ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്‌നമൊന്നും ഇപ്പോള്‍ ബി.ജെ.പിയുടെ പരിഗണനയിലില്ല: കെ.എസ് രാധാകൃഷ്ണന്‍
Kerala News
ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്‌നമൊന്നും ഇപ്പോള്‍ ബി.ജെ.പിയുടെ പരിഗണനയിലില്ല: കെ.എസ് രാധാകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th January 2021, 4:52 pm

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും പരിഹരിക്കപ്പെടാനാകാതെ സംസ്ഥാന ബി.ജെ.പിയിലെ നേതാക്കളുമായുള്ള തര്‍ക്കങ്ങള്‍. ശോഭാ സുരേന്ദ്രനുമായി ബന്ധപ്പട്ട് നിലനില്‍ക്കുന്ന പ്രശ്‌നം പാര്‍ട്ടിയുടെ പരിഗണനയില്‍ ഇല്ലെന്ന് ബി.ജെ.പി നേതാവ് ഡോ. കെ. എസ് രാധാകൃഷ്ണന്‍ പറഞ്ഞത്.

ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും പാര്‍ട്ടിയുടെ ഒരു യോഗത്തിലും അജണ്ടയായിട്ടില്ല. എന്നാല്‍ ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ ഇടമുള്ള നേതാവാണെന്നും അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ടെന്നും കെ.എസ് രാധാകൃഷ്ണന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും പ്രധാന നേതാക്കളെല്ലാവരും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും കെ.എസ് രാധാകൃഷ്ണന്‍ പറഞ്ഞു.

കരുനാഗപ്പള്ളിയില്‍ കെ.എസ്.രാധാകൃഷ്ണനായിരിക്കും മത്സരിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ബി.ജെ.പിയുടെ സാധ്യതാ പട്ടികയില്‍ ശോഭാ സുരേന്ദ്രന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല.

ശോഭാസുരേന്ദ്രനുമായുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കേണ്ടതായിരുന്നെന്ന് നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ പരാജയം വിലയിരുത്തവെ മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ പറഞ്ഞിരുന്നു.

തര്‍ക്കങ്ങള്‍ പാര്‍ട്ടിക്കകത്ത് തന്നെ വിലയിരുത്തി ഉടന്‍ പരിഹരിച്ച് പോകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഒ. രാജഗോപാല്‍ ഇത്തവണ മത്സര രംഗത്ത് ഇല്ലാത്തതിനാല്‍ നേമത്ത് കുമ്മനം രാജ ശേഖരനാവും ബി.ജെ.പി സ്ഥാനാര്‍ത്ഥി. കാട്ടാക്കടയില്‍ പി.കെ.കൃഷ്ണദാസായിരിക്കും മത്സരിക്കുക.

വട്ടിയൂര്‍ക്കാവില്‍ വി.വി.രാജേഷ്, കഴക്കൂട്ടത്ത് കെ.സുരേന്ദ്രന്‍ എന്നിവര്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

പാറശ്ശാലയില്‍ കരമന ജയന്‍, ആറ്റിങ്ങലില്‍ ബി.എല്‍.സുധീര്‍, കുന്നത്തൂരില്‍ രാജി പ്രസാദ്, ചാത്തന്നൂരില്‍ ബി.ബി.ഗോപകുമാര്‍, കോഴിക്കോട് സൗത്തില്‍ എം.ടി.രമേശ്, തൃപ്പൂണിത്തുറയില്‍ പി.ആര്‍.ശിവശങ്കര്‍ എന്നിവരെ പരിഗണിക്കും.

തൃശൂരില്‍ സന്ദീപ് വാര്യര്‍, ബി.ഗോപാലകൃഷ്ണന്‍, അനീഷ്‌കുമാര്‍ എന്നിവര്‍ക്ക് സാധ്യതയുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K S Radhakrishnan says issues related to Sobha Surendran is not party’s mandate