധി മുഖം നോക്കാതെ നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ആവേശം നല്‍കുമ്പോള്‍ ഇവിടെ എന്തിനാണ് ഈ നടപടി? സമാനമായ ആശയമല്ലേ ഈ വേദിയില്‍ കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസ് എം.പിയായി മൂന്ന് വട്ടം വിജയിച്ച ശശി തരൂരും പങ്കിടുമായിരുന്നത്. അത് കോണ്‍ഗ്രസിന് നല്‍കുന്ന രാഷ്ട്രീയ പ്രാധാന്യം എന്ത് മികവുറ്റതാകുമായിരുന്നു.
പിന്നെ ഒരു കാര്യം കൂടി, അദ്ദേഹത്തിനാണോ ഈ ലോകത്തില്‍ വേദികള്‍ക്ക് ദൗര്‍ലഭ്യം? ഈ വിവാദം ഒഴിവാക്കാമായിരുന്നു,’ ശബരിനാഥന്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് നടത്താനിരുന്ന പരിപാടിയില്‍ നിന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ പിന്മാറ്റം. ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു’ സെമിനാര്‍ തീരുമാനിച്ചത്.
ശശി തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കള്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പിന്മാറ്റം.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടിയില്‍ നിന്ന് അവര്‍ പിന്മാറിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അനുകൂല സാംസ്‌കാരിക സംഘടന ഏറ്റെടുത്തു. കൊടുവള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജവഹര്‍ ഫൗണ്ടേഷനാണ് സെമിനാര്‍ നടത്തുക.
CONTENT HIGHLIGHT:K S Sabarinadhan criticized the Youth Congress’ action of withdrawing from the seminar attended by MP Shashi Tharoor