|

ആ സീന്‍ ഞാന്‍ ചെയ്യില്ലെന്നും തന്നെ അങ്ങനെ കാണാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നില്ലെന്നും രജിനി സാര്‍ എന്നോട് പറഞ്ഞു: കെ.എസ്. രവികുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് കെ.എസ്. രവികുമാര്‍. നാട്ടാമൈ, പടയപ്പ, തെനാലി, പഞ്ചതന്ത്രം, അവ്വൈ ഷണ്മുഖി, ദശാവതാരം തുടങ്ങി തമിഴിലെ മികച്ച സിനിമകളെല്ലാം പിറന്നത് കെ.എസ്. രവികുമാറിലൂടെയാണ്. സംവിധാനത്തിന് പുറമെ അഭിനയത്തിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. രജിനികാന്തിനെ നായകനാക്കി കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് പടയപ്പ.

ഇന്നും പലരുടെയും ഇഷ്ടചിത്രങ്ങളുടെ ലിസ്റ്റില്‍ പടയപ്പയും ഉണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ഓര്‍മകള്‍ പങ്കുവെക്കുകയാണ് കെ.എസ്. രവികുമാര്‍. ചിത്രത്തില്‍ രജിനികാന്തിന്റെ മാസ് സൈഡ് മാത്രമാണ് ഫോക്കസ് ചെയ്തതെന്നും ഇമോഷണല്‍ സീനിന് പ്രാധാന്യം കൊടുക്കണമെന്ന ചിന്തയില്‍ താന്‍ ഒരു സീന്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നെന്നും രവികുമാര്‍ പറഞ്ഞു.

എന്നാല്‍ ഇമോഷണല്‍ സീനുകള്‍ ചെയ്യാന്‍ രജിനികാന്തിന് മടിയായിരുന്നെന്നും അത്തരം സീനുകള്‍ വേണ്ടെന്ന് തന്നോട് പറയുകയും ചെയ്‌തെന്ന് രവികുമാര്‍ കൂട്ടിച്ചേര്‍ത്തു. വീടും സ്വത്തും നഷ്ടപ്പെട്ട ശേഷം സ്വന്തം സഹോദരിയെ സമാധാനിപ്പിക്കുന്ന സീനായിരുന്നു താന്‍ എടുക്കാന്‍ ഉദ്ദേശിച്ചതെന്ന് രവികുമാര്‍ പറഞ്ഞു.

എന്നാല്‍ ആ സീന്‍ തനിക്ക് ചെയ്യാന്‍ പറ്റില്ലെന്ന് രജിനികാന്ത് പറഞ്ഞെന്നും താന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ച് ചെയ്യിച്ചെന്നും രവികുമാര്‍ കൂട്ടിച്ചേര്‍ത്തു. സിംഗിള്‍ ഷോട്ടിലാണ് ആ സീന്‍ ചെയ്തതെന്നും ആ സീനിന്റെ ഒടുവില്‍ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞെന്നും രവികുമാര്‍ പറഞ്ഞു. തിയേറ്ററില്‍ ആ സീനിന് വലിയ കൈയടികളായിരുന്നെന്നും അത് തനിക്ക് സന്തോഷം നല്‍കിയെന്നും രവികുമാര്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ തമിഴിനോട് സംസാരിക്കുകയായിരുന്നു കെ.എസ്. രവികുമാര്‍.

‘പടയപ്പയെപ്പറ്റി ഇന്നും ആളുകള്‍ സംസാരിക്കുന്നത് ഒരു മാസ് പടമെന്ന രീതിയിലാണ്. എന്നാല്‍ വെറും മാസ് മാത്രമാക്കി ആ സിനിമ ചെയ്യുന്നതിനോട് എനിക്ക് താത്പര്യമില്ലായിരുന്നു. ആളുകളിലേക്ക് ആ കഥ ഇമോഷണലി കണക്ട് ആക്കാന്‍ എന്തെങ്കിലുമൊക്കെ വേണമായിരുന്നു. അങ്ങനെ ഒരു ഇമോഷണല്‍ സീനിന്റെ കാര്യം ഞാന്‍ രജിനി സാറിനോട് പറഞ്ഞു.

കേട്ട ഉടനെ ‘അത് പറ്റില്ല, ഞാന്‍ ഇമോഷണല്‍ സീന്‍ ചെയ്താല്‍ ശരിയാവില്ല. കൈയടിക്കാന്‍ വരുന്നവര്‍ കൂവും’ എന്ന് രജിനി സാര്‍ പറഞ്ഞു. ഒടുവില്‍ എങ്ങനെയൊക്കെയോ അദ്ദേഹത്തെക്കൊണ്ട് സമ്മതിപ്പിച്ചു. സിംഗിള്‍ ഷോട്ടായിട്ടാണ് അത് എടുത്തത്. ആ സീനിന്റെ അവസാനം അദ്ദേഹത്തിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. സ്വത്തും വീടും എല്ലാം പോയ ശേഷം സ്വന്തം സഹോദരിയെ സമാധാനിപ്പിക്കുന്ന സീനായിരുന്നു അത്. തിയേറ്ററില്‍ ആ സീനിന് വന്‍ കൈയടിയായിരുന്നു. അത് കണ്ട് എനിക്ക് സന്തോഷമായി,’ കെ.എസ്. രവികുമാര്‍ പറയുന്നു.

Content Highlight: K S Ravikumar shares the shooting experience of Padayappa movie with Rajnikanth

Video Stories