താനും കമല്‍ ഹാസനുമയുള്ള ബന്ധം വിശദീകരിക്കുകയാണ് സംവിധായകനും നടനുമായ കെ.എസ് രവികുമാര്‍. കമല്‍ ഹാസന്റെ സ്വപ്‌ന ചിത്രമായ മരുത നായകത്തിന്റെ ഷൂട്ട് മുടങ്ങിയ സമയത്താണ് താന്‍ ആദ്യമായി നിര്‍മാണ രംഗത്തേക്കിറങ്ങിയതെന്ന് രവികുമാര്‍ പറഞ്ഞു. പുതിയ ചിത്രമായ ഹിറ്റ് ലിസ്റ്റിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് രവികുമാര്‍ ഇക്കാര്യം പറഞ്ഞത്. ‘ഹേ റാം’, ‘തെനാലി’ എന്നീ സിനിമകളെക്കുറിച്ചാണ് രവികുമാര്‍ പറഞ്ഞത്.
മരുതനായകം ഷൂട്ട് മുടങ്ങിയപ്പോള്‍ ആ സമയത്ത് രണ്ട് സിനിമകള്‍ ചെയ്ത് തീര്‍ക്കാമെന്ന് കമല്‍ തന്നോട് പറഞ്ഞുവെന്നും അതില്‍ ഒരു സിനിമ കമല്‍ തന്നെ നിര്‍മിച്ച് സംവിധാനം ചെയ്യുമെന്നും ആ സിനിമയാണ് ഹേ റാമെന്നും രവികുമാര്‍ പറഞ്ഞു. രണ്ടാമത്തെ സിനിമ തന്നോട് സംവിധാനം ചെയ്യാന്‍ പറഞ്ഞെന്നും നിര്‍മാതാക്കളെ കിട്ടാതായപ്പോള്‍ കമല്‍ തന്നെയാണ് ആ സിനിമ തന്നോട് നിര്‍മിക്കാന്‍ നിര്‍ദേശിച്ചതെന്നും ആ സിനിമയാണ് തെനാലിയെന്നും രവികുമാര്‍ കൂട്ടിച്ചേര്‍ത്തു.
‘മരുതനായകം സിനിമയുടെ ഷൂട്ട് പല കാരണങ്ങളും കൊണ്ട് മുടങ്ങിപ്പോയി. ആ സമയത്ത് കമല്‍ എന്നെ വിളിച്ചിട്ട് ഞാന്‍ രണ്ട് സിനിമ ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞു. അതിലൊന്ന് ഒരു പീരിയോഡിക് സിനിമയാണെന്നും മറ്റൊന്ന് കോമഡി സിനിമയാണെന്നും കമല്‍ പറഞ്ഞു. ആദ്യത്തെ സിനിമ അയാള്‍ തന്നെ പ്രൊഡ്യൂസ് ചെയ്ത് സംവിധാനവും ചെയ്യാമെന്ന് പറഞ്ഞു. ആ സിനിമയായിരുന്നു ഹേ റാം. മരുതനായകം മുടങ്ങിയതുകൊണ്ടാണ് ഹേ റാം ആ സമയത്ത് ചെയ്തത്.
രണ്ടാമത്തെ കോമഡി സിനിമ എന്നോട് സംവിധാനം ചെയ്യാന്‍ പറഞ്ഞു. അതിന് മുമ്പ് ഞങ്ങള്‍ അവ്വൈ ഷണ്മുഖിക്ക് വേണ്ടി ഒന്നിച്ചിരുന്നു. രണ്ടാമത്തെ സിനിമയായിരുന്നു തെനാലി. അതിന് വേണ്ടി കമല്‍ ഒരുപാട് നിര്‍മാതാക്കളെ സമീപിച്ചു. ആരെയും ആ സമയത്ത് കിട്ടിയില്ല. അവസാനം എന്നോട് ആ സിനിമ നിര്‍മിക്കാന്‍ നിര്‍ദേശിച്ചു. ഷൂട്ട് തീരുന്നതു വരെ എന്റെ ഓഫീസില്‍ തന്നെ നില്‍ക്കാമെന്ന് ഉറപ്പും തന്നു. അങ്ങനെയാണ് തെനാലി എന്ന സിനിമ ഞാന്‍ ചെയ്തത്. പ്രതീക്ഷിച്ചതു പോലെ ആ സിനിമ ഹിറ്റായി,’ രവികുമാര്‍ പറഞ്ഞു.
Content Highlight: K S Ravikumar saying he produced Thenali because of Kamal Haasan