| Thursday, 30th May 2024, 6:31 pm

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ റീമേക്ക് റൈറ്റ്‌സ് വാങ്ങാന്‍ ഒറ്റക്കാരണമേ ഉണ്ടായിരുന്നുള്ളൂ: കെ.എസ് രവികുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴില്‍ ഒട്ടനവധി ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തയാളാണ് കെ.എസ് രവികുമാര്‍. പടയപ്പ, ദശാവതാരം, നാട്ടാമൈ തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത രവികുമാര്‍ ഇപ്പോള്‍ അഭിനയത്തിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. 2019ല്‍ പുറത്തിറങ്ങിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന സിനിമയുടെ തമിഴ് റീമേക്കില്‍ അഭിനയിച്ചതിന്റെ അനുഭവം രവികുമാര്‍ പങ്കുവെച്ചു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

തന്റെ രണ്ട് അസിസ്റ്റന്റ്‌സ് ആദ്യമായി സംവിധാനം ചെയ്ത സിനിമ എന്ന നിലക്ക് അതില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ കണ്ടപ്പോള്‍ അത്രയും ഗംഭീരമായിട്ടുള്ള ഒരു കഥാപാത്രം തന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുമോ എന്ന് പേടിച്ചുവെന്നും രവികുമാര്‍ പറഞ്ഞു. ആദ്യത്തെ നിര്‍മാതാവ് റീമേക്കിന്റെ റൈറ്റ്‌സ് വാങ്ങാത്തതു കൊണ്ട് താന്‍ അതിന്റെ നിര്‍മാണത്തിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നുവെന്നും രവികുമാര്‍ കൂട്ടിച്ചേര്‍ത്തു.

‘എന്റെ രണ്ട് അസിസ്റ്റന്റ്‌സ് ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ഗൂഗിള്‍ കുട്ടപ്പ. ആ സിനിമയില്‍ ഞാന്‍ അഭിനയിക്കണമെന്ന് അവര്‍ എന്നോട് വന്നു പറഞ്ഞു. നമുക്ക് അറിയാവുന്ന പിള്ളേരായതുകൊണ്ട് അഭിനയിക്കാമെന്ന് സമ്മതിച്ചു. അതിന് മുമ്പ് ഒറിജിനല്‍ വേര്‍ഷന്‍ ഒന്ന് കാണാമെന്ന് വിചാരിച്ച് കണ്ടുനോക്കി. സത്യം പറഞ്ഞാല്‍ സുരാജിന്റെ പെര്‍ഫോമന്‍സ് കണ്ട് അന്തം വിട്ടു. ഈ ക്യാരക്ടര്‍ ഞാന്‍ എങ്ങനെ തമിഴില്‍ ചെയ്യുമെന്ന് ആലോചിച്ച് പേടിയായി.

ഷൂട്ട് തുടങ്ങാറായപ്പോഴും അതിന്റെ പ്രൊഡ്യൂസര്‍ക്ക് തണുപ്പന്‍ രീതിയായിരുന്നു. മലയാളത്തില്‍ നിന്ന് റീമേക്ക് റൈറ്റ്‌സ് പോലും വാങ്ങിയിട്ടുണ്ടായിരുന്നില്ല. അവസാനം ഞാന്‍ മുന്നിട്ടിറങ്ങി റീമക്കിന്റെ റൈറ്റ്‌സ് വാങ്ങി അത് പ്രൊഡ്യൂസ് ചെയ്തു. കാരണം, എന്റെ അസിസ്റ്റന്റുമാരുടെ ആദ്യ സിനിമ മുടങ്ങാന്‍ പാടില്ല എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു,’ രവികുമാര്‍ പറഞ്ഞു.

Content Highlight: K S Ravikumar about the Tamil remake of Android Kunjappan

We use cookies to give you the best possible experience. Learn more